രാജസ്ഥാന്‍ റോയല്‍സിനെയും സഞ്ജു സാംസണിനെയും സംബന്ധിച്ച് ഈ സീസണിലെ ഐപിഎല്ലില്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. റോയല്‍സ് ഇനി പ്ലേഓഫിലുണ്ടാവുമെന്നു കടുത്ത ആരാധകര്‍ പോലും വിശ്വസിക്കുന്നില്ല. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ റോയല്‍സിനു ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടേറ്റ 112 റണ്‍സിന്റെ വന്‍ പരാജയമാണ് റോയല്‍സിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്.
ഈ സീസണിനെക്കുറിച്ച് തല്‍ക്കാലം മറന്നേക്കുന്നതാവും രാജസ്ഥാന്‍ റോയല്‍സിനു നല്ലത്. എവിടെയൊക്കെയാണ് പിഴവുകള്‍ പറ്റിയതെന്നും അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നുമായിരിക്കണം റോയല്‍സ് ഇനി ചിന്തിക്കേണ്ടത്. തലപ്പത്തും ടീമിലും തീര്‍ച്ചയായും ചില മാറ്റങ്ങള്‍ വരുത്തിയെങ്കില്‍ മാത്രമേ റോയല്‍സിനു അടുത്ത വര്‍ഷം മികച്ച തിരിച്ചുവരവ് നടത്താന്‍ സാധിക്കുകയുള്ളൂ. അതിനു വേണ്ടി ആദ്യം ചെയ്യേണ്ടത് നായകസ്ഥാനത്തു നിന്നും സഞ്ജു സാംസണിനെ മാറ്റുകയാണ്.

റോയല്‍സിനൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു മൂന്നാമത്തെ സീസണാണിത്. 2021ലെ സീസണിനു തൊട്ടുമുന്നായിരുന്നു ഒഴിവാക്കപ്പെട്ട സ്റ്റീവ് സ്മിത്തിനു പകരം സഞ്ജുവിനെ സ്ഥിരം ക്യാപ്റ്റനാക്കിയത്. ഈ സീസണില്‍ ടീം പ്ലേഓഫിലെത്താതെ പുറത്താവുകയും ചെയ്തു. എന്നാല്‍ 2022ല്‍ ടീം അടിമുടി ഉടച്ചു വാര്‍ത്തത് റോയല്‍സിനു ഗുണം ചെയ്തു.
ഫൈനല്‍ വരെ മുന്നേറാന്‍ അവര്‍ക്കു സാധിച്ചു. 2008ല്‍ ചാംപ്യന്‍മാരായ ശേഷം റോയല്‍സിന്റെ ആദ്യ ഫൈനലായിരുന്നു ഇത്. പക്ഷെ ഇത്തവണ അതേ ടീം തന്നെയുണ്ടായിട്ടും സഞ്ജുവിന് പ്രകടനം ആവര്‍ത്തിക്കാനായില്ല. പ്ലേഓഫ് പോലും കാണാതെ ഒരിക്കല്‍ക്കൂടി പുറത്താവുമെന്ന ആശങ്കയിലാണ് ടീം.
ഈ സീസണിന്റെ തുടക്കം മുതല്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ ആരാധകരും ചില മുന്‍ താരങ്ങളുമെല്ലാം പ്രശംസിച്ചിരുന്നു. വളരെ കൂളായി പ്രതിസന്ധി ഘട്ടങ്ങളില്‍പ്പോലും ടീമിനെ നയിക്കുന്ന അദ്ദേഹത്തെ ഇതിഹാസ നായകന്‍ എംഎസ് ധോണിയോടു പോലും ആരാധകര്‍ ഉപമിച്ചു. പക്ഷെ ഇപ്പോള്‍ അതേ ആരാധകര്‍ തന്നെ സഞ്ജുവിനു നേരെ വാളോങ്ങിയിരിക്കുകയാണ്. ചില മല്‍സരങ്ങളിള്‍ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സ് കൊണ്ട് അദ്ദേഹം ഞെട്ടിച്ചെങ്കിലും ചിലതില്‍ മണ്ടത്തരങ്ങളും കാണിച്ചു.

