ഐപിഎല്ലില്‍ ഇത്തവണ തികച്ചും അപ്രതീക്ഷിതായി ടീമിനെ നയിക്കാന്‍ അവസരം ലഭിച്ച ക്യാപ്റ്റനാണ് ഇന്ത്യന്‍ യുവതാരം നിതീഷ് റാണ. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്‍റെ സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം വിശ്രമം ആവശ്യമായി വന്നപ്പോള്‍ താല്‍ക്കാലിക നായകനായി റാണയ്ക്കു നറുക്കുവീഴുകയായിരുന്നു. അദ്ദേഹത്തേക്കാള്‍ അനുഭവസമ്പത്തുളള ചില താരങ്ങള്‍ കെകെആര്‍ സ്‌ക്വാഡിലുണ്ടായിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റ് നായകസ്ഥാനത്തേക്കു കണ്ടത് റാണയെയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നേരത്തേ നായകനായിട്ടുണ്ടെങ്കിലും ഐപിഎല്‍ പോലെയൊരു വലിയ ലീഗില്‍ റാണയുടെ ക്യാപ്റ്റന്‍സി എന്താവുമെന്ന് സീസണിന്റെ തുടക്കം മുതല്‍ ആശങ്കകളുണ്ടായിരുന്നു.
ഇതു ശരിവച്ചുകൊണ്ടായിരുന്നു റാണയ്ക്കു കീഴില്‍ കെകെആറിന്റെ തുടക്കം. ആദ്യ കളിയില്‍ പഞ്ചാബ് കിങ്‌സിനോടു അവര്‍ മഴ നിയമപ്രകാരം ഏഴു റണ്‍സിനു പരാജയപ്പെടുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ടു മാച്ചുകളില്‍ കെകെആര്‍ വിജയം കൊയ്തതോടെ റാണയുടെ ക്യാപ്റ്റന്‍സി അത്ര മാത്രം മോശമല്ലെന്നു പലരും തിരുത്തിപ്പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ കെകെആര്‍ വീണ്ടും തോല്‍വിയിലേക്കു വീണു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 23 റണ്‍സിനായിരുന്നു കെകെആര്‍ പരാജയം സമ്മതിച്ചത്.

ക്യാപ്റ്റനെന്ന നിലയില്‍ വലിയൊരു പിഴവ് നിതീഷ് റാണയുടെ ഭാഗത്തു നിന്നും സംഭവിച്ചതാണ് മല്‍സരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നും വഴുതിപ്പോവാനുള്ള പ്രധാന കാരണം. അല്ലായിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നായി മാറിയേനെ. കെകെആര്‍ ബൗളിങ് നിരയില്‍ ഏറ്റവുമധികം ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന പേസര്‍മാരില്‍ ഒരാളാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍.
കൂട്ടുകെട്ടുകള്‍ തകര്‍ക്കുന്നതില്‍ അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. റണ്‍സ് കുറച്ചധികം വിട്ടുകൊടുത്താലും നിര്‍ണായക വിക്കറ്റുകള്‍ നേടാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. നേരത്തേ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ശര്‍ദ്ദുലിന്റെ ഈ കഴിവ് നന്നയി പ്രയോജനപ്പെടുത്തിയിരുന്നു. ടീമിലെ മറ്റു ബൗളര്‍മാരെല്ലാം ബ്രേക്ക്ത്രൂ നല്‍കാന്‍ സാധിക്കാതെ പാടുപെടുമ്പോള്‍ കോലിയുടെ പ്രധാന ആശ്രയം അദ്ദേഹമായിരുന്നു. ശര്‍ദ്ദുല്‍ ഈ പ്രതീക്ഷ കാക്കുകയും നിര്‍ണായക ഘട്ടങ്ങളില്‍ പല തവണ വിക്കറ്റുകളെടുത്ത് ടീമിന്റെ രക്ഷകനാവുകയും ചെയ്തിട്ടുണ്ട്.
പക്ഷെ ഹൈദരാബാദുമായുള്ള കഴിഞ്ഞ മാച്ചില്‍ ശര്‍ദ്ദുല്‍ കെകെആര്‍ ടീമില്‍പ്പോലും ഇല്ലെന്ന തരത്തിലായിരുന്നു ക്യാപ്റ്റന്‍ നിതീഷ് റാണയുടെ നീക്കങ്ങള്‍. ഒരു ഘട്ടത്തില്‍ ഒരോവര്‍ പോലും ശര്‍ദ്ദുലിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കില്ലെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ 19ാം ഓവറിന്റെ പകുതിയില്‍ വച്ച് ശര്‍ദ്ദുലിനോടു റാണ ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഓവര്‍ എറിഞ്ഞുകൊണ്ടിരുന്നത് ആന്ദ്രെ റസ്സലായിരുന്നു.
പക്ഷെ ആദ്യ ബോളിനു ശേഷം അദ്ദേഹത്തിനു പേശീവലിവ് അനുഭവപ്പെടുകയും തുടര്‍ന്ന് ഗ്രൗണ്ട് വിടുകയുമായിരുന്നു. ഓവറിലെ ശേഷിച്ച അഞ്ചു ബോളുകളെറിയാനാണ് ശര്‍ദ്ദുലിനെ റാണ വിളിച്ചത്. ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് ഒരോവര്‍ പോലും കൊടുക്കാതെ പകരക്കാരനായി ഓവര്‍ തികയ്ക്കാന്‍ മാത്രം നിയോഗിച്ചത് അപമാനിക്കുന്നതിനു തുല്യമാണെന്നു തന്നെ പറയാം.

കളിയില്‍ വളരെ നേരത്തേ തന്നെ കെകെആര്‍ ക്യാപ്റ്റന്‍ റാണ ശര്‍ദ്ദുലിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കേണ്ടിയിരുന്നു. മൂന്നാംവിക്കറ്റില്‍ ഹാരി ബ്രൂക്ക്- എയ്ഡന്‍ മാര്‍ക്രം സഖ്യവും നാലാം വിക്കറ്റില്‍ ബ്രൂക്ക്- അഭിഷേക് ശര്‍മ സഖ്യവും 72 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇതാണ് ഹൈദരാബാദിനെ ജയിക്കാന്‍ ഏറെജ ദുഷ്‌കരമായ 228 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിച്ചത്.
ഈ രണ്ടു ജോടികളെയും വേര്‍പിരിക്കാന്‍ റാണയ്ക്കു ശര്‍ദ്ദുലിനെ പരീക്ഷിച്ചു നോക്കാമായിരുന്നു. അദ്ദേഹം ഒരു ബ്രേക്ക്ത്രൂ നല്‍കിയിരുന്നെങ്കില്‍ വലിയൊരു സ്‌കോര്‍ നേടുന്നതില്‍ നിന്നും എസ്ആര്‍എച്ചിനെ തടയാനും സാധിക്കുമായിരുന്നു. പക്ഷെ അങ്ങനെയൊരു ശ്രമം റാണയുടെ ഭാഗത്തു നിന്നുണ്ടായില്ല. മറ്റു ബൗളര്‍മാര്‍ക്കു കൂട്ടുകെട്ട് തകര്‍ക്കാന്‍ സാധിക്കാതെ പോവുകയും ചെയ്തതോടെ ഹൈദരാബാദിന് മൂക്കുകയറിടാന്‍ കെകെആറിനായില്ല.