ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള സൂപ്പര്‍ പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനത്തെ പുകഴ്ത്തി ആരാധകര്‍. ഹൈദരാബാദ് നിരയിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാരെല്ലാം റണ്‍സ് വാരിക്കോരി നല്‍കിയപ്പോള്‍ ഒരു മെയ്ഡനടക്കം എറിഞ്ഞാണ് ഭുവി കൈയടി നേടിയിരിക്കുന്നത്.
നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 29 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും അദ്ദേഹം നേടി. 7.2 ഇക്കോണമി റേറ്റിലായിരുന്നു ഇത്. സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെ കഴിഞ്ഞാല്‍ ഹൈദരാബാദ് ബൗളിങ് നിരയില്‍ ഏറ്റവും മികച്ച ബൗളിങ് പുറത്തെടുത്തത് ഭുവിയായിരുന്നു. എസ്ആര്‍എച്ചിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാരായ മാര്‍ക്കോ യാന്‍സണ്‍ (9.2), ടി നടരാജന്‍ (13.50), ഉമ്രാന്‍ മാലിക്ക് (18) എന്നിങ്ങനെയാണ് മറ്റു പേസര്‍മാരുടെ ഇക്കോണമി റേറ്റ്.

229 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഗംഭീര തുടക്കമായിരുന്നു ഭുവനേശ്വര്‍ കുമാര്‍ നല്‍കിയത്. ആദ്യ ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ അപകടകാരിയായ അഫ്ഗാനിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ ഭുവി പുറത്താക്കി. തേര്‍ഡ് മാനില്‍ ഗുര്‍ബാസിനെ ഉമ്രാന്‍ മാലിക്ക് പിടികൂടുകയായിരുന്നു. ഈ ഓവര്‍ ഭുവി മെയ്ഡനാക്കുകയും ചെയ്തു. ഒരു റണ്‍സ് കെകെആറിന് ഓവറില്‍ ലഭിച്ചെങ്കിലും അതു ലെഗ് ബൈ ആയിരുന്നു.
മൂന്നാമത്തെ ഓവറില്‍ ഭുവിക്ക് രണ്ടാമത്തെ വിക്കറ്റും ലഭിക്കേണ്ടിയിരുന്നത്. പക്ഷെ എന്‍ ജഗദീശന്റെ റിട്ടേണ്‍ ക്യാച്ച് അദ്ദേഹം പാഴാക്കി. ഓഫ് സ്റ്റംപിന് പുറത്ത് ഗുഡ്‌ലെങ്ത് ബൗണ്ടറിയായിരുന്നു ഭുവി പരീക്ഷിച്ചത്. ജഗദീശന്റെ ഷോട്ട് അദ്ദേഹത്തിനു നേരെയാണ് വന്നത്. പക്ഷെ ഭുവി അങ്ങനെയൊരു ഷോട്ട് പ്രതീക്ഷിച്ചിരുന്നില്ലെന്നു പറയേണ്ടി വരും. അതുകൊണ്ടു തന്നെ അദ്ദേഹം അതു പാഴാക്കുകയും ചെയ്തു. ഈ ഓവറില്‍ രണ്ടു ഫോറുള്‍പ്പെടെ 12 റണ്‍സ് ഭുവി വഴങ്ങി.
ഭുവിയെ ക്യാപ്റ്റന്‍ മാര്‍ക്രം പിന്നീട് പന്തേല്‍പ്പിച്ചത് 15ാമത്തെ ഓവറിലായിരുന്നു ഇത്. കെകെആര്‍ ക്യാപ്റ്റന്‍ നിതീഷ് റാണയും റിങ്കു സിങും തകര്‍ത്ത് കളിക്കവെയായിരുന്നു ഇത്. ഈ ഓവറില്‍ ഒരു ഫോറടക്കം ഏഴു റണ്‍സ് മാത്രമേ ഭുവി വഴങ്ങിയുള്ളൂ. തൊട്ടുമുമ്പത്തെ ഓവറില്‍ നടരാജന്‍ 14ഉം ഭുവിക്കു ശേഷമുള്ള ഓവറില്‍ യാന്‍സണ്‍ 17ഉം റണ്‍സ് വിട്ടുനല്‍കിയിരുന്നു.
18ാം ഓവറിലും ഭുവി ഉജ്ജ്വലമായി പന്തെറിഞ്ഞു. ഒരു ഫോറടക്കം 10 റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. കൊല്‍ക്കത്ത ഏഴു വിക്കറ്റിനു 205 റണ്‍സെന്ന വലിയ സ്‌കോര്‍ നേടിയിട്ടും ഭുവി ഒരു മെയ്ഡനടക്കം ഒരു വിക്കറ്റ് വീഴ്ത്തിയെന്നത് തീര്‍ച്ചയായും കൈയടിക്കേണ്ട പ്രകടനം തന്നെയാണ്.

സോഷ്യല്‍ മീഡയയില്‍ ആരാധകര്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ്. ഭുവി ചാംപ്യന്‍ ബൗളറാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷെ ഐസിസി ഇവന്റുകളില്‍ അദ്ദേഹം നിര്‍ഭാഗ്യവാനാണെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം. ഭുവനേശ്വര്‍ കുമാര്‍ വളരെ അണ്ടര്‍ റേറ്റഡായിട്ടുള്ള ബൗളറാണ്. വര്‍ഷങ്ങളായി അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
ഐപിഎല്ലില്‍ രണ്ടു പര്‍പ്പിള്‍ ക്യാപ്പുകള്‍ ഭുവി നേടിയിട്ടുണ്ടെന്നത് മറക്കാന്‍ പാടില്ല. എന്നിട്ടും അദ്ദേഹം ജസ്പ്രീത് ബുംറയോളം മഹാനല്ലെന്നാണ് ആളുകള്‍ കരുതുന്നതെന്നുമായിരുന്നു ഒരു യൂസര്‍ കുറിച്ചത്. ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങിനു വേഗത കുറവാണ്. പക്ഷെ ലൈനും ലെങ്ത്തുമാണ് അദ്ദേഹത്തെ ഇലവനിലെ ഏറ്റവും മികച്ച ബൗളറാക്കി മാറ്റുന്നത്. ഭുവി ഇതിഹാസമാണെന്നും ഒരു യൂസര്‍ പുകഴ്ത്തി. വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഭുവനേശ്വര്‍ കുമാര്‍ വേണമെന്നായിരുന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടത്.