For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇതാവണമെടാ ക്യാപ്റ്റന്‍, ജയ്‌സ്വാളിനായി ഫിഫ്റ്റി വേണ്ടെന്ന് വെച്ചു! സഞ്ജുവിന് പ്രശംസ

കൊല്‍ക്കത്ത: തുടര്‍ച്ചയായ മൂന്ന് തോല്‍വികളുടെ എല്ലാ ക്ഷീണവും തീര്‍ത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ മറികടക്കാന്‍ രാജസ്ഥാനായി. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും സഞ്ജുവിന്റെ മിന്നല്‍ പ്രകടനമാണ് മൈതാനത്ത് കണ്ടത്.

മത്സരത്തില്‍ യശ്വസി ജയ്‌സ്വാള്‍ 98* റണ്‍സും സഞ്ജു 48* റണ്‍സും നേടി പുറത്താവാതെ നിന്നു. ദൗര്‍ഭാഗ്യവശാല്‍ ജയ്‌സ്വാളിന് സെഞ്ച്വറിയും സഞ്ജുവിന് ഫിഫ്റ്റിയും നേടാന്‍ സാധിച്ചില്ല. ഫിഫ്റ്റി നേടാന്‍ സഞ്ജുവിന് അവസരമുണ്ടായിരുന്നെങ്കിലും നായകന്‍ ജയ്‌സ്വാളിന്റെ സെഞ്ച്വറിക്കായി വഴിമാറിക്കൊടുക്കുകയായിരുന്നു. ജയ്‌സ്വാളിന് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും യുവതാരത്തിനായി സഞ്ജു തന്റെ അര്‍ധ സെഞ്ച്വറി വേണ്ടന്നുവെച്ചതിനെ വാഴ്ത്തുകയാണ് ആരാധകര്‍.

sanju samson

ഇങ്ങനെയാവണം നായകനെന്നും സഞ്ജു ധോണിയെപ്പോലെയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. 13ാം ഓവര്‍ എറിയാനെത്തിയ സുയാഷ് ശര്‍മയുടെ അവസാന പന്തില്‍ സഞ്ജു വലിയ ഷോട്ടിന് ശ്രമിച്ച് ഫിഫ്റ്റി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാതെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ജയ്‌സ്വാളിന് സ്‌ട്രൈക്ക് കൈമാറി സെഞ്ച്വറിക്ക് വഴിയൊരുക്കുകയെന്നതായിരുന്നു സഞ്ജുവിന്റെ ലക്ഷ്യം.

എന്നാല്‍ 14ാം ഓവര്‍ എറിയാനെത്തിയ ശര്‍ദുല്‍ ഠാക്കൂറിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ ജയ്‌സ്വാള്‍ ടീമിന് വിജയം നേടിക്കൊടുക്കുകയായിരുന്നു. സിക്‌സര്‍ നേടിയിരുന്നെങ്കില്‍ ജയ്‌സ്വാളിന് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ബൗണ്ടറി നേടിയതോടെ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ ജയ്‌സ്വാളിന് പാഡഴിക്കേണ്ടി വന്നു. അര്‍ഹിച്ച സെഞ്ച്വറിയായിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അത് ലഭിക്കാതെ പോയി.

ജയ്‌സ്വാള്‍ സെഞ്ച്വറിക്കായി ശ്രമിച്ചില്ലെന്നതാണ് സത്യം. എത്രയും വേഗം ടീമിനെ വിജയത്തിലേക്കെത്തിച്ച് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുകയും പോയിന്റുയര്‍ത്തി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുകയും ചെയ്യാനാണ് ജയ്‌സ്വാള്‍ ശ്രമിച്ചത്. സീസണില്‍ ഒരു സെഞ്ച്വറി ജയ്‌സ്വാള്‍ നേടിക്കഴിഞ്ഞു. രണ്ടാം സെഞ്ച്വറി നേടാനുള്ള സുവര്‍ണ്ണാവസരമാണ് ദൗര്‍ഭാഗ്യവശാല്‍ നഷ്ടപ്പെട്ടത്. ജയ്‌സ്വാളിനായി സഞ്ജു തന്റെ ഫിഫ്റ്റി വേണ്ടെന്ന് വെക്കുകയായിരുന്നു.

ഇതിനെ എംഎസ് ധോണിയും വിരാട് കോലിയും തമ്മിലുള്ള സംഭവത്തോടാണ് ആരാധകര്‍ താരതമ്യം ചെയ്യുന്നത്. ടീമിന്റെ വിജയ റണ്‍സ് നേടാന്‍ അവസരമുണ്ടായിട്ടും ഫിഫ്റ്റിയോടെ ടീമിനെ വിജയത്തിലേക്കെത്തിച്ച വിരാട് കോലിക്ക് ഫിനിഷ് ചെയ്യാന്‍ അവസരമൊരുക്കുന്നതിനായി ധോണി പ്രതിരോധിച്ച് കളിച്ചിരുന്നു. അതുപോലെയാണ് സഞ്ജുവും ജയ്‌സ്വാളിനായി തന്റെ അവസരം നഷ്ടപ്പെടുത്തി ത്യാഗം ചെയ്തതെന്നാണ് ആരാധക പക്ഷം.

29 പന്തില്‍ 48 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. 165.51 സ്‌ട്രൈക്കറേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട്. സീസണിലെ നാലാം ഫിഫ്റ്റി പേരിനൊപ്പം ചേര്‍ക്കാനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ സഞ്ജു ജയ്‌സ്വാളിനായി തന്റെ നേട്ടങ്ങള്‍ വിട്ടുകൊടുക്കുകയായിരുന്നുവെന്ന് പറയാം.

sanju samson, yashasvi jaiswal

നായകനെന്ന നിലയിലെ സഞ്ജുവിന്റെ നീക്കങ്ങളെല്ലാം വളരെ മികച്ചതായിരുന്നു. അവസാന മൂന്ന് മത്സരത്തിലും രാജസ്ഥാന്‍ തോറ്റതോടെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സഞ്ജു നായകസ്ഥാനം ഒഴിയണമെന്നും ജോസ് ബട്‌ലറെ നായകനാക്കണമെന്നുമെല്ലാം പല അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വിമര്‍ശിച്ചവരുടെയെല്ലാം വായടപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്.

ബാറ്റുകൊണ്ട് നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചുവെന്ന് മാത്രമല്ല ഫീല്‍ഡ് പ്ലേയ്‌സ്‌മെന്റിലും ബൗളിങ് വ്യത്യാസങ്ങളും സഞ്ജു മിടുക്കുകാട്ടി. കെ എം ആസിഫിനെയും യുസ് വേന്ദ്ര ചഹാലിനെയും കൃത്യമായി ഉപയോഗിക്കാന്‍ സഞ്ജുവിന് സാധിച്ചു. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ വീണ്ടും സജീവമാവുകയും ചെയ്തു.

Story first published: Friday, May 12, 2023, 7:20 [IST]
Other articles published on May 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+