ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമെന്നു താരങ്ങളും ആരാധകരുമെല്ലാം ഒരുപോലെ വിശേഷിപ്പിച്ച സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ പഞ്ഞിക്കിട്ട് നിതീഷ് റാണ. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള മാച്ചിലായിരുന്നു സംഭവം. കെകെആര്‍ നായകന്‍ കൂടിയായ റാണ ഉമ്രാനെ നിലം തൊടീക്കാതെ പറപ്പിക്കുകയായിരുന്നു.
28 റണ്‍സാണ് പേസറുടെ ഒരോവറില്‍ റാണ വാരിക്കൂട്ടിയത്. ഫോറുകളും സിക്‌സറുകളും മാത്രമേ ഈ ഓവറിലുണ്ടായിരുന്നുള്ളൂ. ഈഡന്‍ ഗാര്‍ഡന്‍സിലെ കെകെആര്‍ ആരാധകര്‍ക്കു വിരുന്നായി ഈ ഓവര്‍ മാറുകയായിരുന്നു. ആറാം ഓവറിലായിരുന്നു ഉമ്രാനെതിരേ റാണയുടെ സംഹാര താണ്ഡവം. ഫോര്‍, സിക്‌സ്, ഫോര്‍, ഫോര്‍, ഫോര്‍, സിക്‌സ് എന്നിങ്ങനെയായിരുന്നു ഈ ഓവറില്‍ റണ്‍സ് പിറന്നത്.

അഞ്ചോവര്‍ പൂര്‍ത്തിയാവുമ്പോള്‍ കൊല്‍ക്കത്ത മൂന്നിന് 34 റണ്‍സെന്ന നിലയിലായിരുന്നു. ഈ ഘട്ടത്തിലാണ് ഉമ്രാന്‍ മാലിക്കിനെ എയ്ഡന്‍ മാര്‍ക്രം പന്തേല്‍പ്പിച്ചത്. പിന്നെ കണ്ടത് മാലപ്പടക്കം കണക്കെ ഷോട്ടുകളായിരുന്നു. ആദ്യത്തെ ബോള്‍ ഷോര്‍ട്ട് ബൗണ്‍സറായിരുന്നു. റാണ ഇതു പുള്‍ ഷോട്ടിലൂടെ ബൗണ്ടറി കടത്തി. ഷോര്‍ട്ട് ഫൈന്‍ ലെഗിലൂടെയായിരുന്നു ബോളിന്റെ യാത്ര. അടുത്തതും ഷോര്‍ട്ട് ബോള്‍. ഇത്തവണ മറ്റൊരു പുള്‍ ഷോട്ട്, ബോള്‍ നേരെ സിക്‌സറില്‍ പതിക്കുന്നു.
മൂന്നാമത്തെ ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിലൂടെ റാണ ബൗണ്ടറിയിലേക്കു പായിച്ചു. ഇതോടെ ഉമ്രാന്‍ പ്രതിരോധത്തിലായി. റാണയ്ക്കു നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. നാലാമത്തെ ബോള്‍ ഷോര്‍ട്ട് വൈഡായിരുന്നു. കവര്‍ പോയിന്റിനി മുകളിലൂടെ അദ്ദേഹത്തിന്റെ കട്ട് ഷോട്ട് ബൗണ്ടറി കടന്നു. അഞ്ചാമത്തെ ബോളില്‍ മറ്റൊരു ബൗണ്ടറി. എഡ്ജ് ചെയ്ത ബോള്‍ ഷോര്‍ട്ട് ഫൈന്‍ ലെഗിലൂടെ ബൗണ്ടറി കടന്നു. അവസാന ബോളില്‍ സിക്‌സറടിച്ച് രാജകീയമായി തന്നെ റാണ ഓവറും അവസാനിപ്പിക്കുകയായിരുന്നു. ബാക്ക്‌വേര്‍ഡ് പോയിന്റ്ിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിക്‌സര്‍.
ഈ മാരത്തണ്‍ ഓവറിനു ശേഷം 20മത്തെ ഓവര്‍ ഉമ്രാന് നല്‍കാനുള്ള ധൈര്യം ഹൈദരാബാദ് ക്യാപ്റ്റന്‍ മാര്‍ക്രം കാണിച്ചു. 32 റണ്‍സായിരുന്നു ഓവറില്‍ കെകെആറിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ ഒരു സിക്‌സുള്‍പ്പെടെ എട്ടു റണ്‍സ് മാത്രമേ പേസര്‍ വിട്ടുകൊടുത്തുള്ളൂ. ഒരു വിക്കറ്റ് നേടുകയും ചെയ്തു. എന്നാല്‍ നേരത്തേ റാണയ്ക്കു ഒരോവറില്‍ 28 റണ്‍സ് വിട്ടുകൊടുത്തതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉമ്രാനെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഉമ്രാന്‍ മാലിക്കിനു വേഗതയുണ്ട്. പക്ഷെ ലൈനും ലെങ്ത്തുമില്ല. കൂടാതെ ബൗള്‍ ചെയ്യുമ്പോള്‍ ശരിയായ ഒരു കാഴ്ചപ്പാടുമില്ല. ഒു നിശ്ചിത വേഗതയില്‍ ബോള്‍ വെറുതെയങ്ങ് എറിയുക മാത്രമാണ് ചെയ്യുന്നതെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യക്കു വെറുമൊരു സാധാരണ പേസറെയാണ് ഉമ്രാന്‍ മാലിക്കിലൂടെ ലഭിച്ചിരിക്കുന്നത്. പക്ഷെ അദ്ദേഹം ഷുഐബ് അക്തറിനെ മറികടക്കുമെന്ന് അവര്‍ സ്വപ്‌നം കാണുകയാണ്. പാകിസ്താനില്‍ ഉമ്രാനെപ്പോലെയുള്ള നിരവധി പേസര്‍മാരുണ്ടെന്നായിരുന്നു ഒരു പരിഹാസം.
ഇവനാണോ ഇന്ത്യന്‍ ക്രിക്കറ്റിന്റെ യഥാര്‍ഥ ഭാവിയെന്നു വിളിക്കപ്പെടുന്ന ഉമ്രാന്‍ മാലിക്കെന്നായിരുന്നു ഒരു പരിഹാസം. ഉമ്രാന്‍ മാലിക്ക് പവര്‍പ്ലേ ബൗളറല്ല. അദ്ദേഹത്തിനു ആറോവറിനുള്ളില്‍ പന്തേല്‍പ്പിച്ചത് ക്യാപ്റ്റന്റെ മോശം തീരുമാനമാണ്. ആറോവറിനു ശേഷമായിരുന്നെങ്കില്‍ ഒരോവറില്‍ റാണയെ മൂന്നു തവണയെങ്കിലും പുറത്താക്കാന്‍ ഉമ്രാനു സാധിക്കുമായിരുന്നെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.