For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ബ്രില്യന്റ് ക്യാപ്റ്റന്‍സി, നിധീഷ് റാണയുടെ രാജതന്ത്രം! ഹൈദരാബാദിനെ പിടിച്ചുകെട്ടി

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 47ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അഞ്ച് റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ അഞ്ച് റണ്‍സിനാണ് കെകെആര്‍ വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 9 വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടാനായത്.

അവസാന ഓവറില്‍ ഹൈദരാബാദിന് ഒമ്പത് റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞുപിടിക്കുകയായിരുന്നു. കെകെആറിന്റെ ജയത്തില്‍ വരുണ്‍ കൈയടി അര്‍ഹിക്കുമ്പോഴും വാഴ്‌ത്തേണ്ടത് നിധീഷ് റാണയുടെ ക്യാപ്റ്റന്‍സി മികവിനെയാണ്. നായകനെന്ന നിലയില്‍ നിധീഷെടുത്ത നിര്‍ണ്ണായക തീരുമാനങ്ങളാണ് കെകെആറിന് വിജയമൊരുക്കിയതെന്ന് നിസംശയം പറയാം.

nitish rana

ഒരു ഘട്ടത്തില്‍ അനായാസം ഹൈദരാബാദ് വിജയലക്ഷ്യം മറികടക്കുമെന്ന് തോന്നിച്ചെങ്കിലും നിധീഷ് മെനഞ്ഞ തന്ത്രത്തില്‍ ഹൈദരാബാദ് വീണു. ഹെന്‍ റിച്ച് ക്ലാസന്റെ വിക്കറ്റ് നേടിയതാണ് മത്സരത്തെ കെകെആറിന് അനുകൂലമാക്കിയത്. 15ാം ഓവറില്‍ ശര്‍ദുല്‍ ഠാക്കൂറിനെ കൊണ്ടുവരാനുള്ള നിധീഷിന്റെ തീരുമാനമാണ് മത്സരഫലം മാറ്റിയത്. ശര്‍ദുലിന്റെ സ്ലോബോളില്‍ സിക്‌സറിന് ശ്രമിച്ച് ക്ലാസന്‍ പുറത്തായതോടെയാണ് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കെകെആറിന് ആത്മവിശ്വാസം ലഭിച്ചത്.

20 പന്തില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 36 റണ്‍സാണ് ക്ലാസന്‍ നേടിയത്. ക്ലാസന്‍ മടങ്ങിയപ്പോള്‍ വെല്ലുവിളിയായി നായകന്‍ എയ്ഡന്‍ മാര്‍ക്രം ക്രീസിലുണ്ടായിരുന്നു. 40 പന്ത് നേരിട്ട് 41 റണ്‍സുമായി നിന്ന മാര്‍ക്രത്തെ വൈഭവ് അറോറയാണ് പുറത്താക്കിയത്. ആന്‍ഡ്രേ റസലിനെ പരീക്ഷിക്കാതെ യുവതാരങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച നിധീഷിന് തെറ്റിയില്ല. നേരിട്ട് പരിചയമില്ലാത്ത വൈഭവിന് മുന്നില്‍ മാര്‍ക്രത്തിന് മുട്ടുമടക്കേണ്ടി വന്നതോടെ മത്സരം കെകെആറിന് അനുകൂലമായി.

അവസാന ഓവറിലേക്ക് ആവേശം നീണ്ടപ്പോള്‍ ആരാവും അവസാന ഓവര്‍ എറിയുകയെന്നതായിരുന്നു പ്രധാന ചോദ്യം. ഹൈദരാബാദിന് ഒമ്പത് റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന സാഹചര്യത്തില്‍ അബ്ദുല്‍ സമദ് ക്രീസിലുണ്ടായിരുന്നു. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് സമദ്. വൈഭവ് അറോറ, ശര്‍ദുല്‍ ഠാക്കൂര്‍, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, അനുകുല്‍ റോയ് എന്നിവര്‍ക്കെല്ലാം ഓവര്‍ ബാക്കിയുണ്ടായിരുന്നു.

അവസാന ഓവര്‍ എറിയാന്‍ റസലിനെയോ നരെയ്‌നെയോ പ്രതീക്ഷിച്ചിരിക്കവെയാണ് അപ്രതീക്ഷിതമായി നിധീഷ് വരുണ്‍ ചക്രവര്‍ത്തിക്ക് പന്തേല്‍പ്പിക്കുന്നത്. 16ാം ഓവറില്‍ നാല് റണ്‍സും 18ാം ഓവറില്‍ അഞ്ച് റണ്‍സും മാത്രം വിട്ടുകൊടുത്ത വരുണില്‍ അവസാന ഓവറിലും നിധീഷ് വിശ്വാസം അര്‍പ്പിച്ചപ്പോള്‍ ആ തീരുമാനം തെറ്റിയില്ല. വെറും 3 റണ്‍സ് മാത്രമാണ് അവസാന ഓവറില്‍ വരുണ്‍ വിട്ടുകൊടുത്തത്. അബ്ദുല്‍ സമദിന്റെ വിക്കറ്റും നേടി.

varun chakravathy, kkr

നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വരുണ്‍ ഒരു വിക്കറ്റ് നേടിയത്. അവസാന പന്തില്‍ ഹൈദരാബാദിന് ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ ഭുവനേശ്വര്‍ കുമാറിനെ പന്ത് തൊടാന്‍ പോലും വരുണ്‍ അനുവദിച്ചില്ല. പിച്ചിന്റെ ആധിപത്യത്തെ പൂര്‍ണ്ണമായും മുതലാക്കുന്ന ബൗളിങ് പ്രകടനമാണ് വരുണ്‍ കാഴ്ചവെച്ചത്. പേസറെക്കൊണ്ട് അവസാന ഓവര്‍ എറിയിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാവുമായിരുന്നു.

അബ്ദുല്‍ സമദ് പേസിനെ നന്നായി നേരിടുന്ന താരമാണ്. ഇത് മനസിലാക്കിയാണ് നിധീഷ് വരുണിനെ പന്തേല്‍പ്പിച്ചത്. ഇത്തരം നിര്‍ണ്ണായക സമയത്ത് നരെയ്‌നെയാണ് കെകെആര്‍ വിശ്വസിക്കാറുള്ളത്. എന്നാല്‍ സമീപകാലത്തായി മോശം ഫോമിലുള്ള നരെയ്‌ന് പകരം വരുണിന്റെ മികവില്‍ നിധീഷ് അര്‍പ്പിച്ച വിശ്വാസമാണ് കെകെആറിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്.

ബാറ്റുകൊണ്ടും നിധീഷ് റാണക്ക് തിളങ്ങാനായി. കെകെആറിന്റെ ടോപ് ഓഡര്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നപ്പോള്‍ 31 പന്തില്‍ 42 റണ്‍സുമായി മികവ് കാട്ടാന്‍ നിധീഷിനായി. മൂന്ന് വീതം സിക്‌സും ഫോറുമാണ് താരം പറത്തിയത്. നായകനെന്ന നിലയില്‍ ബൗളിങ് ചെയ്ഞ്ച് വരുത്തിയതിലും ഫീല്‍ഡിങ് വിന്യാസത്തിലും നിധീഷ് കാട്ടിയ മികവാണ് കെകെആറിന് ത്രില്ലിങ് ജയം സമ്മാനിച്ചതെന്ന് പറയാം.

Story first published: Friday, May 5, 2023, 0:02 [IST]
Other articles published on May 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+