ഐപിഎല്ലിന്റെ ചരിത്ത്രിലെ ഏറ്റവും മികച്ച സീസണുകളിലൊന്നായിരുന്നു ഇത്തവണ സമാപിച്ച 16ാമത് സീസണ്‍. അവസാനത്തെ ഓവറുകളിലേക്കും, അവസാന ബോളിലേക്കും നീണ്ട നിരവധി ത്രില്ലിങ് മല്‍സരങ്ങളാണ് ഇത്തവണ കാണാന്‍ സാധിച്ചത്. കൂടാതെ തകര്‍പ്പന്‍ വ്യക്തിഗത പ്രകടനങ്ങള്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായി. ഒടുവില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം ഐപിഎല്‍ ട്രോഫിയില്‍ മുത്തമിടുകയും ചെയ്തു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയായിരുന്നു സിഎസ്‌കെയുടെ കിരീടധാരണം. ഇതോടെ അഞ്ചു ഐപിഎല്‍ ട്രോഫികളെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും സിഎസ്‌കെ എത്തിയിരുന്നു.

അതേസമയം, സീസണില്‍ കളിക്കാന്‍ അവസരം ലഭിച്ച കുറച്ചു മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പിന്നീട് പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ട നിര്‍ഭാഗ്യവാന്‍മാരായ ചില താരങ്ങളെ നമുക്കു ഈ സീസണില്‍ കാണാം. പലപ്പോഴും ടീം കോമ്പിനേഷനില്‍ വരുത്തിയ മാറ്റങ്ങളാണ് ഇവര്‍ക്കു വിനയായി തീര്‍ന്നത്. ഇങ്ങനെയുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.
മുംബൈ ഇന്ത്യന്‍സിന്റെ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ റിലേ മെറെഡിത്താണ് ആദ്യത്തെയാള്‍. കഴിഞ്ഞ സീസണിന്റെ പകുതിയോടെയായിരുന്നു അദ്ദേഹം മുംബൈ ടീമിന്റെ ഭാഗമായത്. എട്ടു മല്‍സരങ്ങളില്‍ കളിച്ച മെറെഡിത്ത് 8.43 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. പക്ഷെ സമാപിച്ച സീസണില്‍ മെറെഡിത്തിനെ ബൗളിങില്‍ മുംബൈ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയില്ല. സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളിലും പേസര്‍ക്കു പുറത്തിരിക്കേണ്ടി വരികയായിരുന്നു.
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ സാന്നിധ്യം കാരണമാണ് റിലേ മെറെഡിത്തിന് മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവനില്‍ അവസരങ്ങള്‍ കുറഞ്ഞത്. പരിക്കേറ്റ് ആര്‍ച്ചര്‍ പുറത്തിരുന്നപ്പോള്‍ അദ്ദേഹത്തിനു അഞ്ചു മല്‍സരങ്ങില്‍ അവസരം ലഭിക്കുകയും ഇവയില്‍ നിന്നും ഏഴു വിക്കറ്റുകളെടുക്കുകയും ചെയ്തു. പക്ഷെ ആര്‍ച്ചര്‍ തിരിച്ചെത്തിയതോടെ മെറെഡിത്തിനു ടീമില്‍ സ്ഥാനവും നഷ്ടമായി. വന്‍ ഫ്‌ളോപ്പായ ആര്‍ച്ചര്‍ക്കു പകരം മെറെഡിത്തിനായിരുന്നു മുംബൈ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടിയിരുന്നത്.
സൗത്താഫ്രിക്കയുടെ സൂപ്പര്‍ താരവു മുന്‍ ക്യാപ്റ്റനുമായ ക്വിന്റണ്‍ ഡികോക്കാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. കെഎല്‍ രാഹുല്‍ നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. കഴിഞ്ഞ സീസണില്‍ സെഞ്ച്വറിയടക്കം നേടി എല്‍എസ്ജിയാക്കി ഡികോക്ക് ബാറ്റിങില്‍ കസറിയിരുന്നു. ടീമിനായി സീസണില്‍ ഏറ്റവുമധികം റണ്ണെടുത്ത രണ്ടാമത്തെ താരവും അദ്ദേഹമായിരുന്നു.
പക്ഷെ ഈ സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളിലും പുറത്തിരിക്കാനായിരുന്നു ക്വിന്റണ്‍ ഡികോക്കിന്റെ വിധി. അന്താരാഷ്ട്ര മല്‍സരങ്ങള്‍ കാരണം ഐപിഎല്‍ സീസണിലെ ആദ്യത്തെ മൂന്നു കളിയും അദ്ദേഹത്തിനു നഷ്ടമായിരുന്നു. പകരം പ്ലെയിങ് ഇലവനിലെത്തിയ വെസ്റ്റ് ഇന്‍ഡീസ് താരം കൈല്‍ മയേഴ്‌സ് തകര്‍പ്പന്‍ പ്രകടനത്തോടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

ഇതോടെ ഡികോക്കിനു അവസരത്തിനായി കാത്തിരിക്കേണ്ടി വന്നു. പരിക്കു കാരണം രാഹുല്‍ പുറത്തിരുന്നപ്പോഴായിരുന്നു ഡികോക്കിനു ഇലവനിലേക്കു വിളിയെത്തിയത്. നാലു ഇന്നിങ്‌സുകളില്‍ നിന്നും 140.20 സ്‌ട്രൈക്ക് റേറ്റോടെ 143 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. പക്ഷെ മുംബൈ ഇന്ത്യന്‍സുമായുള്ള എലിമിനേറ്റര്‍ മാച്ചില്‍ ഡികോക്കിനെ പ്ലെയിങ് ഇലവനില്‍ നിന്നും ലഖ്‌നൗ തഴയുകയായിരുന്നു. കളി ലഖ്‌നൗ തോറ്റ് പുറത്താവുകയുമായിരുന്നു.
ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നറാണ് കളിച്ച മല്‍സരങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടും ടീമില്‍ സ്ഥാനം നഷ്ടമായ മൂന്നാമത്തെ താരം. ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണയുടെ അഭാവത്തില്‍ സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും കളിച്ച സാന്റ്‌നര്‍ 6.75 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളെടുത്തിരുന്നു.
പക്ഷെ തീക്ഷണ തിരിച്ചെത്തിയതോടെ അദ്ദേഹം പുറത്താവുകയായിരുന്നു. തീക്ഷണ ബൗളിങില്‍ പലപ്പോഴും വിക്കറ്റെടുക്കാനാവാതെ പതറിയിട്ടും സാന്റ്‌നറെ പകരം കളിപ്പിക്കാന്‍ സിഎസ്‌കെ പിന്നീട് തയ്യാറായതുമില്ല.