ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇംഗ്ലീഷ് പേസര്‍ ക്രിസ് ജോര്‍ഡന്‍. പരിക്കേറ്റു പിന്‍മാറിയ ജോഫ്ര ആര്‍ച്ചറുടെ പകരക്കാരനായി മുംബൈ ടീമിലേക്കു വന്ന ജോര്‍ഡന്‍ ടീമിന്റെ അന്തകനായി മാറുമോയോയെന്ന ആശങ്കയിലാണ് ആരാധകര്‍. ലഖ്‌നൗവിനെതിരേ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരീക്ഷിച്ചത് ആറു ബൗളര്‍മാരെയായിരുന്നു. ഇവരില്‍ ഏറ്റവും വലിയ 'ചെണ്ട' ജോര്‍ഡനായിരുന്നു. നാലോവറില്‍ വിക്കറ്റൊന്നുമില്ലാതെ അദ്ദേഹം വിട്ടുകൊടുത്തത് 50 റണ്‍സാണ്. 12.50 എന്ന വളരെ മോശം ഇക്കോണമി റേറ്റിലാണിത്.
ക്രിസ് ജോര്‍ഡനെറിഞ്ഞ 18ാം ഓവറില്‍ റണ്‍മഴയ്ക്കാണ് സ്റ്റേഡിയം സാക്ഷിയായത്. ഈ ഓവര്‍ എറിയാന്‍ രോഹിത് വിളിക്കുമ്പോള്‍ അദ്ദേഹം മൂന്നോവറില്‍ വഴങ്ങിയത് 26 റണ്‍സായിരുന്നു. മുംബൈയുടെ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് മൂന്നു വിക്കറ്റിനു 123 റണ്‍സ്. പക്ഷെ 18ാം ഓവരില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് ജോര്‍ഡനെ പഞ്ഞിക്കിട്ടു. ആദ്യ ബോള്‍ ലോങ് ഓണിനു മുകളിലൂടെ സിക്‌സറിലേക്കു പറത്തി സ്‌റ്റോയ്‌നിസ് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കി.

തൊട്ടടുത്ത ബോള്‍ ഒരു ഓഫ് കട്ടറായിരുന്നു. സ്റ്റോയ്‌നിസിനു റണ്ണൊന്നുമെടുക്കാനായില്ല. പക്ഷെ ഇതു കൊടുങ്കാറ്റിനു മുമ്പുള്ള ഒരു ശാന്തത മാത്രമായിരുന്നു. മൂന്നാമത്തേത് സ്ലോ ഓഫ് കട്ടറായിരുന്നു. പുള്‍ ഷോട്ടിലൂടെ സ്‌റ്റോയ്‌നിസ് അതു ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറിയിലേക്കു പായിച്ചു. അടുത്തത് മറ്റൊരു ഓഫ് കട്ടര്‍. ബാക്ക് വേര്‍ഡ് പോയിന്റിലൂടെ കട്ട് ഷോട്ട് കളിച്ച സ്‌റ്റോയ്‌നിസ് മറ്റൊരു ബൗണ്ടറി കണ്ടെത്തി.
അതുകൊണ്ടും സ്‌റ്റോയ്‌നിസ് നിര്‍ത്തിയില്ല. അഞ്ചാമത്തെ ബോള്‍ താരം സിക്‌സറിലേക്കു പറത്തി. താഴ്ന്ന ഫുള്‍ ടോസായിരുന്നു ജോര്‍ഡന്‍ എറിഞ്ഞത്. ലോങ് ഓണിനു മുകളിലൂടെ സ്‌റ്റോയ്‌നിസ് അതു സിക്‌സറിലെത്തിച്ചു. അവസാന ബോളിലെങ്കിലും ജോര്‍ഡന്‍ മാനം കാക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. സ്ലോ ഓഫ് കട്ടറായിരുന്നു അത്. സ്‌റ്റോയ്‌നിസ് അതു ബൗണ്ടറിയിലെത്തിക്കുകയും ചെയ്തു. ഓവര്‍ കഴിഞ്ഞപ്പോള്‍ ലഖ്‌നൗവിന്റെ ടോട്ടല്‍ ഒറ്റയടിക്ക് 123ല്‍ നിന്ന് 147ലേക്കുയര്‍ന്നു.
ക്രിസ് ജോര്‍ഡനെതിരേ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ആരാധകരില്‍ നിന്നുയരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും വലിയ ഫ്രോഡാണ് ക്രിസ് ജോര്‍ഡന്‍. നേരത്തേ സിഎസ്‌കെയ്ക്കു പണി കൊടുത്തിട്ടുള്ളതാണ്. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിനും പണി കിട്ടി. നാലോവറില്‍ ക്രിസ് ജോര്‍ഡന്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയിരിക്കുന്നു. എന്തൊരു പ്ലെയറാണിത്? ആരാണ് ക്രിസ് ജോര്‍ഡനെ മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തത്? എന്നിങ്ങനെയായിരുന്നു ആരാധക പ്രതികരണങ്ങള്‍.