ക്യാപ്റ്റനെന്ന നിലയില്‍ താന്‍ ഇനിയും വളരേയെറെ മെച്ചപ്പെടാനുണ്ടെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തിലാണ് വലിയൊരു മണ്ടത്തരം അദ്ദേഹം കാണിച്ചത്. ഇതിനു പിന്നാലെ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നിരിക്കുകയാണ്.
ബൗളിങില്‍ വരുത്തിയ വലിയൊരു പിഴവാണ് രാഹുലിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ലഖ്‌നൗവിനു വേണ്ടി ഏറ്റവും മികച്ച ബൗളിങ് കാഴ്ചവച്ച താരങ്ങളിലൊരാളായിരുന്നു വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര. രണ്ടോവറില്‍ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത അദ്ദേഹം അഭിനവ് മനോഹറിന്റെ വിക്കറ്റും നേടിയിരുന്നു.

രണ്ടോവറില്‍ ബാക്കിനില്‍ക്കെ ഗുജറാത്ത് ടൈറ്റന്‍സിന്റെ 17ാം ഓവറിനു ശേഷം എല്ലാവരെും ആശ്ചര്യപ്പെടുത്തിയാണ് അമിത് മിശ്രയെ കെഎല്‍ രാഹുല്‍ ഗ്രൗണ്ടില്‍ നിന്നും പിന്‍വലിക്കുന്നത്. തുടര്‍ന്ന് ഇംപാക്ട് പ്ലെയറായി പ്രേരക് മങ്കാദിനെ ഇറക്കുകയുമായിരുന്നു. എന്തുകൊണ്ടാണ് ജിടിയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാവും മുമ്പ് മിശ്രയെ പിന്‍വലിച്ചത് എന്നതാണ് ചോദ്യം.
മിശ്ര ഗ്രൗണ്ട് വിട്ടതിനു പിന്നാലെ 18ാം ഓവര്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്ക്ക് രാഹുല്‍ നല്‍കുകയായിരുന്നു. ഇതാവട്ടെ വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു. തുടര്‍ച്ചയായി ണ്ടു സിക്‌സറും ഒരു ഫോറുമടക്കം 19 റണ്‍സാണ് ഈ ഓവറില്‍ ജിടി നായകന് ഹാര്‍ദിക് പാണ്ഡ്യ വാരിക്കൂട്ടിയത്. ഗുജറാത്ത് ഇന്നിങ്‌സിലെ ഏറ്റവും മികച്ച ഓവറുകളിലൊന്ന് കൂടിയായിരുന്നു ഇത്.
വളരെയേറെ അനുഭവസമ്പത്തുള്ള, ഐപിഎല്ലിലെ വെറ്ററനായ അമിത് മിശ്രയ്ക്കു നല്‍കേണ്ടിയിരുന്ന 18ാം ഓവര്‍ യുവതാരമായ രവി ബിഷ്‌നോയ്ക്ക നല്‍കിയത് ക്യാപ്റ്റനെന്ന നിലയില്‍ കെഎല്‍ രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ച തന്നെയാണെന്നു എല്ലാവരും ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രാഹുലിന്റെ മണ്ടന്‍ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഇംപാക്ട് പ്ലെയറെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വളരെ നേരത്തേ ഉപയോഗിച്ചത്? ബിഷ്‌നോയ്ക്കു പകരം 18ാമത്തെ ഓവര്‍ അമിത് മിശ്രയ്ക്കു നല്‍കാമായിരുന്നു. എന്തൊരു ദുരന്തമാണ് കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി.

അമിത് മിശ്രയും മാര്‍ക്കസ് സ്റ്റോയ്‌നിസും വളരെ നന്നായി ബൗള്‍ ചെയ്യവെ എന്തിനാണ് 18ാം ഓവര്‍ രവി ബിഷ്‌നോയിയെ ഏല്‍പ്പിച്ചത്? നിങ്ങളുടെ ടീമിനോടു നാണം തോന്നുന്നു. അമിത് മിശ്ര വളരെ നന്നായി ബൗള്‍ ചെയ്തിട്ടും രണ്ടോവറുകള്‍ ബാക്കിയുണ്ടായിട്ടും എന്തുകൊണ്ടാണ് പിന്‍വലിച്ചത്? 10ന് മുകളില്‍ റണ്‍സ് വിട്ടുകൊടുത്ത രവി ബിഷ്‌നോയ്ക്കു വീണ്ടും ഒരോവര്‍ കൂടി നല്‍കിയത് വലിയ മണ്ടത്തരം തന്നെയാണ് എന്നിങ്ങനെയായിരുന്നു ആരാധക പ്രതികരണങ്ങള്‍.
ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ കെഎല്‍ രാഹുല്‍ വളരെ മോശമാണെന്നു എല്ലാവരും സമ്മതിക്കണം. അമിത മിശ്ര നന്നായി ബൗള്‍ ചെയ്ത് വരികയായിരുന്നു, രവി ബിഷ്‌നോയ് റണ്‍സ് വഴങ്ങുകയും ചെയ്തു. എന്നിട്ടും മിശ്രയ്ക്കു രണ്ടോവര്‍ മാത്രമേ നല്‍കിയുള്ളൂ. ബിഷ്‌നോയിയുടെ നാലോവറുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. രവി ബിഷ്‌നോയ്ക്കു മോശം ദിവസമായിട്ടും എന്തുകൊണ്ടാണ് അമിത് മിശ്ര രണ്ടോവറുകള്‍ മാത്രം ബൗള്‍ ചെയ്തത്?
ഒരോവര്‍ കൂടി തീര്‍ച്ചയായും മിശ്രയ്ക്കു നല്‍കണമായിരുന്നു. കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി വളരെ മോശം. ഐപിഎല്ലിലെ ഒത്തുകളി വ്യക്തമായിരിക്കുകയാണ്. അമിത് മിശ്ര വളരെ നന്നായി ബൗള്‍ ചെയ്തു. എന്നിട്ടും മൂന്നോവറില്‍ 30 റണ്‍സ് വഴങ്ങിയ രവി ബിഷ്‌നോയിയെക്കൊണ്ട് 18ാം ഓവര്‍ ബൗള്‍ ചെയ്യിച്ചു എന്നിങ്ങനെയും ആരാധകര്‍ കുറിച്ചു.