ലഖ്‌നൗ: ഐപിഎല്ലില്‍ മികച്ച ഫോമില്‍ മുന്നേറിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അവരുടെ മൈതാനത്തു തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഗംഭീര തിരിച്ചുവരവ്. ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചില്‍ ചെറിയ സ്‌കോറിലൊതുങ്ങിയിട്ടും ഗംഭീര ബൗളിങിലൂടെ ആര്‍സിബി അതിനെ പ്രതിരോധിക്കുകയായിരുന്നു. 18 റണ്‍സിന്റെ വിജയമാണ് ഫഫ് ഡുപ്ലെസിയും സംഘവും സ്വന്തമാക്കിയത്.
ഇതോടെ നേരത്തേ നടന്ന ആദ്യപാദത്തില്‍ ലഖ്‌നൗവിനോടു അവസാന ബോളിലേറ്റ പരാജയത്തിനു ആര്‍സിബി കണക്കുതീര്‍ക്കുകയും ചെയ്തു. 127 റണ്‍സിന്റെ വിജയലക്ഷ്യമാണ് ലഖ്‌നൗവിനു മുന്നില്‍ ആര്‍സിബി വച്ചത്. പക്ഷെ തുടക്കം മുതല്‍ വിക്കറ്റുകളെടുത്ത് അവര്‍ എതിരാളികള്‍ക്കു മൂക്കുകയറിടുകയായിരുന്നു. ഒരു ബോള്‍ ബാക്കിനില്‍ക്കെ 108ന് ലഖ്‌നൗ ഓള്‍ഔട്ടായി. സ്‌കോര്‍- ആര്‍സിബി ഒമ്പതിന് 126, ലഖ്‌നൗ 19.5 ഓവറില്‍ 108.

ലഖ്‌നൗ ബാറ്റിങ് നിരയില്‍ 20ന് മുകളില്‍ നേടിയത് കൃഷ്ണപ്പ ഗൗതം മാത്രമാണ്. 13 ബോളില്‍ നിന്നും 23 റണ്‍സോടെ താരം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. ക്രുനാല്‍ പാണ്ഡ്യ (14), മാര്‍ക്കസ് സ്റ്റോയ്‌നിസ് (13), അമിത് മിശ്ര (19), നവീനുല്‍ ഹഖ് (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ആര്‍സിബി ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഫീല്‍ഡ് ചെയ്യവെ പരിക്കേറ്റു ഗ്രൗണ്ട് വിട്ട നായകന്‍ കെഎല്‍ രാഹുല്‍ 11ാമനായാണ് ബാറ്റ് ചെയ്യാനെത്തിയത്. മൂന്നു ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. ആര്‍സിബിക്കു വേണ്ടി കരണ്‍ ശര്‍മയും ജോഷ് ഹേസല്‍വുഡും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്വെല്‍, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
റണ്‍ചേസില്‍ തുടക്കം മുതല്‍ ലഖ്‌നൗവിനു പാളിയിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രണ്ടാമത്തെ ബോളില്‍ മിന്നുന്ന ഫോമിലുള്ള കൈല്‍ മയേഴ്‌സിനെ പുറത്താക്കി മുഹമ്മദ് സിറാജ് ലഖ്‌നൗവിനു മുന്നറിയിപ്പ് നല്‍കി. അനൂജ് റാവത്തായിരുന്നു ക്യാച്ചെടുത്തത്. പവര്‍പ്ലേയില്‍ മൂന്നു വിക്കറ്റുകള്‍ കൂടി പിഴുത് ആര്‍സിബി കളിയില്‍ പിടിമുറുക്കി.
