മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ നാളെ ആരംഭിക്കാന്‍ പോവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തില്‍ത്തന്നെ തീപാറും പോരാട്ടമുറപ്പ്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം. ഐപിഎല്ലിലെ മത്സരത്തിന്റെ ആവേശം ആരാധകരിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന കാര്യങ്ങളിലൊന്നാണ് ചിയര്‍ ലീഡേഴ്‌സ്.
വിക്കറ്റ് പോവുമ്പോഴും സിക്‌സര്‍ പായിക്കുമ്പോഴും ബൗണ്ടറി പോകുമ്പോഴുമെല്ലാം സംഗീതത്തിനൊത്ത നൃത്തച്ചുവടുകളുമായി ചിയര്‍ ലീഡേഴ്‌സ് ആരാധകരെ ആവേശത്തിലാക്കുകയും താരങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്തു. 2007ലെ ടി20 ലോകകപ്പ് മുതല്‍ ചിയര്‍ ലീഡേഴ്‌സ് സജീവമായുണ്ട്. ചിയര്‍ ഗേള്‍സായിരുന്നു ആദ്യമുണ്ടായിരുന്നത്. പിന്നീടത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെട്ട ചിയര്‍ ലീഡേഴ്‌സായി മാറുകയായിരുന്നു.

ആരാധകര്‍ ചിയര്‍ ലീഡേഴ്‌സിന്റെ നൃത്തത്തിനൊപ്പം ആഘോഷിച്ച് മത്സരങ്ങള്‍ കാണാറുണ്ടെങ്കിലും ചിയര്‍ ലീഡേഴ്‌സിന്റെ പിന്നിലെ അറിയാ കഥകളെക്കുറിച്ച് വലിയ അറിവുള്ളവരല്ല. എന്തുകൊണ്ടാണ് ചിയര്‍ ലീഡേഴ്‌സായി ഇന്ത്യക്കാരെ പരിഗണിക്കാത്തത്?. നൃത്തത്തിന്റെ ഈറ്റില്ലമായ ഇന്ത്യയിലെ കലാകാരന്മാരെ തഴഞ്ഞ് കൂടുതലും വിദേശ ചിയര്‍ ലീഡേഴ്‌സിനെ പരിഗണിക്കുന്നതിന്റെ കാരണമെന്താണ്?. ചിയര്‍ ലീഡേഴ്‌സിന്റെ പിന്നിലെ ചില കഥകളിതാ.
ഇന്ത്യയില്‍ നല്ല മെയ് വഴക്കമുള്ളവരും നന്നായി നൃത്തം ചെയ്യാന്‍ അറിയാവുന്നവരും ഏറെയാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള കലാകാരന്മാരെ പരിഗണിച്ചാല്‍ അത് മറ്റ് സംസ്‌കാരിക ചോദ്യങ്ങളുയരാനുള്ള സാധ്യത കൂടുതലാവും. അതുകൊണ്ടാണ് വിദേശികളെ മാത്രം ഇതിനായി പരിഗണിക്കുന്നത്. ചിയര്‍ ലീഡേഴ്‌സില്‍ വെളുത്ത സ്ത്രീകളെ മാത്രമാണ് ആദ്യം പരിഗണിച്ചിരുന്നത്. വര്‍ണവിവേചനത്തിനെതിരേ ചോദ്യമുയര്‍ന്നതോടെയാണ് പിന്നീട് ഇതിന് മാറ്റമുണ്ടായത്.

