കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഐപിഎല്‍ മാച്ചില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചിരികകുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരി. വലിയ മനസ്സുള്ള ഒരു നായകനാണ് സഞ്ജുവെന്നും ഇങ്ങളെയുള്ളവരെ അധികം കാണാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫിഫ്റ്റിക്ക് തൊട്ടരികിലായിട്ടും സഞ്ജു അതിനു ശ്രമിക്കാതെ ബാറ്റിങ് പങ്കാളിയായ യശസ്വി ജയ്‌സ്വാളിനു സെഞ്ച്വറി നേടാന്‍ അവസരമൊരുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തതിനെയാണ് തിവാരി പുകഴ്ത്തിയിരിക്കുന്നത്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജു സാംസണിന്റെ മനസ്സ് എത്ര മാത്രം വലുതാണെന്നു ഈ സംഭവം നമുക്കു കാണിച്ചുതരുന്നു.

എംഎസ് ധോണിയും വിരാട് കോലിയുമുള്‍പ്പെട്ട പഴയൊരു സംഭവം ഇവിടെ ആവര്‍ത്തിക്കുകയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മല്‍സരത്തിലായിരുന്നു അതെന്നാണ് എന്റെ ഓര്‍മ. അന്നു ധോണിക്കു ഷോട്ട് കളിച്ച് ടീമിന്റെ വിജയറണ്‍സ് നേടാനുള്ള അവസരം ലഭിച്ചിരുന്നു. പക്ഷെ അദ്ദേഹം അതിനു ശ്രമിക്കാതെ കോലിക്കു ഇതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു. വിരാടായിരുന്നു ടീമിനായി അന്നു കൂടുതല്‍ റണ്‍സ് നേടിയതെന്നും മനോജ് തിവാരി വിശദമാക്കി.
ഇത്തരം പ്രവര്‍ത്തികള്‍ എല്ലാവരില്‍ നിന്നും നമുക്കു കാണാന്‍ സാധിക്കുന്നതല്ല. നിങ്ങള്‍ ശരിക്കും മറ്റൊരാളുടെ നല്ലതിനു വേണ്ടി ചിന്തിക്കുമ്പോള്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ സഭവിക്കുകയുള്ളൂ. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പ്രത്യേകതയും ഇതു തന്നെയാണ്. സഞ്ജു സാംസണ്‍ വളരെ നിസ്വാര്‍ഥനായ ക്യാപ്റ്റനാണ്. അദ്ദഹം എല്ലായ്‌പ്പോഴും ടീമിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. കൂടാതെ ബാറ്റ് ചെയ്യുമ്പോള്‍ തനിക്കു മുന്നിലുള്ള, ഒപ്പമുള്ളയാളെക്കുറിച്ചാണ് ആലോചിക്കുന്നത്. യശസ്വി ജയ്‌സ്വാളിന്റെ കാര്യത്തില്‍ സഞ്ജുവിന്റെ പെരുമാറ്റം എനിക്കു ഏറെ ഇഷ്ടമായെന്നും മനോജ് തിവാരി വിലയിരുത്തി.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ യശസ്വി ജയ്‌സ്വാള്‍ ഗംഭീരമായിട്ടാണ് ബാറ്റ് ചെയ്തത്. അവന്‍ ബാറ്റ് ചെയ്ത രീതി ടീമിലെ മറ്റു ബാറ്റര്‍മാരെയും സഹായിക്കുന്നതാണ്. കാരണം പുതുതായി ക്രീസിലെത്തുന്ന ഒരു താരം ജയ്‌സ്വാളിനെയാണ് മറുവശത്ത് കാണുന്നത്. അതു കാണുമ്പോള്‍ പുതുതായെത്തുന്ന ബാറ്ററുടെ സമ്മര്‍ദ്ദം ഇല്ലാതെയാവും. അതു വളരെ അനായാസം അയാളം സ്‌കോര്‍ ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

ജയ്‌സ്വാളില്‍ നിന്നും നന്നായി പ്രഹരമേറ്റു വാങ്ങിയതിനാല്‍ അതിന്റെ സമ്മര്‍ദ്ദം തീര്‍ച്ചയായും ബൗളര്‍മാര്‍ക്കുമേല്‍ ഉണ്ടായിരിക്കും. അവര്‍ ഈ സമ്മര്‍ദ്ദത്തോടെയായിരിക്കും പുതിയൊരു ബാറ്റര്‍ക്കെതിരേയും ബൗള്‍ ചെയ്യുക. ഇതു ബൗളറുടെ ഭാഗത്തു നിന്നും പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും. ഈ മല്‍സരത്തില്‍ സഞ്ജു സാംസണിനു ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും മനോജ് തിവാരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷമാണ് കൊല്‍ക്കത്തയ്‌ക്കെതിരേ വമ്പന്‍ ജയവുമായി രാജസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിനു നിതീഷ് റാണയെയും സംഘത്തെയും സഞ്ജുവും കൂട്ടരും വാരിക്കളയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ എട്ടു വിക്കറ്റിനു 149 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ റോയല്‍സ് പകുതി ജോലി പൂര്‍ത്തിയാക്കിയിരുന്നു.
റണ്‍ചേസില്‍ യശസ്വി ജയ്‌സ്വാളിന്റെ (47 ബോളില്‍ 98*) തീപ്പൊരി ഇന്നിങ്‌സ് റോയല്‍സിനു കാര്യങ്ങള്‍ എളുപ്പമാക്കി. വെറും 13.1 ഓവറില്‍ ഒരു വിക്കറ്റിനു റോയല്‍സ് ലക്ഷ്യത്തിലെത്തുകയായിരുന്നു. 13 ഫോറും അഞ്ചു സിക്‌സറും ജയ്‌സ്വാളിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സഞ്ജു 29 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറുമടക്കം 48 റണ്‍സോടെ പുറത്താവാതെ നിന്നു.