താല്‍ക്കാലിക ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ (14), ഓപ്പണറായി പരീക്ഷിക്കപ്പെട്ട ആയുഷ് ബദോനി (4), ദീപക് ഹൂഡ (1) എന്നിവരാണ് പുറത്തായത്. ഇതോടെ ലഖ്‌നൗ നാലിു 27ലേക്കു വീണു. പിന്നീടൊരു തിരിച്ചുവരവ് അവര്‍ക്കു അസാധ്യമായിരുന്നു. വമ്പനടിക്കാരായ നിക്കോളാസ് പൂരന്‍ (9), മാര്‍ക്കസ് സ്റ്റോയ്‌നിസ് (13) എന്നിവരും പെട്ടെന്നു മടങ്ങിയതോട ലഖ്‌നൗ ആറിനു 65ലേക്കു കൂപ്പുകുത്തി.
ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ ആര്‍സിബിക്കു പ്രതീക്ഷിച്ചതു പോലെയൊരു ടോട്ടല്‍ പടുത്തുയര്‍ത്താനായില്ല. ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തിലാണ് അവര്‍ 126 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയും (44) വിരാട് കോലിയുമാണ് (31) പ്രധാന സ്‌കോറര്‍മാര്‍. ഡുപ്ലെസി 40 ബോളില്‍ ഓരോ ഫോറും സിക്‌സറും മാത്രമാണ് നേടിയത്.
കോലിയാവട്ടെ 30 ബോളില്‍ മൂന്നു ഫോറുകളുമടിച്ചു. ഇവരെക്കൂടാതെ ആറാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനു (16) മാത്രമേ ആര്‍സിബി നിരയില്‍ രണ്ടക്കം കടക്കാനായുള്ളൂ. അനൂജ് റാവത്ത് (9), ഗ്ലെന്‍ മാക്‌സ്വെല്‍ (4), സുയാഷ് പ്രഭുദേശായ് (6), മഹിപാല്‍ ലൊംറോര്‍ (3), വനിന്ദു ഹസരംഗ (8*), കരണ്‍ ശര്‍മ (2), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോറുകള്‍.

പതിവുപോലെ ഈ മല്‍സരത്തിലും മികച്ച തുടക്കമാണ് ഡുപ്ലെസി- കോലി സഖ്യം ആര്‍സിബിക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 62 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. 54 ബോളുകളില്‍ നിന്നായിരുന്നു ഇത്. എന്നാല്‍ രവി ബിഷ്‌നോയ്‌ക്കെതിരേ ക്രീസ് വിട്ട് കയറിയടിക്കാന്‍ ശ്രമിച്ച കോലിയെ സ്റ്റംപ് ചെയ്ത് ലഖ്‌നൗ ആദ്യ ബ്രേക്ക്ത്രൂ സ്വന്തമാക്കുകയായിരുന്നു.
പിന്നീട് ആര്‍സിബി ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. 59 റണ്‍സെടുക്കുന്നതിനിടെയാണ് ഒമ്പതു വിക്കറ്റുകള്‍ ആര്‍സിബി കൈവിട്ടത്. മൂന്നു വിക്കറ്റുകള്‍ പിഴുത അഫ്ഗാനിസ്താന്‍ പേസര്‍ നവീനുല്‍ ഹഖാണ് ലഖ്‌നൗ ബൗളര്‍മാരില്‍ മികച്ചുനിന്നത്. രവി ബിഷ്‌നോയ്, അമിത് മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു.
ടോസിനു ശേഷം ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് ആര്‍സിബി ഇറങ്ങിയത്. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്കു തിരിച്ചെത്തി. മോശം ഫോമിലുള്ള ഷഹബാസ് അഹമ്മദിനു പകരം അനൂജ് റാവത്തും കളിക്കുകയായിരുന്നു. മറുഭാഗത്തു ലഖ്‌നൗ ടീമില്‍ ഒരു മാറ്റമാണ് വരുത്തിയത്. ആവേശ് ഖാനു പകരം കളിച്ചത് കെ ഗൗതമായിരുന്നു.
പ്ലെയിങ് ഇലവന്‍
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, നവീനുല്‍ ഹഖ്, രവി ബിഷ്‌നോയ്, അമിത് മിശ്ര, കെ ഗൗതം, യഷ് ടാക്കൂര്‍.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മഹിപാല്‍ ലൊംറോര്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായ്, വനിന്ദു ഹസരംഗ, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.