ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്-ആര്‍സിബി മത്സരത്തിന് ശേഷം നടന്നത് അപ്രതീക്ഷിത സംഭവമാണ്. 2013ന് ശേഷം വീണ്ടും വിരാട് കോലിയും ഗൗതം ഗംഭീറും പരസ്പരം പോരടിച്ച് നേര്‍ക്കുനേര്‍ എത്തുന്നതാണ് ലഖ്‌നൗവില്‍ കണ്ടത്. ഇന്ത്യക്കായി ഒരുമിച്ച് ഏറെ നാള്‍ കളിച്ച കോലിയും ഗംഭീറും ശത്രുക്കളെപ്പോലെ ഏറ്റുമുട്ടുന്നത് ആരാധകരെ നിരാശപ്പെടുത്തുന്ന കാഴ്ചയാണ്.
രണ്ട് പേരും ഇന്ത്യന്‍ ആരാധകരുടെ ഹൃദയം കീഴടക്കിയവരാണ്. അതുകൊണ്ട് തന്നെ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് അത്ര സന്തോഷം നല്‍കുന്ന കാഴ്ചയല്ല. വിരാട് കോലി ഇന്ത്യന്‍ ടീമിലേക്കെത്തിയപ്പോള്‍ ഗൗതം ഗംഭീര്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു. കോലിയുടെ തുടക്ക സമയത്ത് വലിയ പിന്തുണ നല്‍കിയ താരങ്ങളിലൊരാളാണ് ഗംഭീര്‍.

ശ്രീലങ്കയ്‌ക്കെതിരേ കോലി കന്നി ഏകദിന സെഞ്ച്വറി നേടിയ മത്സരത്തില്‍ കളിയിലെ താരമായത് ഗൗതം ഗംഭീറായിരുന്നു. എന്നാല്‍ അന്ന് കോലിക്ക് തന്റെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിച്ചാണ് ഗംഭീര്‍ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ചത്. കോലിയുടെ നേട്ടങ്ങളില്‍ വലിയ പിന്തുണയും പ്രോത്സാഹനവും നല്‍കിയ ഗംഭീര്‍ എങ്ങനെ ശത്രുവായി മാറി. 2013ലെ ഐപിഎല്ലാണ് അതിന്റെ കാരണം.
ഗംഭീര്‍ അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു. വിരാട് കോലിയുടെ വിക്കറ്റ് വീണതിന് പിന്നാലെ ഗംഭീര്‍ നടത്തിയ ആഘോഷത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തു. അന്ന് അടിയുടെ വക്കോളമെത്തിയെങ്കിലും സഹതാരങ്ങള്‍ ചേര്‍ന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ശത്രുത ആരംഭിച്ചതെന്ന് പറയാം. എന്നാല്‍ പിന്നീടും ഇരുവരും ഇന്ത്യക്കായി ഒന്നിച്ച് കളിച്ചു.
2016ല്‍ ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഗംഭീര്‍ ഇടം പിടിച്ചത് നായകനായ വിരാട് കോലിയുടെ ഇടപെടലിനെത്തുടര്‍ന്നാണ്. എന്നാല്‍ രണ്ട് ടെസ്റ്റിന് ശേഷം ഗംഭീര്‍ തഴയപ്പെട്ടു. ഇതാണ് കോലി കളിച്ച അവസാന ടെസ്റ്റും. 2016ല്‍ കോലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗംഭീര്‍ പോസ്റ്റിട്ടിരുന്നു. കോലി ഇതിന് നന്ദിയും പറഞ്ഞിരുന്നു.
വിരമിച്ചതിന് ശേഷം ഗൗരവ് കപൂറിന് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ കോലിയുമായുള്ള ഉടക്കിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കോലിയോട് ശത്രുതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പിന്നീട് അവസരം ലഭിക്കുമ്പോഴെല്ലാം കോലിയെ ഗംഭീര്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ നായകസ്ഥാനം വളരെയധികം മോഹിച്ചിരുന്ന താരമാണ് ഗംഭീര്‍. എംഎസ് ധോണിയുടെ വളര്‍ച്ചയില്‍ ഗംഭീര്‍ ഒതുങ്ങിപ്പോയി.

പിന്നീട് വിരാട് കോലിയെ നായകസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നപ്പോഴും ഗംഭീര്‍ തഴയപ്പെട്ടു. ഇതിന്റെ കലിപ്പ് കോലിയോടും ഗംഭീറിനുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടാന്‍ ഗംഭീറിനായിരുന്നു. രണ്ട് ഫൈനലിലും ഗംഭീര്‍ ഫിഫ്റ്റിയാണ് നേടിയത്. 2011ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ഗംഭീറായിരുന്നു.
മൂന്ന് റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യന്‍ ജയത്തില്‍ ഗംഭീറിന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്. എന്നാല്‍ തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ചവെച്ച നായകന്‍ എംഎസ് ധോണി സിക്‌സറിലൂടെ ഫിനിഷ് ചെയ്ത് കൈയടി നേടുകയും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. ഇതില്‍ ഗംഭീറിന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതോടെ ധോണിയോടും ഗംഭീര്‍ ശത്രുത പുലര്‍ത്തി.
ലഖ്‌നൗവില്‍ കണ്ടത് പഴയ ശത്രുതയുടെ ബാക്കിയാണ്. 2013 മുതല്‍ ഇരുവരും മനസിലിട്ട് നീറിക്കുന്ന ശത്രുത ഇടക്കിടെ മറനീക്കി പുറത്തുവരും. വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടം ഉണ്ടായാല്‍ രണ്ട് താരങ്ങളും തമ്മില്‍ വീണ്ടും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കാനുള്ള സാധ്യതകളേറെയാണ്. എന്തായാലും ഇന്ത്യന്‍ താരങ്ങളുടെ തമ്മിലടി വളരെ നാണക്കേടാണെന്ന് തന്നെ പറയാം.