ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലൂടെ നാണംകെട്ട റെക്കോഡില്‍ പേരുചേര്‍ത്ത് കെ എല്‍ രാഹുല്‍. ഗുജറാത്ത് മുന്നോട്ടുവെച്ച 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിനായി ആദ്യ ഓവര്‍ മെയ്ഡനാക്കിയാണ് രാഹുല്‍ വിമര്‍ശനം നേരിടുന്നത്. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍സ് പോലും നേടാന്‍ രാഹുലിനായില്ല.
രാഹുലിന്റെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെതിരേ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളതാണ്. എന്നാല്‍ മെച്ചപ്പെടാന്‍ ഉദ്ദേശമില്ലാതെ വീണ്ടും വീണ്ടും മെല്ലെപ്പോക്ക് നടത്തി രാഹുല്‍ ആരാധകരെ നിരാശപ്പെടുത്തി. ഷമിയുടെ ആദ്യ ഓവറില്‍ മികച്ചൊരു ഷോട്ട് പോലും കളിക്കാന്‍ രാഹുല്‍ ശ്രമിച്ചില്ല. ആദ്യ ഓവര്‍ രാഹുല്‍ മെയ്ഡനാക്കുന്നതിനാല്‍ 19 ഓവര്‍ മാത്രമാണ് ലഖ്‌നൗ കളിക്കുന്നതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രാഹുല്‍ ആദ്യ മെയ്ഡന്‍ ഓവര്‍ ആക്കുന്നതെന്നതാണ് നാണംകെട്ട റെക്കോഡാവുന്നത്. ഇതാദ്യമായാണ് ഒരു ഓപ്പണര്‍ തുടര്‍ച്ചയായ രണ്ട് മത്സരത്തിലും ആദ്യത്തെ ഓവര്‍ മെയ്ഡനാക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരേയും രാഹുല്‍ ആദ്യ ഓവര്‍ മെയ്ഡനാക്കിയിരുന്നു. ട്രന്റ് ബോള്‍ട്ടാണ് രാഹുലിനെ ആദ്യ ഓവറില്‍ പിടിച്ചുകെട്ടിയത്.
2014മുതലുള്ള ഐപിഎല്ലിലെ കണക്കുകള്‍ പ്രകാരം 28 മെയ്ഡന്‍ ഓവറുകളാണ് പിറന്നിട്ടുള്ളത്. ഇതില്‍ 12ഉും രാഹുലിന്റെ പേരിലാണെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. രാഹുലിന്റെ പവര്‍പ്ലേയിലെ ബാറ്റിങ് കാണുന്നതാണ് ഏറ്റവും വിരസതയുണ്ടാക്കുന്ന കാര്യമെന്ന് കഴിഞ്ഞ ദിവസം മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞിരുന്നു.

ഇത് ശരിവെക്കുന്ന തരത്തിലാണ് ആദ്യ ഓവര്‍ രാഹുല്‍ മെയ്ഡനാക്കിയത്. രാഹുലിന്റെ മെല്ലെപ്പോക്ക് ബാറ്റിങ് എതിരാളികള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ലഖ്‌നൗവിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഓറഞ്ച് ക്യാപ്പിനായി രാഹുല്‍ മുട്ടിക്കളിക്കുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും രാഹുലിനെക്കൊണ്ടാവില്ലെങ്കില്‍ ഓപ്പണറായി ഇറങ്ങാതിരിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ മോശം തുടക്കത്തിന് ശേഷം പിന്നീട് ഫോമിലേക്കെത്തിയ കെ എല്‍ രാഹുല്‍ ടി20യില്‍ 7000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു. 210 മത്സരത്തില്‍ നിന്നാണ് രാഹുല്‍ ഈ നേട്ടത്തിലേക്കെത്തിയത്. ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ ഈ നേട്ടത്തിലേക്ക് വേഗത്തിലെത്തുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനായി മാറാനും രാഹുലിന് സാധിച്ചു. 197 ഇന്നിങ്‌സില്‍ നിന്നാണ് രാഹുല്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.
212 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ വിരാട് കോലിയുടെ റെക്കോഡിനെയാണ് രാഹുല്‍ മറികടന്നത്. ശിഖര്‍ ധവാന്‍ 246 ഇന്നിങ്‌സില്‍ നിന്നും സുരേഷ് റെയ്‌ന 251 ഇന്നിങ്‌സില്‍ നിന്നും രോഹിത് ശര്‍മ 258 ഇന്നിങ്‌സില്‍ നിന്നുമാണ് ഈ നേട്ടത്തിലേക്കെത്തിയത്. മെയ്ഡന്‍ ഓവറിന് ശേഷം രാഹുല്‍ ഗുജറാത്ത് ബൗളര്‍മാരെ കടന്നാക്രമിച്ചാണ് കളിച്ചത്. 4,4,4,1,1,4,4,1,4,1 എന്നിങ്ങനെയാണ് പിന്നീട് കളിച്ച 10 പന്തില്‍ രാഹുല്‍ നേടിയ സ്‌കോര്‍.