തുടക്ക സമയത്ത് ഐപിഎല്ലിന്റെ മത്സരശേഷം താരങ്ങള്‍ക്ക് നിശാ പാര്‍ട്ടികള്‍ ഫ്രാഞ്ചൈസികള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ചിയര്‍ ഗേള്‍സിനെയും പങ്കെടുപ്പിച്ചിരുന്നു. ഇത് പിന്നീട് പല ഗുരുതര ആരോപണങ്ങളിലേക്കും നയിച്ചു. താരങ്ങള്‍ മോശമായി പെരുമാറിയതടക്കം പല പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെയും മോശം സ്വഭാവത്തെക്കുറിച്ച് ചിയര്‍ ഗേള്‍സ് തുറന്ന് പറയുന്ന സാഹചര്യം ഉണ്ടായി. ഇതിന് ശേഷമാണ് താരങ്ങളുടെ നിശാപാര്‍ട്ടികള്‍ തന്നെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയത്.
ചിയര്‍ ലീഡേഴ്‌സിനെ നിയമിക്കുന്നതിന് പിന്നില്‍ വമ്പന്‍ സ്രാവുകളായിരുന്നു ഉണ്ടായിരുന്നത്. ബോളിവുഡിലെ പ്രൊഡക്ഷന്‍ ഏജന്‍സികളാണ് ചിയര്‍ ഗേള്‍സിനെ ഐപിഎല്ലിലേക്കെത്തിച്ചിരുന്നത്. പലരും ബോളിവുഡില്‍ നൃത്ത രംഗങ്ങളില്‍ സഹ നര്‍ത്തകരായി അഭിനയിച്ചിട്ടുള്ളവരുമാണ്. മത്സരത്തില്‍ എപ്പോഴും ഊര്‍ജ സ്വലതയോടെ നില്‍ക്കാന്‍ ചിയര്‍ ലീഡേഴ്‌സ് ലഹരി ഉപയോഗം നടത്തിയിരുന്നുവെന്ന് പോലും വെളിപ്പെടുത്തലുകളുണ്ടായിരുന്നു.
ഐപിഎല്ലിനെത്തിയ ഭൂരിഭാഗം ചിയര്‍ ലീഡേഴ്‌സും വലിയ വിമര്‍ശനം ഉന്നയിച്ചാണ് മടങ്ങിയത്. അവരില്‍ പലര്‍ക്കും പ്രതിഫലം നല്‍കിയിരുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. കരാര്‍ തുക പ്രകാരം നിശ്ചയിച്ച പ്രതിഫലം നല്‍കാതെ പലരും വഞ്ചിച്ചുവെന്നാണ് ഇവരില്‍ പലരും പിന്നീട് വെളിപ്പെടുത്തിയത്. എന്നാല്‍ ബിസിസി ഐ പണം നല്‍കിയതാണെന്നും കരാര്‍ ഏജന്‍സിയുടെ വീഴ്ചയാണിതെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ വിവാദങ്ങളോട് പ്രതികരിച്ചത്.

ഇപ്പോള്‍ ചിയര്‍ ലീഡേഴ്‌സിന് വലിയ പ്രാധാന്യം ബിസിസി ഐ നല്‍കുന്നില്ല. അതിനുള്ള കാരണം ചിയര്‍ ഗേള്‍സിനെ പല താരങ്ങളും ദുരുപയോഗം ചെയ്തുവെന്ന തുറന്ന് പറച്ചിലാണ്. നിശാ പാര്‍ട്ടികളില്‍ വെച്ച് പല താരങ്ങളും ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്നതടക്കം വെളിപ്പെടുത്തലുണ്ടായി. പല പ്രമുഖ താരങ്ങളുടെയും മദ്യപാന ശീലത്തെക്കുറിച്ചും ഇവരില്‍ പലരും തുറന്ന് പറഞ്ഞിരുന്നു. ഇത് ടൂര്‍ണമെന്റിന്റെ സല്‍പ്പേരിനെ ബാധിക്കാന്‍ തുടങ്ങിയിരുന്നു.
താരങ്ങള്‍ക്കെതിരേയും പല വിമര്‍ശനങ്ങളുയരുകയും അവരുടെ സല്‍പ്പേര് കളങ്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായതോടെ ചിയര്‍ ഗേള്‍സിനെ പരിഗണിക്കുന്നത് ബിസിസി ഐ കുറച്ചു. ഇപ്പോള്‍ പേരിന് മാത്രം ചിയര്‍ ലീഡേഴ്‌സ് എന്ന അവസ്ഥയിലേക്കെത്തി. ഇന്ത്യന്‍ താരങ്ങളുടെ ഉള്‍പ്പെടെ പല സൂപ്പര്‍താരങ്ങളുടെയും മുഖംമൂടി ആരാധകര്‍ക്ക് മുന്നില്‍ പിച്ചിചീന്തപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോള്‍ ചിയര്‍ഗേള്‍സിനൊപ്പമുള്ള ആഘോഷം വേണ്ടെന്ന തീരുമാനത്തിലേക്ക് ബിസിസി ഐ എത്തുകയായിരുന്നു.