ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കിയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് മുട്ടുമടക്കിയത്. പ്ലേ ഓഫ് സീറ്റിലേക്കെത്താന്‍ ജയം അനിവാര്യമായിരുന്നെങ്കിലും മുംബൈക്ക് തലകുനിക്കേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മൂന്ന് വിക്കറ്റിന് 177 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാനായത്.
അഞ്ച് റണ്‍സിന്റെ ജയം ലഖ്‌നൗവിന് സ്വന്തം. അവസാന ഓവറില്‍ 11 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ടിം ഡേവിഡിനെയും കാമറൂണ്‍ ഗ്രീനിനെയും മൊഹ്‌സിന്‍ ഖാന്‍ തളച്ചിടുകയായിരുന്നു. മുംബൈയുടെ തോല്‍വി തീര്‍ത്തും അവിശ്വസനീയമായിരുന്നുവെന്ന് പറയാം. 17 ഓവറിനുള്ളില്‍ മുംബൈ ജയിക്കേണ്ട കളിയാണ് അവസാനം തോല്‍പ്പിച്ചത്. മുംബൈ തോറ്റ് കൊടുത്തതാണോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

മത്സരത്തില്‍ ഒത്തുകളി നടന്നോയെന്ന് സംശയിക്കേണ്ട ചില സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ലഖ്‌നൗവിനെ ജയിപ്പിക്കാന്‍ മുംബൈ ശ്രമിച്ചെന്നാണ് ഒരു വിഭാഗം ആരാധകര്‍ വിമര്‍ശിക്കുന്നത്. പ്രധാനമായും കാമറൂണ്‍ ഗ്രീനിനെ വൈകി ഇറക്കിയത് ഒത്തുകളിയുടെ ഭാഗമാണോയെന്ന സംശയം ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നു. നേഹല്‍ വദേര അടിച്ചുകളിക്കുന്ന താരമാണ്. എന്നാല്‍ നാലാം നമ്പറിലിറങ്ങി 20 പന്തില്‍ 16 റണ്‍സാണ് നേടിയത്.
വദേരയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ബാറ്റിങ് പ്രകടനമാണിത്. എന്തുകൊണ്ട് സ്പിന്നര്‍മാര്‍ക്കെതിരേ സിംഗിളുകള്‍ എടുക്കാന്‍ പോലും വദേര തയ്യാറാവാതിരുന്നത്. അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടതും തോല്‍വിക്ക് മുഖ്യ കാരണമായും മാറിയത് വദേരയാണ്. കൂടാതെ ബാറ്റിങ് ഓഡറില്‍ മുംബൈ ഗ്രീനിനെ തഴഞ്ഞുവെച്ചത് ആര്‍ക്കുവേണ്ടിയാണ്?. ടിം ഡേവിഡിനെ ഫിനിഷറാക്കി ഗ്രീനിനെ നേരത്തെ കളിപ്പിക്കുന്നതാണ് ഇതുവരെ ചെയ്തത്.
എന്നാല്‍ ലഖ്‌നൗവിനെതിരേ ഡേവിഡിനെ അഞ്ചാം നമ്പറിലേക്കിറക്കി ഗ്രീനിനെ തഴഞ്ഞുവെച്ചു. ഗ്രീന്‍ അല്‍പ്പം കൂടി നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ ഫോമിലേക്കെത്താന്‍ ഒന്ന് രണ്ട് പന്തെങ്കിലും പ്രതിരോധിക്കാമായിരുന്നു. എന്നാല്‍ വലിയ സമ്മര്‍ദ്ദത്തിലാണ് താരം ബാറ്റിങ്ങിനിറങ്ങിയത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ഗ്രീനിന് സാധിക്കാതെ പോയി. മുംബൈ ഗ്രീനിനെ മനപ്പൂര്‍വ്വം തഴഞ്ഞുവെച്ചതാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
വിഷ്ണു വിനോദിനെ ഇംപാക്ട് പ്ലയറാക്കി ഉപയോഗിച്ചതും ഒത്തുകളിയുടെ ഭാഗമാണെന്നാണ് വിമര്‍ശനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയസമ്പത്തില്ലാത്ത താരമാണ് വിഷ്ണു. ഇത്രയും നിര്‍ണ്ണായക സമയത്ത് കളി ജയിപ്പിക്കാന്‍ സാധിക്കുന്ന മുന്‍പരിചയമോ പ്രകടന മികവോ വിഷ്ണുവിന് അവകാശപ്പെടാനാവില്ല. എന്നിട്ടും മുംബൈ എന്തുകൊണ്ട് ആ സാഹസം ചെയ്തുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ലഖ്‌നൗവിനോട് തോറ്റത് മുംബൈയുടെ പ്ലേ ഓഫിനെ കാര്യമായി ബാധിക്കില്ലെന്നും അണിയറയില്‍ എല്ലാം നേരത്തെ തീരുമാനിക്കപ്പെട്ടിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. മുംബൈ അവസാന മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിക്കും. ഇതോടെ 14 മത്സരത്തില്‍ നിന്ന് 16 പോയിന്റാവും. ഭീഷണി ഉയര്‍ത്തുന്ന ആര്‍സിബിയെ ഗുജറാത്ത് തോല്‍പ്പിക്കുന്നതോടെ ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കും.
പഞ്ചാബ് കിങ്‌സിനെ ആര്‍സിബി തോല്‍പ്പിക്കും. രണ്ട് മത്സരം പഞ്ചാബ് ജയിച്ചാലും നെറ്റ് റണ്‍റേറ്റില്‍ മുംബൈയെക്കാളും പിന്നിലുള്ള പഞ്ചാബിന് പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ മുംബൈക്ക് ഭയപ്പെടേണ്ട ആവിശ്യമില്ല. ലഖ്‌നൗവിനെ ജയിപ്പിക്കാനുള്ള പണിയാണ് മുംബൈ കാട്ടിയതെന്നും ആരാധകരെ മണ്ടന്മാരാക്കുകയാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
ക്രുണാല്‍ പാണ്ഡ്യ ബാറ്റിങ്ങിനിടെ പരിക്കേറ്റ് കളം വിട്ടതും പിന്നീട് പന്തെറിയാന്‍ ഇടവേളയെടുത്ത് വീണ്ടും വീണ്ടും ഇറങ്ങിയതും നിയമ വിരുദ്ധമാണെന്നും ആരാധകര്‍ ആരോപിക്കുന്നു. ക്രുണാലിന് അതിരുവിട്ട സഹായം അംപയമാര്‍ നല്‍കിയപ്പോള്‍ മുംബൈ യാതൊരു ആരോപണവും ഉന്നയിക്കാത്തതും സംശയമുണ്ടാക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.