ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളില്‍ അടുത്ത കാലം വരെ സ്ഥിരസാന്നിധ്യമായി കാണപ്പെട്ടിരുന്ന താരമാണ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. വമ്പടിക്കാരനായ ബാറ്ററായും പാര്‍ട്ട്‌ടൈം സ്പിന്നറായുമെല്ലാം അദ്ദേഹം ടീമിനു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി ഒരു സമയത്തു മൂന്നാം നമ്പറില്‍ റണ്‍സ് കണ്ടെത്താനാവാതെ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരുന്നപ്പോള്‍ ഈ സ്ഥാനത്തേക്കു കപില്‍ ദേവുള്‍പ്പെടെ പലരും നിര്‍ദേശിച്ച താരമായിരുന്നു ഹൂഡ.
കഴിഞ്ഞ വര്‍ഷത്തെ അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതോടെ താരപദവിയിലേക്കുയര്‍ന്ന അദ്ദേഹം ഇപ്പോള്‍ കരിയറിലെ ഏറ്റവും വലിയ ദുരന്തത്തിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ദീപക് ഹൂഡ ഈ സീസണില്‍ കാഴ്ചവച്ച അതിദയനീയ ബാറ്റിങ് പ്രകടനം കാണുമ്പോള്‍ അദ്ദേഹത്തെ വീണ്ടും ക്രിക്കറ്റില്‍ കാണുമോയെന്നു പോലും ആരും സംശയിച്ചുപോവും.

കാരണം അത്രയും പരിതാപകരമെന്നു മാത്രമേ ഹൂഡയുടെ ഈ സീസണിലെ ബാറ്റിങിനെക്കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിനു നടത്താനാവുമോയെന്ന കാര്യം പോലും സംശയമാണ്. ബാറ്റിങില്‍ നാണക്കേടിന്റെ പല ഓള്‍ടൈം റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചാണ് ദീപക് ഹൂഡ ഐപിഎല്‍ സീസണ്‍ അവസാനിപ്പിച്ചിരിക്കുന്നത്.
അടുത്ത സീസണില്‍ ലഖ്‌നൗ ടീം അദ്ദേഹത്തെ നിലനിര്‍ത്തുമോയെന്ന കാര്യവും കണ്ടുതന്നെ അറിയണം. 12 മല്‍സരങ്ങളിലാണ് ഹൂഡ ഈ സീസണില്‍ ലഖ്‌നൗവിനായി ബാറ്റിങിനിറങ്ങിയത്. ഓപ്പണിങില്‍ മുതല്‍ ഏഴാം നമ്പറില്‍ വരെ അദ്ദേഹത്തെ പരീക്ഷിച്ചു നോക്കിയെങ്കിലും എവിടെയും ക്ലച്ച് പിടിച്ചില്ല. 12 മല്‍സരങ്ങളില്‍ ദീപക് ഹൂഡയുടെ ബാറ്റിങ് ശരാശരിയെന്നത് വെറും 7.64 മാത്രം. ബൗളിങിലെ ഇക്കോണി റേറ്റാണോ ഇതെന്നു പോലും ആരും സംശയിച്ചുപോവും.
ഇത്രയും കുറഞ്ഞ ബാറ്റിങ് ശരാശരി മുമ്പൊരു സീസണിലും അദ്ദേഹത്തിനുണ്ടായിട്ടില്ല. സീസണില്‍ ഹൂഡയ്ക്കു ആകെ നേരിടാന്‍ സാധിച്ചത് വെറും 90 ബോളുകള്‍ മാത്രം. ഇവയില്‍ നിന്നുള്ള ആകെ സമ്പാദ്യം 84 റണ്‍സ്. 34 ഡോട്ട് ബോളുകള്‍ കളിച്ച ഹൂഡ ആകെ നേടിയത് മൂന്നു ഫോറും രണ്ടു സിക്‌സറുകളും മാത്രമാണ്.
ഒരു കളിയിലാണ് അദ്ദേഹത്തിനു ഇത്തവണ ഓപ്പണ്‍ ചെയ്യേണ്ടി വന്നത്. മൂന്നാം നമ്പറില്‍ ആറു തവണയും നാലാം നമ്പറില്‍ രണ്ടു തവണയും ആറാമനായി ഒരു തവണയും ഏഴാമനായി രണ്ടു തവണയും ബാറ്റ് ചെയ്തിട്ടും ഹൂഡയ്ക്കു ബാറ്റിങില്‍ പഴയ ഫോം വീണ്ടെടുക്കാന്‍ സാധിച്ചില്ല.

ഐപിഎല്ലില്‍ ഒന്നിലേറെ സീസണില്‍ എട്ടില്‍ക്കൂടുതല്‍ തവണ ഒറ്റയക്ക സ്‌കോറിനു പുറത്തായ ആദ്യത്തെ താരമെന്ന നാണക്കേട് ഈ സീസണില്‍ ദീപക് ഹൂഡയെ തേടിയെത്തിയിരിക്കുകയാണ്. ഇതിനുമുമ്പ് 2016ലായിരുന്നു അദ്ദേഹം എട്ടിലധികം ഇന്നിങ്‌സുകളില്‍ രണ്ടക്കം കടക്കാനാവാതെ ക്രീസ് വിട്ടത്.
ഹൂഡയുടെ ഐപിഎല്‍ കരിയറെടുക്കുകയാണെങ്കില്‍ 2015 മുതല്‍ അദ്ദേഹം ടൂര്‍ണമെന്റിന്റെ ഭാഗമാണ്. ഇതുവരെ 107 മല്‍സരങ്ങളില്‍ നിന്നും താരത്തിന്റെ സമ്പാദ്യം 1320 റണ്‍സാണ്. ഏഴു ഫിഫ്റ്റികളോടെയാണിത്. ഹൂഡയുടെ കരിയര്‍ ബെസ്റ്റ് ഐപിഎല്‍ സീസണെന്നു പറയാവുന്നത് കഴിഞ്ഞ വര്‍ഷത്തേതാണ്. 15 മല്‍സരങ്ങളില്‍ നിന്നും 136.67 സ്‌ട്രൈക്ക് റേറ്റോടെ 451 റണ്‍സ് ലഖ്‌നൗവിനായി അദ്ദേഹം സ്‌കോര്‍ ചെയ്തു. നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ഹൂഡയ്ക്കു ഇന്ത്യന്‍ ടീമിലേക്കു വഴി തുറന്നതും ഈ പ്രകടനം തന്നെയായിരുന്നു. കഴിഞ്ഞ സീസണിലേത് അദ്ദേഹത്തിന്റെ വണ്‍ സീസണ്‍ വണ്ടറായിരുന്നുവെന്നു പറയേണ്ടി വരും. കാരണം മറ്റൊരു സീസണിലും 200 റണ്‍സ് പോലും ഹൂഡ നേടിയിട്ടില്ല. 151 റണ്‍സ്, 144, 78, 87, 64, 101, 160, എന്നിങ്ങനെയാണ് 2015 മുതല്‍ ഓരോ സീസണിലും അദ്ദേഹം നേടിയ സ്‌കോറുകള്‍.