കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കഴിഞ്ഞ ഐപിഎല്‍ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിന്റെ ബൗളിങ് വന്‍ ദുരന്തത്തില്‍ കലാശിച്ചിരുന്നു. 20ാം ഓവറിലെ ഭേദപ്പെട്ട ബൗളിങിങിലൂടെ നാണക്കേടിന്റെ ആഘാതം അല്‍പ്പമൊന്നു കുറച്ചെങ്കിലും ഉമ്രാനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന മല്‍സരം തന്നെയായിരിക്കും ഇത്.
അത്ര മാത്രം തല്ലാണ് ഒരൊറ്റ ഓവറില്‍ ഇന്ത്യുടെ ഭാവി വാഗ്ദാനമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന സ്പീഡ് സ്റ്റാര്‍ വാങ്ങിക്കൂട്ടിയത്. രണ്ടോവറുകള്‍ മാത്രമേ ഹൈദരാബാദ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഉമ്രാനക്കൊണ്ട് പരീക്ഷിച്ചുള്ളൂ. ഇതില്‍ ആദ്യത്തെ ഓവര്‍ കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിനു മണ്ടത്തരം മനസ്സിലായിക്കാണും.

രണ്ടോവറില്‍ 36 റണ്‍സാണ് ഉമ്രാന്‍ മാലിക്ക് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് അവസാനം നേടിയെങ്കിലും അതുകൊണ്ട് നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. 18 എന്ന അതി ദയനീയമായ ഇക്കോണമി റേറ്റായിരുന്നു ഈ മാച്ചില്‍ പേസറുടേത്. ആകെ വഴങ്ങിയ 36 റണ്‍സില്‍ 28ഉം ഉമ്രാന്‍ ഒരൊറ്റ ഓവറില്‍ തന്നെ വിട്ടുകൊടുത്തതാണ്.
പവര്‍പ്ലേയിലെ അവസാന ഓവറിലായിരുന്നു ഈ ബൗളിങ് ദുരന്തം. അതു വരെ വളരെ നന്നായി ഹൈദരാബാദ് ബൗള്‍ ചെയ്തു വരികയായിരുന്നു. അഞ്ചോവറില്‍ മൂന്നിന് 34 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. എന്നാല്‍ അടുത്ത ഓവര്‍ കഴിഞ്ഞപ്പോഴേക്കും സ്‌കോര്‍ മൂന്നിന് 62ലേക്കു റോക്കറ്റ് വേഗത്തില്‍ ഉയര്‍ന്നു.
ആറാം ഓവറില്‍ കെകെആര്‍ ക്യാപ്റ്റന്‍ നിതീഷ് റാണയാണ് ഉമ്രാന്റെ അന്തകനായി മാറിയത്. ആറു ബോളില്‍ നാലും ബൗണ്ടറിയടിച്ച റാണ ശേഷിച്ച രണ്ടു ബോള്‍ സിക്‌സറിലേക്കും പറത്തി. ഫോര്‍, സിക്‌സ്, ഫോര്‍, ഫോര്‍, ഫോര്‍, സിക്‌സ് എന്നിങ്ങനെയായിരുന്നു ഓരോ ബോളിലെയും റണ്‍സ്. അതിനു ശേഷം 20ാമത്തെ ഓവറിലാണ് ഉമ്രാനെ ക്യാപ്റ്റന്‍ പന്തെറിയാന്‍ വിളിച്ചത്. ഭാഗ്യം കൊണ്ട് വീണ്ടുമൊരു ദുരന്തം സംഭവിച്ചില്ല. ഒരു സിക്‌റടക്കം എട്ടു റണ്‍സ് മാത്രമേ പേസര്‍ വിട്ടുകൊടുത്തുള്ളൂ. ശര്‍ദ്ദുല്‍ ടാക്കൂറിനെ പുറത്താക്കുകയും ചെയ്തു.
ഉമ്രാന്‍ മാലിക്കിന്റെ ഈ ദയനീയ പ്രകടനത്തിന്റെ യഥാര്‍ഥ കാരണമെന്താണ്? ഉമ്രാന്റെയും നായകന്‍ എയ്ഡന്‍ മാര്‍ക്രമിന്റെയും പിഴവുകളാണ് ഇതിനു പിന്നിലെന്നു കാണാന്‍ സാധിക്കും. ഉമ്രാന്റെ ബൗളിങിലേക്കു വന്നാല്‍ യാതൊരു ലക്കും ലഗാനുമില്ലാതെയാണ് ആദ്യ ഓവര്‍ ബൗള്‍ ചെയ്തതെന്നു വ്യക്തമാണ്. വേഗതയില്‍ മാത്രമായിരുന്നു താരത്തിന്റെ ശ്രദ്ധ. ലൈനും ലെങ്ത്തും വന്‍ അബദ്ധമായിരുന്നു. വിക്കറ്റ് ലക്ഷ്യമിട്ട് ഒരു ബോള്‍ പോലും ഉമ്രാന്‍ എറിഞ്ഞില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആദ്യ ഓവറില്‍ മാത്രമല്ല രണ്ടാം ഓവറിലും ഇതു തന്നെയാണ് സംഭവിച്ചത്.

ഇത്രയും മോശം ബൗളിങിന് ഉമ്രാന് തല്ലു കിട്ടിയില്ലെങ്കില്‍ മാത്രമേ അദ്ഭുതമുള്ളൂ. ഉമ്രാന്റെ പതനത്തിന്റെ മറ്റൊരു കാരണക്കാരന്‍ ക്യാപ്റ്റന്‍ മാര്‍ക്രമാണ്. ഉമ്രാന്‍ മികച്ചൊരു പവര്‍പ്ലേ ബൗളറല്ലെന്നു എല്ലാവര്‍ക്കുമറിയാം. മുന്‍ ക്യാപ്റ്റന്‍മാരായ കെയ്ന്‍ വില്ല്യംസണും ഡേവിഡ് വാര്‍ണറും 10 ഓവറുകള്‍ക്കു ശേഷമാണ് അദ്ദേഹത്തെ പന്തേല്‍പ്പിക്കാറുള്ളത്.
ഈ ഘട്ടത്തിലാണ് ഉമ്രാന് കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുകയെന്നു അവര്‍ക്കറിയാം. പക്ഷെ മാര്‍ക്രം ചെയ്തത് പവര്‍പ്ലേ കഴിയും മുമ്പ് ആറാം ഓവറില്‍ തന്നെ ഉമ്രാനെക്കൊണ്ട് ബൗള്‍ ചെയ്യിക്കുകയെന്ന മണ്ടത്തരമായിരുന്നു. അതിനു റാണയില്‍ നിന്നു കണക്കിന് കിട്ടുകയും ചെയ്തു. ഇതു മാത്രമല്ല ഉമ്രാന്‍ ബൗള്‍ ചെയ്യവെ ഫൈന്‍ ലെഗില്‍ ഫീല്‍ഡറെ നിര്‍ത്താതിരുന്നതും മാര്‍ക്രമിന്റെ ഭാഗത്തു നിന്നുണ്ടായ വലിയൊരു വീഴ്ചയാണ്.