ഐപിഎല്ലിന്റെ 16ാം സീസണിലെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ തയ്യാറെടുത്തുകഴിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ഫ്രാഞ്ചൈസി ലീഗിനു കൊടി ഉയരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ് ഉദ്ഘാടന മല്‍സരത്തിനു വേദിയാവുക. രാത്രി 7.30ന് നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് കന്നിയങ്കം. ഐപിഎല്‍ 2008ല്‍ ആരംഭിച്ചതു മുതല്‍ തന്നെ ക്രിക്കറ്റില്‍ പല മാറ്റങ്ങളും വന്നുകൊണ്ടിരിക്കുന്നതായി നമുക്കു കാണാന്‍ സാധിക്കും. ഈ മാറ്റങ്ങളിലൊന്നാണ് മല്‍സരങങളില്‍ ഉപയോഗിക്കുന്ന സ്റ്റംപുകളില്‍ വന്നിട്ടുള്ള മാറ്റം.

നേരത്തേ മരം കൊണ്ടു നിര്‍മിച്ച വളരെ സാധാരണ രീതിയിലുള്ള സ്റ്റംപുകളായിരുന്നു നമ്മള്‍ കണ്ടു ശീലിച്ചത്. എന്നാല്‍ ഇപ്പോള്‍ നിറങ്ങള്‍ മിന്നിമറയുന്ന അതിമനോഹരമായ എല്‍ഇഡി സ്റ്റംപുളും സിങ് ബെയ്‌ലുകളും (zing bails) ഇവയുടെ സ്ഥാനത്തു നമുക്കു കാണാം. ഐപിഎല്ലില മുഴുവന്‍ മല്‍സരങ്ങളിലും ചെറുതായൊന്നു തൊട്ടാല്‍പ്പോലും മിന്നിക്കളിക്കുന്ന എല്‍ഇഡി സ്റ്റംപുകളാണ് ഉപയോഗിച്ചു വരുന്നത്. ഇത്തരം സ്റ്റംപുകള്‍ തീരുമാനങ്ങളെടുക്കുന്നതില്‍ അംപയര്‍മാരെ വളരെയധികം സഹായിക്കുകയും ചെയ്യുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
സാധാരണ സ്റ്റംപുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരിക്കും ഹൈടെക്ക് തന്നെയാണ് ഈ തരത്തിലുള്ള എല്‍ഇഡി സ്റ്റംപുകള്‍. നേരത്തേ ചില റണ്ണൗട്ടുകളോ, സ്റ്റംപിങുകളോ റീപ്ലേയില്‍ പോലും സ്ഥിരീകരിക്കുക തേര്‍ഡ് അംപയറെ സംബന്ധിച്ച് വിഷമകരമായ കാര്യമായിരുന്നു. കാരണം ചിലപ്പോഴൊന്നും ബോള്‍ വിക്കറ്റില്‍ കൊണ്ടാലും ബെയ്ല്‍സ് താഴെ വീഴണമെന്നില്ല. ഇതു തേര്‍ഡ് അംപയറെ കുഴക്കുകയും ബാറ്ററെ രക്ഷപ്പെടാന്‍ സഹായിച്ചേക്കുകയും ചെയ്യും.
എന്നാല്‍ എല്‍ഇഡി സ്റ്റംപുകള്‍ളുടെ 'കണ്ണില്‍' പൊടിയിടാന്‍ ആര്‍ക്കും കഴിയില്ല. ബോള്‍ ചെറുതായൊന്നു സ്പര്‍ശിച്ചാല്‍ പോലും സിങ് മിന്നിക്കൊണ്ടിരിക്കുകയും തേര്‍ഡ് അംപയര്‍ക്കു ഇതു വളരെ വേഗത്തില്‍ ഔട്ട് വിധിക്കാന്‍ സഹായിക്കുകയും ചെയ്യും. തേര്‍ഡ് അംപയറുടെ പിഴവ് കൊണ്ട് ബാറ്റര്‍ക്കു ആനുകുല്യം ലഭിക്കുന്നതും ഇതോടെ അവസാനിച്ചിരിക്കുകയാണ്.

പക്ഷെ സിങ് ബേലുകളെ സംബന്ധിച്ച് ഒരേയൊരു പോരായ്മയെന്നു പറയാവുന്നത് ഇവയ്ക്കു സാധാരണ ബെയ്‌ലുകളെ അപേക്ഷിച്ച് ഭാരം കൂടുതലാണ് എന്നതാണ്. അതുകൊണ്ടാണ് ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ബെയ്ല്‍സില്‍ ബോള്‍ കൊണ്ടാലും അതു 'കുലുക്കമില്ലാതെ' അവിടെ തന്നെ നില്‍ക്കുന്നത്. ബെയ്ല്‍സ് താഴെ വീണില്ലെങ്കില്‍ ബാറ്റര്‍ നോട്ടൗട്ടാണെന്ന നിയമമുള്ളതിനാല്‍ അപൂര്‍വ്വം ചില സമയങ്ങളില്‍ ഇതു ബാറ്ററെ രക്ഷിക്കുകയും ചെയ്യാറുണ്ട്. ബൗള്‍ഡായിട്ടു പോലും ചുരുക്കം ചില സമയങ്ങളില്‍ ബാറ്റര്‍ ഈ കാരണം കൊണ്ട് രക്ഷപ്പെടുന്നതിനെതിരേ നേരത്തേ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.
കാണാനുള്ള ഭംഗിയുടെ കാര്യത്തില്‍ മാത്രമല്ല വിലയുടെ കാര്യത്തിലും ഈ എല്‍ഇഡി സ്റ്റംപുകള്‍ ആരെയും ഞെട്ടിക്കും. എല്‍ഇഡികളുമ അകത്ത് സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകളുമാണ് ഇവയുടെ മൂല്യം വര്‍ധിപ്പിക്കുന്നത്. സാധാരണ സ്റ്റംപുകളേക്കാള്‍ വളരെ വലിയ വില തന്നെയാണ് ഇവയ്ക്കുള്ളത്. എല്‍ഇഡി സ്റ്റംപുകള്‍ക്കു ഏകദേശം 30 ലക്ഷത്തോളം വില വരുമെന്നാണ് കണക്കുകള്‍.

ആദ്യമായി ക്രിക്കറ്റില്‍ എല്‍ഇഡി സ്റ്റംപുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് 2014ലായിരുന്നു. ഐസിസിയുടെ ടി20 ലോകകപ്പിലൂടെയായിരുന്നു ഈ സ്റ്റംപുകളുടെ അരങ്ങേറ്റം. ഇവ വളരെ പെട്ടെന്നു ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിനു ശേഷം വൈറ്റ് ബോളിലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും പരമ്പരകളിലുമെല്ലാം എല്‍ഇഡി സ്റ്റംപുകള്‍ വ്യാപകമായി മാറി. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ടെസ്റ്റ് മല്‍സരങ്ങളിലും ഈ സ്റ്റംപുകള്‍ ഉപയോഗിക്കാറുണ്ട്.