കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇതിനോടകം നിരവധി യുവതാരങ്ങള്‍ക്കാണ് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ അവസരം ലഭിക്കാതെ തഴയപ്പെട്ട് ഒതുങ്ങിപ്പോയവര്‍ക്ക് പോലും ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് എത്താന്‍ സാധിച്ചിട്ടുണ്ട്. ഈ പട്ടികയിലേക്ക് അധികം വൈകാതെ എത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റിങ്കു സിങ്.
കുടുംബത്തിന്റെ സാമ്പത്തിക പ്രയാസത്തിനിടെയിലും ക്രിക്കറ്റ് പ്രേമത്തെ നെഞ്ചോടുചേര്‍ത്ത് വളര്‍ന്ന താരമാണ് റിങ്കു. ഇന്ന് ഇന്ത്യന്‍ ടീമിന്റെ പടിവാതുക്കലാണ് താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഫിനിഷര്‍ റോളില്‍ തിളങ്ങിയ താരം ഒരിക്കല്‍ ഭക്ഷണത്തിന് പോലും പ്രയാസപ്പെട്ടിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയും ആസ്തിയും എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നതാണ്.

റിങ്കുവിന്റെ ആസ്തിയും പ്രതിഫലവും മാസ ശമ്പളവുമെല്ലാമറിയാം. 2017ല്‍ പഞ്ചാബ് കിങ്‌സിലൂടെയാണ് റിങ്കു ആദ്യമായി ഐപിഎല്ലിലേക്കെത്തിയത്. അന്ന് 10 ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. എന്നാല്‍ പഞ്ചാബ് കളിക്കാന്‍ അവസരം നല്‍കിയില്ല. 2018ല്‍ കെകെആര്‍ 80 ലക്ഷം രൂപക്കാണ് റിങ്കുവിനെ ഒപ്പം കൂട്ടുന്നത്. ഈ സീസണില്‍ നാല് മത്സരമാണ് അദ്ദേഹം കളിച്ചത്. 2019ല്‍ അഞ്ച് മത്സരം കളിച്ച താരത്തിന് 2020ലും വലിയ അവസരം ലഭിച്ചില്ല.
2021 സീസണില്‍ പരിക്ക് വില്ലനായതോടെ ഒരു സീസണ്‍ പോലും കളിക്കാന്‍ സാധിച്ചില്ല. 2022ല്‍ 55 ലക്ഷത്തിന് റിങ്കുവിനെ കെകെആര്‍ നിലനിര്‍ത്തി. ഈ സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് 174 റണ്‍സാണ് റിങ്കു നേടിയത്. ഈ സീസണിലും 55 ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. 2017-2023വരെയുള്ള താരത്തിന്റെ ഐപിഎല്‍ പ്രതിഫലം 4 കോടി 40 ലക്ഷം രൂപയാണ്. ഈ പ്രതിഫലത്തോടെയാണ് റിങ്കുവിന്റെ കുടുംബത്തിന്റെ ദാരിദ്ര്യം മാറിയത്.
2023ലെ റിങ്കു സിങ്ങിന്റെ ആകെ ആസ്തി 20 കോടിക്ക് മുകളിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. വാര്‍ഷിക വരുമാനം ഒന്നരക്കോടിയോളമാണ്. ഐപിഎല്ലിന് പുറമെ ആഭ്യന്തര ക്രിക്കറ്റിലും റിങ്കു സജീവമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഒരു മത്സരം കളിച്ചാല്‍ 40000-60000 രൂപയാണ് റിങ്കുവിന് പ്രതിഫലമായി ലഭിക്കുന്നത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഒരു ദിവസത്തെ പ്രതിഫലമാണിത്.

ഐപിഎല്ലിലെ മികച്ച പ്രതിഫലത്തിലൂടെ അദ്ദേഹം നല്ലൊരു വീട് സ്വന്തമാക്കി. മഹാരാഷ്ട്രക്കാരനായ റിങ്കുവിന്റെ കുടുംബം ഒറ്റമുറി വാടകവീട്ടിലാണ് നേരത്തെ കഴിഞ്ഞിരുന്നത്. എന്നാല്‍ മികച്ച പ്രതിഫലം ലഭിച്ചതോടെ നല്ലൊരു വീട് അദ്ദേഹത്തിന് നിര്‍മ്മിക്കാനായി. അത്യാഡംഭര ജീവിതമല്ലെങ്കിലും ക്രിക്കറ്റ് താരമെന്ന നിലയില്‍ മോശമല്ലാത്ത ജീവിതമാണ് അദ്ദേഹം ഇപ്പോള്‍ നയിക്കുന്നത്.
വലിയ കാര്‍ ശേഖരമൊന്നും റിങ്കുവിനില്ല. എന്നാല്‍ ടൊയോറ്റ, ഹ്യുണ്ടായി എന്നീ കമ്പനികളുടെ രണ്ട് കാറുകള്‍ അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹം സജീവമാണ്. ഇന്‍സ്റ്റ ഗ്രാമില്‍ 496 കെ ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 574 കെ ഫോളോവേഴ്‌സും റിങ്കുവിനുണ്ട്. കുടുംബത്തിന്റെ കഷ്ടപ്പാടുകളെത്തുടര്‍ന്ന് വലിയ വിദ്യാഭ്യാസം നേടാന്‍ താരത്തിനായിരുന്നില്ല.
ഇപ്പോള്‍ ചില പരസ്യ ചിത്രങ്ങളിലും റിങ്കു അഭിനയിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിലേക്കെത്തിയാല്‍ താരത്തിന്റെ പ്രതിഫലത്തിലും ആസ്തിയിലും വലിയ ഉയര്‍ച്ചയുണ്ടാവും. അടുത്ത ലേലത്തില്‍ കോടികള്‍ റിങ്കുവിന് ലഭിക്കുമെന്നുറപ്പ്. കെകെആര്‍ ഒഴിവാക്കുകയും ലേലത്തിലേക്ക് എത്തിപ്പെടുകയും ചെയ്താല്‍ 10 കോടിയിലധികം പ്രതിഫലത്തിലേക്കുയരാന്‍ കഴിവുള്ളവനാണ് റിങ്കു.
ഇന്ന് അദ്ദേഹത്തിന്റെ കുടുംബം ദാരിദ്ര്യമില്ലാതെ സന്തുഷ്ടരായി ജീവിക്കുന്നതിന് കാരണം റിങ്കുവാണ്. നാട്ടിലെ ഹീറോയായി ഇതിനോടകം മാറിയ യുവതാരത്തിന് മുന്നില്‍ വലിയ കരിയറുണ്ട്. 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ളവനാണ് റിങ്കുവെന്ന് പറയാം.