For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈയുടെ വില്ലന്‍ ജോര്‍ഡനും ഗ്രീനുമല്ല, തോല്‍പ്പിച്ചത് മറ്റൊരാള്‍! വന്‍ ചതി

ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരേ മുംബൈ ഇന്ത്യന്‍സിനു വിജയത്തിനു തൊട്ടരികില്‍ നിന്നും കാലിടറിയിരിക്കുകയാണ്. ജയിക്കാമായിരുന്ന മല്‍സരം അഞ്ചു റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും കൈവിട്ടത്. ഇതോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്കും തിരിച്ചടി നേരിട്ടിരിക്കുകയാണ്.

നേരത്തേ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുണ്ടായിരുന്ന മുംബൈ നാലാംസ്ഥാനത്തേക്കു വീഴുകയും ചെയ്തു. മുംബൈയുടെ നാലാംസ്ഥാനവും അത്ര സുരക്ഷിതമല്ല. അടുത്ത കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിക്കാനായാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈയെ മറികടന്ന് നാലാമതെത്തും.

ISHAN-SURYA

178 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ഹോംഗ്രൗണ്ടില്‍ മുംബൈയ്ക്കു ലഖ്‌നൗ നല്‍കിയത്. നേരത്തേ ഈ ഗ്രൗണ്ടില്‍ വിജയകരമായി ചേസ് ചെയ്ത സ്‌കോര്‍ 160 റണ്‍സായിരുന്നു. പക്ഷെ ഈ ചരിത്രമൊന്നും മുംബൈയെ ഭയപ്പെടുത്തിയില്ല. കഴിഞ്ഞ മല്‍സരങ്ങളിലേതു പോലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍ ജോടി റണ്‍ചേസിനു ശക്തമായ അടിത്തറയിട്ടിരുന്നു.

ഓപ്പണിങ് വിക്കറ്റില്‍ 90 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. വെറും 58 ബോളുകളില്‍ നിന്നായിരുന്നു ഇത്. 10 ഓവറില്‍ മുംബൈയുടെ സ്‌കോര്‍ ബോര്‍ഡില്‍ 92 റണ്‍സുണ്ടായിരുന്നു. ഒമ്പതു വിക്കറ്റുകള്‍ കൈയിലിരിക്കെ മുംബൈയ്ക്കു ജയിക്കാന്‍ 60 ബോളില്‍ 86 റണ്‍സ് മാത്രം മതിയായിരുന്നു.

പക്ഷെ പിന്നീട് അങ്ങോട്ട് മുംബൈയുടെ താളം തെറ്റുകയായിരുന്നു. 11ാം ഓവര്‍ കഴിഞ്ഞപ്പോള്‍ മുംബൈ ഒരു വിക്കറ്റിനു 103 റണ്‍സെന്ന നിലയിലായിരുന്നു. ഫിഫ്റ്റിയോടെ തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഇഷാന്‍ കിഷനും (59*) 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവും (3*) ക്രീസില്‍. മുംബൈ 16-17 ഓവറിനുള്ളില്‍ തന്നെ കളി തീര്‍ക്കുമെന്നു എല്ലാവരും ഉറപ്പിച്ചു. പക്ഷെ രവി ബിഷ്‌നോയ് എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ ബോളില്‍ ഇഷാന്‍ പുറത്ത്.

ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന ഈ പിച്ചില്‍ ഏറ്റവും മനോഹരമായി ബാറ്റ് ചെയ്തത് അദ്ദേഹമായിരുന്നു. ഇഷാന്‍ മടങ്ങിയ ശേഷം നാലാം നമ്പറില്‍ നെഹാല്‍ വദേരയെ ഇറക്കിയതാണ് മുംബൈ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം. പകരം വമ്പനടിക്കാരനായ കാമറൂണ്‍ ഗ്രീനിനെ ആയിരുന്നു മുംബൈ ക്രീസിലേക്കു അയക്കേണ്ടിയിരുന്നത്.

