മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പഞ്ചാബിനോട് തോറ്റതിന് പലിശയടക്കം വീട്ടുന്ന ജയമാണ് കെ എല്‍ രാഹുലും സംഘവും നേടിയെടുത്തത്.
ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലാണ് ലഖ്‌നൗ പഞ്ചാബിന്റെ മണ്ണില്‍ കുറിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് ലഖ്‌നൗ അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ പഞ്ചാബിന് 19.5 ഓവറില്‍ 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 56 റണ്‍സിന്റെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാനെതിരായ വിമര്‍ശനം ശക്തമാണ്. നായകനെന്ന നിലയില്‍ ധവാന്റെ മണ്ടന്‍ തീരുമാനമാണ് കളി തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതിനായിരുന്നെങ്കില്‍ നായകനായി ധവാന്‍ മടങ്ങിവരേണ്ടിയിരുന്നില്ലെന്നും ധവാന്റെ മണ്ടത്തരമാണ് ലഖ്‌നൗവിനെ വലിയ സ്‌കോറിലേക്കെത്തിച്ചതെന്നുമാണ് ആരാധകര്‍ പറയുന്നത്. ടോസ് നേടിയിട്ടും ആദ്യം ബാറ്റ് ചെയ്യാന്‍ തയ്യാറാവാതിരുന്ന ധവാന്റെ തീരുമാനമാണ് ആരാധകരെ പ്രധാനമായും ചൊടിപ്പിക്കുന്നത്. റണ്ണൊഴുകുന്ന പിച്ചില്‍ എന്തുകൊണ്ടാണ് ധവാന്‍ ആദ്യം ബാറ്റ് ചെയ്യാതിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
മികച്ച ബാറ്റിങ് കരുത്തുള്ള പഞ്ചാബിന് ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടാമായിരുന്നു. കഗിസോ റബാഡയും അര്‍ഷദീപ് സിങ്ങുമെല്ലാം ഉള്‍പ്പെടുന്ന പഞ്ചാബിന്റെ ബൗളിങ് നിര റണ്‍സ് പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളവരുടേതാണ്. എന്നാല്‍ ധവാന്‍ ബാറ്റിങ് കരുത്തില്‍ അമിതമായി വിശ്വസിച്ച് ലഖ്‌നൗവിനെ ബാറ്റിങ്ങിനയച്ചത് മണ്ടന്‍ തീരുമാനമായെന്നാണ് ആണെന്നാണ് ആരാധകര്‍ പറയുന്നത്.
മൂന്ന് മത്സരത്തിന്റെ ഇടവേളക്ക് ശേഷം നായകനായി തിരിച്ചെത്തിയ ധവാന് കൃത്യമായി മത്സരത്തെ നയിക്കാനായില്ലെന്നതാണ് വസ്തുത. ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡിങ് വിന്യാസത്തിലുമെല്ലാം ധവാന് പിഴച്ചു. സാം കറെനെ നേരത്തെ ബൗളിങ്ങിന് ഉപയോഗിക്കാതിരുന്നത് ധവാന്റെ പിഴവാണ്. സ്ലോ ബോളുകളെറിഞ്ഞ് വിക്കറ്റ് നേടാന്‍ മിടുക്കനാണ് കറെന്‍. മൂന്ന് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് കറെന്‍ നേടിയത്.
കറെന്റെ ബൗളിങ് കരുത്തിനെ വേണ്ടവിധം ഉപയോഗിക്കാന്‍ ധവാന് സാധിച്ചില്ല. അര്‍ഷദീപ് സിങ്ങും കഗിസോ റബാഡയും നാല് ഓവറില്‍ 50ന് മുകളില്‍ റണ്‍സ് വഴങ്ങിയിരുന്നു. അരങ്ങേറ്റ താരം ഗുര്‍ണൂര്‍ ബ്രാര്‍ മൂന്ന് ഓവറില്‍ 42 റണ്‍സാണ് വഴങ്ങിയത്. കറെന് നാല് ഓവര്‍ പൂര്‍ത്തിയാക്കാനുള്ള അവസരം നല്‍കാതിരുന്നതില്‍ നിന്ന് തന്നെ ധവാന്റെ ക്യാപ്റ്റന്‍സിയിലെ പാളിച്ച വ്യക്തം.
സിക്കന്തര്‍ റാസ ആദ്യ ഓവറില്‍ 17 റണ്‍സാണ് വിട്ടുകൊടുത്തത്. പിന്നീട് ഒരോവര്‍ കൂടി നല്‍കാന്‍ ധവാന്‍ തയ്യാറായില്ല. റാസയും വിക്കറ്റ് നേടാന്‍ കഴിവുള്ളവനാണെന്നും ഒരോവര്‍ കൂടി പരീക്ഷിക്കാമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. ധവാന്റെ ഫീല്‍ഡിങ് വിന്യാസവും മോശമായിരുന്നു. റണ്ണൊഴുക്ക് തടയാന്‍ യാതൊരു ശ്രമവും നായകനെന്ന നിലയില്‍ ധവാന്റെ ഭാഗത്തുനിന്നുണ്ടായില്ല.

ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒരു തവണ പോലും സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ പഞ്ചാബിന് സാധിക്കാതെ പോയത് ധവാന്റെ ക്യാപ്റ്റന്‍സിയിലെ പിഴവാണ്. ബാറ്റിങ്ങിനിറങ്ങിയപ്പോഴും ധവാന് തിളങ്ങാനായില്ല. രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് ധവാന്റെ സമ്പാദ്യം. മാര്‍ക്കസ് സ്റ്റോയിണിസിന്റെ എക്‌സ്ട്രാ ബൗണ്‍സില്‍ ധവാന്‍ കുടുങ്ങുകയായിരുന്നു.
ധവാന്‍ നായകനെന്ന നിലയിലും സീനിയര്‍ താരമെന്ന നിലയിലും കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടിയിരുന്നു. പരിക്ക് പൂര്‍ണ്ണമായും ഭേദമായില്ലെങ്കില്‍ ധവാന്‍ വിശ്രമം തുടരുന്നതാണ് നല്ലതെന്നും സാം കറെന്‍ ഇതിലും നന്നായി പഞ്ചാബിനെ നയിച്ചുവെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ധവാന്‍ തിരിച്ചുവന്നതോടെ പഞ്ചാബിന്റെ താളം നഷ്ടമായെന്നും നായകന്മാര്‍ മാറി മാറി വരുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.