Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ധോണിയെ ഞെട്ടിച്ച് ബദോനി, ലഖ്‌നൗ പിച്ചില്‍ 'ഇടിവെട്ട്'- കോലി ബോയി ഡാ...

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 45ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവര്‍ പൂര്‍ത്തിയാക്കും മുമ്പെ മഴ വില്ലനായി എത്തുകയായിരുന്നു. 19.2 ഓവറില്‍ ഏഴ് വിക്കറ്റിന് 125 എന്ന നിലയിലാണ് കളി നിര്‍ത്തുമ്പോള്‍ ലഖ്‌നൗവുള്ളത്.

ലഖ്‌നൗവിലെ ബൗളിങ് പിച്ചില്‍ ആതിഥേയരുടെ ടോപ് ഓഡര്‍ നിര കളിമറന്നപ്പോള്‍ ആയുഷ് ബദോനിയുടെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ലഖ്‌നൗവിനെ ഭേദപ്പെട്ട നിലയിലേക്കുയര്‍ത്തിയത്. 44ന് അഞ്ച് എന്ന നിലയിലേക്ക് തകര്‍ന്ന ലഖ്‌നൗവിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് ബദോനിയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ്. സിഎസ്‌കെ നായകന്‍ എംഎസ് ധോണിയുടെ എല്ലാ പദ്ധതികളും തെറ്റിച്ചാണ് ബദോനി തകര്‍ത്താടിയത്.

virat kohli, ayush badoni

33 പന്ത് നേരിട്ട് രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 59 റണ്‍സുമായാണ് ബദോനി ക്രീസില്‍ തുടരുന്നത്. മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട പിച്ചിലാണ് 170ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ ബദോനി ബാറ്റ് ചെയ്തതെന്നതാണ് എടുത്തു പറയേണ്ടത്. ലഖ്‌നൗവിന്റെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ 83 പന്ത് നേരിട്ട് 60 റണ്‍സ് നേടിയപ്പോഴാണ് 33 പന്തില്‍ ബദോനിയുടെ 59 റണ്‍സ് പ്രകടനമെന്നത് താരത്തിന്റെ പ്രതിഭ ഉയര്‍ത്തിക്കാട്ടുന്നു.

ആറ് റണ്‍സാണ് എക്‌സ്ട്രാസായി ലഭിച്ചത്. ലഖ്‌നൗവിലെ പിച്ചിന്റെ സാഹചര്യത്തില്‍ 130 മികച്ച സ്‌കോറാണെന്ന് പറയാം. 80നുള്ളില്‍ ഓള്‍ഔട്ടാകുമെന്ന് തോന്നിച്ചിടത്തുനിന്നാണ് ലഖ്‌നൗവിനെ ബദോനി 100 കടത്തിയത്. ദീപക് ചഹാറെറിഞ്ഞ 19ാം ഓവറില്‍ 20 റണ്‍സാണ് ബദോനി അടിച്ചെടുത്തത്. ബൗളര്‍മാര്‍ക്ക് അത്രമേല്‍ ആധിപത്യം ലഭിച്ചിട്ടും അതിനെ മറികടക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ ബദോനിക്കായി.

ദീപക്കിന്റെ 19ാം ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറിയും മൂന്നാം പന്ത് സിക്‌സറും പറത്തിയ ബദോനി അവസാന പന്തും അതിര്‍ത്തി കടത്തി. മൂന്നാം നമ്പറില്‍ കളിച്ച ബദോനിയെ വീണ്ടും മധ്യനിരയിലേക്കെത്തിച്ച ലഖ്‌നൗവിന്റെ തന്ത്രം ഫലിക്കുകയായിരുന്നു. പതിയെ തുടങ്ങിയ താരം മികച്ച ഫുട് വര്‍ക്കുകളിലൂടെയാണ് സിഎസ്‌കെ ബൗളര്‍മാര്‍ക്ക് മുകളില്‍ സര്‍വാധിപത്യം നേടിയത്.

ms dhoni, ayush badoni

ബദോനിയുടെ സിക്‌സുകളില്‍ അസ്വസ്തനാവുന്ന ധോണിയേയും മത്സരത്തില്‍ കാണാനായി. സ്പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ മികവ്കാട്ടിയപ്പോഴും ഇത്രയും മികച്ച സ്‌ട്രൈക്കറേറ്റില്‍ റണ്‍സുയര്‍ത്തുകയെന്നത് ബദോനിയുടെ പ്രതിഭയുടെ അടയാളപ്പെടുത്തലാണ്. ഭാവിയില്‍ ഇന്ത്യയുടെ മധ്യനിരയിലേക്കെത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ബദോനിയെന്ന് പറയാം. തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനവും ബദോനിക്ക് അവകാശപ്പെടാം.

വിരാട് കോലിയുടെ കടുത്ത ആരാധകനാണ് ബദോനിയെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കോലിയെ റോള്‍ മോഡലാക്കി കളിക്കുന്ന ബദോനി തന്റെ ഫിഫ്റ്റി നേട്ടവും കോലിയെ അനുകരിച്ചാണ് ആഘോഷിച്ചത്. പ്ലേയിങ് കിസ് നല്‍കിയാണ് താരം ഫിഫ്റ്റി ആഘോഷിച്ചത്. നേരത്തെ ആര്‍സിബിക്കൊപ്പം കോലി പ്ലയിങ് കിസ് നല്‍കി വിജയം ആഘോഷിച്ചതിനോട് സമാനമായ രീതിയിലാണ് ബദോനിയുടെ അര്‍ധ സെഞ്ച്വറി ആഘോഷം.

അവസാന സീസണിലും കോലിയെ അനുകരിച്ച് ബദോനി ഇത്തരത്തില്‍ ആഘോഷപ്രകടനം നടത്തിയിരുന്നു. ഇതിന്റെ വീഡിയോകളും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കെ എല്‍ രാഹുലിന്റെ അഭാവത്തിലിറങ്ങിയ ലഖ്‌നൗവിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചിരിക്കുകയാണ് ബദോനി. ഭാവിയില്‍ കോലിയെപ്പോലെ ഇന്ത്യയുടെ സൂപ്പര്‍ താരമായി വളരാന്‍ ബദോനിക്ക് സാധിക്കുമോയെന്നത് കാലം തെളിയിക്കേണ്ടതാണ്.

ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരം പോസിറ്റീവ് മനോഭാവത്തോടെ കളിക്കുന്ന യുവതാരമാണ്. അവസാന സീസണിലൂടെത്തന്നെ ശ്രദ്ധ നേടിയ ബദോനി ഈ സീസണിലെ എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരം നേടുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. എന്തായാലും സിഎസ്‌കെയ്‌ക്കെതിരേ അവിസ്മരണീയ ബാറ്റിങ്ങാണ് ബദോനി കാഴ്ചവെച്ചിരിക്കുന്നത്.

Story first published: Wednesday, May 3, 2023, 19:13 [IST]
Other articles published on May 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+