NEHAL WADHERA

സ്ലോ ബാറ്റിങിലൂടെ ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന സൂര്യയെക്കൂടി വദേര പ്രതിരോധത്തിലാക്കി. 13, 14 ഓവറുകളില്‍ മുംബൈയ്ക്കു നേടനായത് ഒരു റണ്‍സും എട്ടു റണ്‍സുമായിരുന്നു. ക്രുനാല്‍ പാണ്ഡ്യയെറിഞ്ഞ 13ാം ഓവറിലെ നാലു ബോളുകളും നേരിട്ടത് വദേരയായിരുന്നു. നേടിയത് ഒരു റണ്‍സ് മാത്രം. രവി ബിഷ്‌നോയിയുടെ അടുത്ത ഓവറില്‍ നാലു ബോളില്‍ നിന്നും വദേര നേടിയത് വെറും അഞ്ചു റണ്‍സ്. ഇതോടെ ജയിക്കാനാവശ്യമായ റണ്‍റേറ്റ് കുത്തനെ ഉയരുകയും ചെയ്തു.

ഇതോടെ 15ാം ഓവറില്‍ പേസര്‍ യഷ് ടാക്കൂറിനെതിരേ സൂര്യ റിസ്‌ക്കി ഷോട്ടിനു നിര്‍ബന്ധിതനായി. പക്ഷെ സ്‌കൂപ്പ് കളിക്കാന്‍ ശ്രമിച്ച അദ്ദേഹം ആദ്യ ബോളില്‍ ബൗള്‍ഡായതോടെ മുംബൈ പ്രതിരോധത്തിലായി. കാരണം മൂന്നോ, നാലോ ഓവര്‍ സൂര്യ ക്രീസിലുണ്ടായിരുന്നെങ്കില്‍ അദ്ദേഹം കളി തീര്‍ത്തേനെ. സൂര്യ പുറത്തായ 15ാം ഓവറില്‍ നാലു ബോളുകള്‍ വദേരയ്ക്കു ലഭിച്ചു.

പക്ഷെ നേടിയത് നാലു റണ്‍സ് മാത്രം. നവീനുല്‍ ഹഖിന്റെ അടുത്ത ഓവറിലും വദേരയുടെ ഭാഗത്തു നിന്നും സ്‌ട്രൈക്ക് റേറ്റുയര്‍ത്താനുള്ള ശ്രമങ്ങളൊന്നും കണ്ടില്ല. ഈ ഓവറില്‍ നാലു ബോളുകള്‍ വദേരയ്ക്കു ലഭിച്ചിരുന്നു. വീണ്ടും നേടിയത് നാലു റണ്‍സ് മാത്രം. ഒടുവില്‍ 17ാം ഓവറില്‍ മൊഹ്‌സിന്‍ ഖാനെതിരേ ആദ്യ ബോളില്‍ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന് വദേര പുറത്താവുകയും ചെയ്തു.

MOHSIN KHAN

20 ബോളുകളില്‍ നിന്നും രണ്ടു ഫോറടക്കം 16 റണ്‍സ് മാത്രമേ വദേര നേടിയുളളൂ. മുംബൈ കളി തോറ്റതും ഇവിടെയാണ് വദേരയ്ക്കു പകരം ഗ്രീനിനെ ക്രീസിലേക്കു അയച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഇതിനേക്കാള്‍ മികച്ചൊരു ഇംപാക്ടുണ്ടാക്കാന്‍ തീര്‍ച്ചയായും കഴിയുമായിരുന്നു. ഈ മല്‍സരം മുംബൈ്ക്കു ജയിക്കാനും സാധിക്കമായിരുന്നു.

നേരത്തേ ബൗളിങില്‍ മുംബൈ ഫാസ്റ്റ് ബൗളര്‍ ക്രിസ് ജോര്‍ഡന്‍ വന്‍ ദുരന്തമായിരുന്നു. 18ാം ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം നാലോവറില്‍ വഴങ്ങിയത് 50 റണ്‍സായിരുന്നു. പക്ഷെ മുംബൈ തോറ്റത് ഇതു കാരണമല്ല, മറിച്ച് നെഹാല്‍ വദേരയുടെ മെല്ലെപ്പോക്ക് കാരണം തന്നെയാണ്. മധ്യ ഓവറുകളില്‍ യുവതാരം സ്‌കോറിങിന്റെ വേഗത നന്നായി കുറച്ചതോടെ മറ്റു ബാറ്റര്‍മരും സമ്മര്‍ദ്ദത്തിലാവുവയും വിക്കറ്റ് നഷ്ടപ്പെടുത്തി പരാജയത്തിലേക്കു വീഴുകയുമായിരുന്നു.

Story first published: Tuesday, May 16, 2023, 23:58 [IST]
Other articles published on May 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+