ലഖ്‌നൗ: ഇന്ത്യ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മോശമല്ലാത്ത തുടക്കം ലഭിച്ച ടീമുകളിലൊന്നാണ് കെ എല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലഖ്‌നൗവുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ശരാശരി പ്രകടനം കാഴ്ചവെക്കാന്‍ ലഖ്‌നൗവിന് സാധിക്കുന്നു.
എന്നാല്‍ ലഖ്‌നൗ നിരയില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന താരമായി മാറിയിരിക്കുകയാണ് ദീപക് ഹൂഡ. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഹൂഡ ടീമിന് യാതൊരു ഉപകാരവും ചെയ്യുന്നില്ല. പഞ്ചാബ് കിങ്‌സിനോട് ലഖ്‌നൗ തോറ്റതിന് പിന്നാലെ ഹൂഡക്കെതിരേ വിമര്‍ശനം ശക്തമാവുകയാണ്. ഹൂഡയെ പ്ലേയിങ് നിന്ന് ഒഴിവാക്കണമെന്നും പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

പഞ്ചാബിനെതിരായത് ഹൂഡയുടെ 100ാമത്തെ ഐപിഎല്‍ മത്സരമായിരുന്നു. മൂന്ന് പന്ത് നേരിട്ട് രണ്ട് റണ്‍സ് മാത്രമാണ് ഹൂഡക്ക് നേടാനായത്. ഇൗ പ്രകടനത്തോടെ ഹൂഡക്കെതിരേ വിമര്‍ശനം ശക്തമായിരിക്കുകയാണ്. ഹൂഡയെ പുറത്തിരുത്തി മനാന്‍ വോറക്ക് ലഖ്‌നൗ അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. ബൗളറെന്ന നിലയിലും ഹൂഡയെ ഉപയോഗിക്കുന്നില്ല. ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു.
ഈ സാഹചര്യത്തില്‍ ഹൂഡ ലഖ്‌നൗവിനെ പുറത്തിരുത്താനുള്ള ധൈര്യം കാട്ടണമെന്നാണ് ആരാധകര്‍ പറയുന്നത്. ദീപക് ഹൂഡ എങ്ങനെയാണ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതെന്ന് ഇപ്പോഴും മനസിലാവുന്നില്ലെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഓള്‍റൗണ്ടറെന്ന നിലയില്‍ യാതൊരു ഉത്തരവാദിത്തവും കാട്ടാത്ത താരമാണ് ഹൂഡ. ഇനിയും ലഖ്‌നൗ ഹൂഡയെ ചുമക്കേണ്ടതില്ലെന്നാണ് ആരാധക പക്ഷം.

അയര്‍ലന്‍ഡിനെതിരേ മാത്രം തിളങ്ങുന്നവനാണെന്നും നല്ല എതിരാളികള്‍ക്കെതിരേ ഹൂഡയുടെ മുട്ടിടിക്കുമെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 100 മത്സരം കളിച്ചിട്ടും 19 ശരാശരി മാത്രമുള്ള ഹൂഡ ഇപ്പോഴും കളിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഈ കണക്കുകളും വെച്ച് ഇത്രയും നാള്‍ കളിക്കാന്‍ സാധിച്ചത് തന്നെ ഹൂഡയുടെ ഭാഗ്യമാണെന്നുമാണ് ആരാധക പക്ഷം.
അതേ സമയം ഹൂഡയെ പിന്തുണച്ചു ആരാധകരെത്തുന്നു. ഹൂഡയെ ഓള്‍റൗണ്ടറെന്ന നിലയില്‍ വേണ്ടവിധം ഉപയോഗിക്കാന്‍ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലിന് സാധിക്കുന്നില്ല. ബാറ്റിങ്ങില്‍ നിറം മങ്ങിയെങ്കിലും ബൗളറെന്ന നിലയില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന താരമാണെങ്കിലും ലഖ്‌നൗ ഇക്കാര്യത്തില്‍ പരാജയമാണ്. ഹൂഡ തന്റെ ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനായ ടോപ് ഓഡറിലാണ് കളിക്കുന്നത്.
എന്നിട്ടും മികവ് കാട്ടാന്‍ സാധിക്കാത്തത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമാവാന്‍ സാധിച്ച ഏറ്റവും ഭാഗ്യവാനായ താരമാണ് ഹൂഡയെന്നാണ് ആരാധകര്‍ പറയുന്നത്. നല്ലൊരു ഷോട്ട് കളിക്കാന്‍ പോലുമറിയില്ല. ഏതെങ്കിലുമൊരു ദിവസം ഒരു മികച്ച പ്രകടനം നടത്തിയാല്‍ പിന്നീട് തുടര്‍ച്ചയായി ഫ്‌ളോപ്പാവും. ഹൂഡയുടെ ഈ കളി ടീമിന് ബാധ്യതയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ വിരാട് കോലി ഫോം ഔട്ടിലായിരുന്നപ്പോള്‍ കോലിക്ക് പകരം ഹൂഡയെ കളിപ്പിക്കണമെന്ന് കപില്‍ ദേവ് അഭിപ്രായപ്പെട്ടിരുന്നു. ഇത് കുത്തിപ്പൊക്കിയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. കോലിയുടെ വാലില്‍ക്കെട്ടാന്‍ സാധിക്കാത്ത താരമാണ് ഹൂഡയെന്നും അന്ന് കോലിക്ക് പകരക്കാരനാക്കണമെന്ന് പറഞ്ഞത് എത്ര വലിയ മണ്ടത്തരമാണെന്ന് ഇപ്പോഴെങ്കിലും പിന്തുണച്ചവര്‍ മനസിലാക്കണമെന്നും ആരാധകര്‍ പരിഹസിക്കുന്നു.
ഈ സീസണില്‍ അഞ്ച് മത്സരത്തിലും ലഖ്‌നൗ നിരയില്‍ ഹൂഡയുണ്ടായിരുന്നു. 7.40 ശരാശരിയില്‍ 37 റണ്‍സാണ് താരം നേടിയത്. സ്‌ട്രൈക്കറേറ്റ് 82.22 മാത്രം. ഇനിയും ഹൂഡയെ പിന്തുണക്കുന്നത് ടീമിലെ പ്രതിഭയുള്ളവരോട് ചെയ്യുന്ന വഞ്ചനയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. 100 ഐപിഎല്ലില്‍ നിന്ന് 19.29 ശരാശരിയില്‍ 1273 റണ്‍സാണ് ഹൂഡ നേടിയത്. സ്‌ട്രൈക്കറേറ്റ് 129.77. ഏഴ് അര്‍ധ സെഞ്ച്വറി നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 64 റണ്‍സാണ്.