ഐപിഎല്ലില്‍ ഇത്തവണ തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ ശേഷം പിന്നീട് നിരാശ സമ്മാനിച്ച് പ്ലേഓഫിലെത്താനാവാതെ പുറത്തായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണിലെ റണ്ണറപ്പായതിനാല്‍ തന്നെ ഇത്തവണ റോയല്‍സ് ടീമില്‍ ആരാധകര്‍ക്കു പ്രതീക്ഷ വാനോളമായിരുന്നു. സഞ്ജു സാംസണിനു കീഴില്‍ റോയല്‍സ് ടീം കപ്പുയര്‍ത്തുന്നതും ആരാധകര്‍ സ്വപ്‌നം കണ്ടു. ഈ പ്രതീക്ഷകള്‍ ശരിവയ്ക്കുന്ന രീതിയിലായിരുന്നു റോയല്‍സ് സീസണ്‍ ആരംഭിച്ചത്.
ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച അവര്‍ കുറച്ച് ആഴ്ചകള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തു തുടരുകയും ചെയ്തു. വളരെ അനായാസം ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫിലേക്കു മുന്നേറുമെന്നു ഇതോടെ എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ സീസണ്‍ പുരോഗിക്കവെ റോയല്‍ലിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുന്നതിനു പകരം മോശമാവുകയാണ് ചെയ്തത്.

ജയിക്കാന്‍ സാധിക്കുമായിരുന്ന ചില മല്‍സരങ്ങള്‍ പോലും അവര്‍ കൈവിട്ടപ്പോള്‍ ചില കളിയില്‍ ഏകപക്ഷീയ തോല്‍വികളേറ്റു വാങ്ങുകയും ചെയ്തു. ആദ്യത്തെ അഞ്ചു മല്‍സരങ്ങള്‍ക്കു ശേഷം തുടര്‍ന്നുള്ള ഒമ്പതു മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണം മാത്രമാണ് റോയല്‍സിനു ജയിക്കാനായത്. ഇതോടെ പ്ലേഓഫ് ബെര്‍ത്തും ടീമിനു നഷ്ടമായി.
രാജസ്ഥാന്‍ റോയല്‍സിന്റെ തകര്‍ച്ചയ്ക്കു പിന്നില്‍ പല ഘടകങ്ങളും നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. കഴിഞ്ഞ തവണ റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയ ജോസ് ബട്‌ലറുടെ മോശം ഫോമും, ദുര്‍ബലമായ മധ്യനിരയും, ഡെത്ത് ഓവറുകളിലെ മോശം ബൗളിങും, തന്ത്രപരമായ പിഴവുകളുമെല്ലാം റോയല്‍സിന്റെ പതനത്തിനു വഴിയൊരുക്കി.
അടുത്ത സീസണില്‍ ഈ പോരായ്മകളെല്ലാം പരിഹരിച്ച് ശക്തമായ തിരിച്ചുവരവായിരിക്കും റോയല്‍സ് ലക്ഷ്യമിടുന്നത്. ഇത്തവണത്തെ പ്രകടനം ടീം മറക്കാനാഗ്രഹിക്കുന്നതാണെങ്കിലും സന്തോഷിക്കാന്‍ വക നല്‍കുന്ന പോസിറ്റീവായ ചില കാര്യങ്ങളും റോയല്‍സിനുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.
ആദ്യത്തെ പോസിറ്റീവെന്നു പറയാവുന്നത് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ അവിസ്മരണീയ ബാറ്റിങ് പ്രകടനമാണ്. രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഏറ്റവുമധികം അഭിമാനിക്കാനും ആഹ്ലാദിക്കാനും വക നല്‍കുന്നത് താരപദവിയിലേക്കുള്ള 21കാരന്റെ വളര്‍ച്ചയാണ്. ഒരു ഘട്ടത്തില്‍ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ജയ്‌സ്വാളിനു സ്വന്തമായിരുന്നു.

14 ഇന്നിങ്‌സുകളില്‍ നിന്നും 163.16 സ്‌ട്രൈക്ക് റേറ്റോടെ താരം അടിച്ചെടുത്തത് 626 റണ്‍സാണ്. കന്നി ഐപിഎല്‍ സെഞ്ച്വറിക്കൊപ്പം അഞ്ചു ഫിഫ്റ്റികളും ജയ്‌സ്വാള്‍ നേടുകയും ചെയ്തു. വിവിധ ടീമുകളിലെ ലോകോത്തര ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ ബാറ്റിങ് മനോഹരമായ കാഴ്ചയായിരുന്നു. ഇനിയുള്ള സീസണുകളില്‍ റോയല്‍സ് ബാറ്റിങിലെ നെടുംതൂണായി ജയ്‌സ്വാള്‍ മാറുമെന്നതില്‍ സംശയമില്ല.
റോയല്‍സിനെ സംബന്ധിച്ച് രണ്ടാമത്തെ പോസിറ്റീവ് ധ്രുവ് ജുറേലിന്റെ വരവാണ്. ടീമിലെ അപ്രതീക്ഷിത താരോദയമായി കന്നി സീസണില്‍ തന്നെ താരം മാറുകയും ചെയ്തു. ഫിനിഷറുടെ റോളില്‍ ചില തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുകള്‍ ജുറേല്‍ കാഴ്ചവച്ചിരുന്നു. ദീര്‍ഘകാലമായി ടീമിനൊപ്പമുള്ള റിയാന്‍ പരാഗ് ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായി മാറിയതോടെയാണ് ജുറേലിനെ പരീക്ഷിക്കാന്‍ റോയല്‍സ് തീരുമാനിച്ചത്.

ഇതു സര്‍പ്രൈസ് വിജയമായി മാറുകയും ചെയ്തു. 172.73 എന്ന തകര്‍പ്പന്‍ സട്രൈക്ക് റേറ്റില്‍ 152 റണ്‍സാണ് താരം നേടിയത്. ഭാവിയില്‍ റോയല്‍സിന്റെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായി ജുറേല്‍ മാറുമെന്നാണ് മുന്‍ ഇതിഹാസങ്ങളും ക്രിക്കറ്റ് പണ്ഡിതരും ചൂണ്ടിക്കാണിക്കുന്നത്.
സ്പിന്‍ ബൗളിങ് വിഭാഗമാണ് രാജസ്ഥാന്‍ റോയല്‍സിനു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന മൂന്നാമത്തെ കാര്യം. ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചഹല്‍- ആര്‍ അശ്വിന്‍ എന്നിവര്‍ക്കൊപ്പം ഈ സീസണില്‍ ഓസ്‌ട്രേലിയയുടെ ആദം സാംപ കൂടി ചേര്‍ന്നതോടെ ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്‍ ആക്രമണമായി ഇതു മാറി. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത് പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായി മാറിയ ചഹല്‍ ഇത്തവണ മോശമാക്കിയില്ല.
21 വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു. ഇതോടെ 183 വിക്കറ്റുകളെന്ന ഡ്വയ്ന്‍ ബ്രാവോയുടെ ഐപിഎല്ലിലെ ഓള്‍ടൈം റെക്കോര്‍ഡും ചഹല്‍ തകര്‍ത്തിരുന്നു. ചാഹലിനു മികച്ച പിന്തുണയാണ് അശ്വിനില്‍ നിന്നും ലഭിച്ചത്. 7.51 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകള്‍ അദ്ദേഹം നേടിയിരുന്നു. സാംപയ്ക്കു ആറു കളിയിലാണ് അവസരം ലഭിച്ചത്. എട്ടു വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.