മുംബൈ ഇന്ത്യന്‍സുമായുള്ള ഐപിഎല്ലിലെ ഡു ഓര്‍ ഡൈ മാച്ചില്‍ ബാറ്റിങ് ലൈനപ്പില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നടത്തിയ വന്‍ പരീക്ഷണം ദുരന്തത്തില്‍ കലാശിച്ചിരിക്കുകയാണ്. സീസണില്‍ നേരത്തേ ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് താരം കൈല്‍ മയേഴ്‌സിനെ മാറ്റി വന്‍ ഫ്‌ളോപ്പ് ദീപക് ഹൂഡയെ ഓപ്പണിങില്‍ പരീക്ഷിക്കുകയായിരുന്നു. നേരത്തേ മൂന്നാം നമ്പറിലടക്കം കളിച്ച പൊസിഷനുകളിലെല്ലാം ബാറ്റിങില്‍ ഹൂഡ ദയനീയ പരാജയമായയിരുന്നു.
എന്നിട്ടും ഇത്രയും നിര്‍ണായകമായ ഒരു മാച്ചില്‍ ഓപ്പണിങ് പോലെയൊരു നിര്‍ണായ റോളില്‍ താരത്തെ ലഖ്‌നൗ പരീക്ഷിച്ചത് ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയാണ്. ബാറ്റിങില്‍ ഇത്തവണയും ഒറ്റയക്ക സ്‌കോറിനു പുറത്താവുകയെന്ന പതിവ് ദീപക് ഹൂഡ തെറ്റിച്ചില്ല. മൂന്നാം ഓവറിലെ ആദ്യ ബോളില്‍ തന്നെ താരം മടങ്ങി. പേസര്‍ ജേസണ്‍ ബെറന്‍ഡോര്‍ഫിനായിരുന്നു വിക്കറ്റ്. ക്രീസിനു പുറത്തേക്കിറങ്ങിയ വളരെ വിചിത്രമായൊരു ഷോട്ടിനു ഹൂഡ ശ്രമിക്കുകയായിരുന്നു.

ആകാശത്തേക്കുയര്‍ന്ന ബോള്‍ മിഡ് ഓണില്‍ നേരെ ടിം ഡേവിഡിന്റെ കൈകളിലൊതുങ്ങി. ഏഴു ബോളില്‍ ഹൂഡ നേടിയത് അഞ്ചു റണ്‍സ് മാത്രം. ക്രിസ് ജോര്‍ഡനെറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറിലെ ആദ്യത്തെ ബോളില്‍ തന്നെ ദീപക് ഹൂഡ പുറത്താവേണ്ടതായിരുന്നു. പക്ഷെ ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെടുകയായിരുന്നു. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ഔട്ട് സ്വിങര്‍.
യാതൊരു ടൈമിങുമില്ലാതെ ഹൂഡ ആഞ്ഞുവീശി. ബോള്‍ നേരെ ആകാശത്തേക്ക്. ബോളിനു പിന്നാലെ ഓടിയ ഡേവിഡിനു പക്ഷെ പിഴച്ചു. കൈകള്‍ക്കിടയിലൂടെ ബോള്‍ വഴുതിപ്പോവുകയായിരുന്നു. അടുത്ത ഓവറില്‍ തന്നെ ഡേവിഡിനു സിംപിള്‍ ക്യാച്ച് സമ്മാനിച്ച് ഹൂഡ ഇതിനു 'പ്രായശ്ചിത്തവും' ചെയ്തു.
ഈ സീസണില്‍ ഇതുവരെ കളിച്ചിട്ടുള്ള ഇന്നിങ്‌സുകളെടുത്താല്‍ 17 (18 ബോള്‍), 2 (6), 7 (8), 9 (10), 2 (3), 2 (4), 2 (2), 11* (6), 1 (2), 11 (11), 5 (7) എന്നിങ്ങനെയാണ് ദീപക് ഹൂഡയുടെ സ്‌കോറുകള്‍. ഈ കളിയിലെ പുറത്താവലോടെ ഐപിഎല്‍ ചരിത്രത്തില്‍ 10ന് മുകളില്‍ ഇന്നിങ്‌സ് കളിച്ചവരില്‍ ഏറ്റവും മോശം ശരാശരിയെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ഹൂഡയെ തേടിയെത്തുകയും ചെയ്തു. വെറും 6.90 ആണ് അദ്ദേഹത്തിന്റെ ശരാശരി.
വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരന്റെ ഓള്‍ടൈം റെക്കോര്‍ഡാണ് ഇത്തവണ ടീമംഗം കൂടിയായ ഹൂഡ പഴങ്കഥയാക്കിയത്. 2021ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കവെയുടെ പൂരന്റെ 7.73 എന്ന ശരാശരിയാണ് ഹൂഡ മറികടന്നത്. ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തും ഹൂഡയാണ്. 2016ലെ ശരാശരി 10.29 ആയിരുന്നു. 11.08 ശരാശരിയുള്ള ഒയ്ന്‍ മോര്‍ഗനാണ് നാലാമത്.

കൈല്‍ മയേഴ്‌സിനു പകരം ദീപക് ഹൂഡയെ ഓപ്പണിങില്‍ ഇറക്കിയ ലഖ്‌നൗ ടീമിനെതിരേ സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ലഖ്‌നൗ ക്യാപ്റ്റനും മുന്‍ മുംബൈ ഇന്ത്യന്‍സ് താരവുമായ ക്രുനാല്‍ പാണ്ഡ്യക്കു ഇതിനേക്കാള്‍ നന്നായി തന്റെ ടീമിനെ സഹായിക്കാന്‍ സാധിക്കില്ല. ഇത്രയും വലിയൊരു മണ്ടത്തരം ആരെങ്കിലും കാണിക്കുമോയെന്ന കാര്യം സംശയമാണ്. ക്രുനാല്‍ ഒത്തുകളിച്ചോയെന്നു പോലും സംശയമുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
കൈല്‍ മയേഴ്‌സിനെ ബെഞ്ചിലിരുത്തിയതിനു ലഖ്‌നൗ ടീമിനോടു നന്ദി അറിയിക്കുന്നു. ഇത്തരമൊരു കടുപ്പമേറിയ പിച്ചില്‍ മോശം ഫോമിലുള്ള ദീപക് ഹൂഡയെ കളിപ്പിച്ചത് ബ്രില്ല്യന്‍സിയാണെന്നായിരുന്നു ഒരു പരിഹാസം. ഒരാള്‍ക്ക് എങ്ങനെയാണ് 11 ഇന്നിങ്‌സുകളിലും മോശം ഫോമില്‍ കളിക്കാന്‍ സാധിക്കുക? 11 ഇന്നിങ്‌സുകളില്‍ ദീപക് ഹൂഡ നേടിയിരിക്കുന്നത് 69 റണ്‍സ് മാത്രമാണ്. ഐപിഎല്ലിലെ ഏറ്റവും വലിയ ദുരന്തമായി ദീപക് ഹൂഡ മാറിയിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.