മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാരെന്ന ചോദ്യത്തിന് പലരും പല ഉത്തരങ്ങളും പറയുമെങ്കിലും കണക്കുകള്‍ പ്രകാരം ആ വിശേഷണം രോഹിത് ശര്‍മക്ക് ചേര്‍ന്നതാണ്. ഐപിഎല്ലിലെ ചാമ്പ്യന്‍ നിരയെന്ന നേട്ടത്തിലേക്ക് മുംബൈ ഇന്ത്യന്‍സിനെ വളര്‍ത്തിയത് രോഹിത്താണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ് തുടങ്ങി പല ഇതിഹാസങ്ങളും നയിച്ചിട്ടുള്ള ടീമിനെ അഞ്ച് തവണ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചു.

ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ നാലാമനാണ് രോഹിത്. 227 മത്സരങ്ങളില്‍ നിന്ന് 222 ഇന്നിങ്‌സ് കളിച്ച് 5879 റണ്‍സാണ് രോഹിത് നേടിയത്. 129.89 സ്‌ട്രൈക്കറേറ്റുള്ള രോഹിത് ഒരു തവണയാണ് ഐപിഎല്ലില്‍ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. അവസാന സീസണില്‍ രോഹിത് ശര്‍മക്ക് കീഴിലിറങ്ങിയ മുംബൈ അവസാന സ്ഥാനക്കാരായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് മുംബൈ ആഗ്രഹിക്കുന്നത്. 16ാം സീസണില്‍ മുംബൈയുടെ തിരിച്ചുവരവ് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ പേരിലുള്ള ഐപിഎല്‍ റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് അറിയാമോ? 11 റെക്കോഡുകളാണ് രോഹിത്തിന്റെ പേരില്‍ പ്രധാനമായും ഉള്ളത്. അതില്‍ എടുത്തു പറയേണ്ടത് ക്യാപ്റ്റന്‍സി റെക്കോഡാണ്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുള്ള ഏക നായകന്‍ രോഹിത് ശര്‍മയാണ്. നാല് കിരീടമുള്ള എംഎസ് ധോണിയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ളത്. അനായാസം സിക്‌സര്‍ പറത്താനുള്ള രോഹിത്തിന്റെ കഴിവാണ് അദ്ദേഹത്തിന് ഹിറ്റ്മാനെന്ന പേര് നേടിക്കൊടുത്തതത്.

ഐപിഎല്ലിലെ സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമതുള്ള ഇന്ത്യക്കാരനെന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ്. 240 സിക്‌സുകളാണ് രോഹിത് നേടിയത്. ഇത്തവണ ഇൗ റെക്കോഡില്‍ എത്രയെണ്ണം കൂടി കൂട്ടിച്ചേര്‍ക്കാന്‍ രോഹിത്തിന് സാധിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം. ഐപിഎല്ലില്‍ കൂടുതല്‍ ബൗണ്ടറിയുള്ള ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്താണ് രോഹിത് ശര്‍മ. 519 ബൗണ്ടറികളാണ് രോഹിത്തിന്റെ ഐപിഎല്‍ കരിയറിലുള്ളത്. ഈ സീസണിലൂടെ ഈ പട്ടിക ഇനിയും ഉയരുമെന്നുറപ്പ്.
ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ നാലാമനാണ് രോഹിത് ശര്‍മ. 5879 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്തും രോഹിത്താണ്. വിരാട് കോലിയും ശിഖര്‍ ധവാനുമാണ് ഐപിഎല്ലില്‍ രോഹിത്തിനെക്കാള്‍ കൂടുതല്‍ റണ്‍സുള്ളത്. ഐപിഎല്ലില്‍ കൂടുതല്‍ മത്സരം നയിച്ച രണ്ടാമത്തെ നായകനാണ് രോഹിത് ശര്‍മ. 143 മത്സരങ്ങളിലാണ് രോഹിത് ടീമിനെ നയിച്ചത്. ഐപിഎല്ലില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുള്ള ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്താണ് രോഹിത്തുള്ളത്.

ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയുള്ള ഇന്ത്യക്കാരിലും രോഹിത് മൂന്നാം സ്ഥാനത്താണ്. 40 ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമാണ് രോഹിത്തിന്റെ പേരിലുള്ളത്. മുംബൈ ഇന്ത്യന്‍സിനായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ്. 4709 റണ്‍സാണ് അദ്ദേഹം മുംബൈക്കൊപ്പം നേടിയത്. മുംബൈ ഇന്ത്യന്‍സിനായി കൂടുതല്‍ ബൗണ്ടറി (423) കൂടുതല്‍ സിക്‌സര്‍ (189) എന്നീ റെക്കോഡുകളും രോഹിത്തിന് സ്വന്തം. ഐപിഎല്ലില്‍ ആറ് ഐപിഎല്‍ കിരീടത്തിന്റെ ഭാഗമായ ഏക നായകനും രോഹിത് ശര്‍മയാണ്.
ഇത്തവണ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം മുംബൈയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. കറെന്‍ പൊള്ളാര്‍ഡ് വിരമിക്കുകയും കറെന്‍ പൊള്ളാര്‍ഡ് പരിക്കേറ്റ് ഇത്തവണ വിട്ടുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ടീമിനെ കിരീട നേട്ടത്തിലേക്കെത്തിക്കുക രോഹിത് ശര്‍മയെ സംബന്ധിച്ച് വലിയ പ്രയാസമായിരിക്കുമെന്ന് പറയാം. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും മോശം ഫോമില്‍ കളിക്കുന്നതും രോഹിത് ശര്‍മക്ക് തലവേദന സൃഷ്ടിക്കുന്നു. ഇത്തവണ മുംബൈ എന്ത് അത്ഭുതമാവും കാട്ടുകയെന്നതാണ് കണ്ടറിയേണ്ടത്.