പലപ്പോഴും ടീം സെലക്ഷനില്‍ വ്യക്തതയില്ലാത്തതാണ് സഞ്ജുവിന്റെ പ്രധാന പ്രശ്‌നം. മാത്രമല്ല ഇടയ്ക്കിടെ ടീമില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നതും ശരിയല്ല. വിന്നിങ് കോമ്പിനേഷനെ അതേപടി നിലനിര്‍ത്തുകയെന്ന ധോണിയുടെ പോളിസി സഞ്ജുവിനും പിന്തുടരാവുന്നതായിരുന്നു. ഓരോ കളിയിലും വ്യത്യസ്ത ഇലവനെന്ന രീതി പിന്തുടര്‍ന്നത് അദ്ദേഹത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
അടുത്ത സീസണില്‍ സഞ്ജുവിനെ നായകസ്ഥാനത്തും നിന്നും മാറ്റി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ടീമിനെ നയിക്കുന്ന ജോസ് ബട്‌ലറെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നതാവും നല്ലത്. ടി20 ലോകകപ്പിലടക്കം ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയ അദ്ദേഹത്തിന്റെ നേതൃമികവ് റോയല്‍സിനു പുതിയ ദിശാബോധം നല്‍കും. മാത്രമല്ല ടീമിലെ താരങ്ങള്‍ക്കും അതു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.

കൂടുതല്‍ അഴിച്ചുപണികളൊന്നും അടുത്ത തവണ റോയല്‍സ് ടീമില്‍ ആവശ്യമില്ല. ടോപ്പ് ത്രീയില്‍ യശസ്വി ജയ്‌സ്വാള്‍, ബട്‌ലര്‍, സഞ്ജു എന്നിവര്‍ തന്നെ തുടരണം. പക്ഷെ മധ്യനിരയില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ജോ റൂട്ട്, ജോസണ്‍ ഹോള്‍ഡര്‍ എന്നീ നാലു പേരെ റോയല്‍സ് റിലീസ് ചെയ്യണം. പകരം മധ്യനിരയിലേക്കു മികച്ച ഒന്നോ, രണ്ടോ ഇന്ത്യന്‍ താരങ്ങളെയെത്തിക്കണം.
കൂടാതെ മികച്ചൊരു ഇന്ത്യന്‍ ഓള്‍റൗണ്ടറെയും റോയല്‍സിനു ആവശ്യമാണ്. അതിനു സാധിക്കുകയാണെങ്കില്‍ മധ്യനിര സെറ്റാവും. ഫിനിഷിങില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറില്‍ തന്നെ വിശ്വാസമര്‍പ്പിക്കാം. കൂടാതെ ഈ സീസണിലെ കണ്ടെത്തലായ ധ്രുവ് ജുറേലും ഭാവി വാഗ്ദാനമാണ്.
ബൗളിങിലും റോയല്‍സിനു കാര്യമായ പോരായ്മകളില്ല. യുസ്വേന്ദ്ര ചഹല്‍- ആര്‍ അശ്വിന്‍ ജോടിയെ ഒരു സീസണില്‍ കൂടി ആശ്രയിക്കാം. അശ്വിന്‍ വിരമിക്കുകയാണെങ്കില്‍ മാത്രം ഒരു ഇന്ത്യന്‍ സ്പിന്നറെക്കുറിച്ച് റോയല്‍സിനു ആലോചിക്കാം. പേസ് ബൗളിങില്‍ ഇത്തവണ പരിക്കു കാരണം പുറത്തിരുന്ന പ്രസിദ്ധ് കൃഷ്ണയുടെ തിരിച്ചുവരവ് 2024ല്‍ റോയല്‍സിനു കരുത്തേകും.
ട്രെന്റ് ബോള്‍ട്ടിനു കൂട്ടായി പ്രസിദ്ധ് ചേരുന്നത് ഇപ്പോഴത്തെ പേസ് ബൗളിങിലെ ക്ഷീണം മാറാന്‍ റോയല്‍ലിനെ സഹായിക്കുകയും ചെയ്യും. പ്രസിദ്ധിനു പകരക്കാരനായി ഇത്തവണ ടീമിലെത്തിച്ച സന്ദീപ് ശര്‍മയെ റോയല്‍സ് തീര്‍ച്ചയായും അടുത്ത സീസണിലും നിലനിര്‍ത്തേണ്ടതുണ്ട്.