ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള കഴിഞ്ഞ മാച്ചില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു ഈ കളിയിലെ മാജിക്കല്‍ സ്‌പെല്ലിലൂടെ താരം തെളിയിക്കുകയായിരുന്നു. ആര്‍സിബിയുടെ നാലു വിക്കറ്റുകളാണ് മല്‍സരത്തില്‍ വരുണ്‍ കടപുഴക്കിയത്. 3.4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്.
ആര്‍സിബി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി, ഗ്ലെന്‍ മാക്‌സ്വെല്‍, ഹര്‍ഷല്‍ പട്ടേല്‍, ആകാശ്ദീപ് എന്നിവരായിരുന്നു വരുണിന്റെ ഇരകള്‍. കഴിഞ്ഞ സീസണില്‍ വരുണിന്റെ പ്രകടനം ശരാശരിയില്‍ ഒതുങ്ങിയിരുന്നു. അതുകൊണ്ടു തന്നെ താരത്തെ എന്തിനാണ് ഈ സീസണിലും കെകെആര്‍ നിലനിര്‍ത്തിയതെന്നു ചോദ്യങ്ങളുമുയര്‍ന്നിരുന്നു. ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ് ആര്‍സിബിക്കെതിരായ മാജിക്കല്‍ സ്‌പെല്ലിലൂടെ വരുണ്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍ വരുണിനെ വിമര്‍ശിച്ചും പരിഹസിച്ചും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പാകിസ്താന്‍ ടീമിന്റെ ആരാധകരുമുണ്ട്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്നു 2021ല്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന താരമാണ് വരുണ്‍. പക്ഷെ ടൂര്‍ണമെന്റില്‍ അദ്ദേഹം വന്‍ ദുരന്തമായി മാറിയിരുന്നു.
പാകിസ്താനുമായുള്ള ആദ്യ മാച്ചില്‍ വരുണ്‍ നന്നായി തല്ലു വാങ്ങുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റിലെ ഫ്‌ളോപ്പ് ഷോയെ തുടര്‍ന്നു ലോകകപ്പിനു പിന്നാലെ വരുണ്‍ ഇന്ത്യന്‍ ടീമിനു പുറത്താവുകയുമായിരുന്നു. അന്നത്തെ പ്രകടനവുമായി ബന്ധപ്പെടുത്തിയാണ് താരത്തെ ഇപ്പോള്‍ പലരും കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മല്‍സരത്തില്‍ എറിഞ്ഞതു പോലെയുള്ള ഒരു ബോളെങ്കിലും അന്നു ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ വരുണ്‍ ചക്രവര്‍ത്തിയില്‍ നിന്നും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഐപിഎല്ലില്‍ മാത്രമേ അദ്ദേഹത്തിനു ഇതുപോലെയുള്ള പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കൂയെന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു. വരുണ്‍ ചക്രവര്‍ത്തിയെ അത്രയ്‌ക്കൊന്നും പുകഴ്‌ത്തേണ്ട ആവശ്യമില്ല. ഒരു മല്‍സരത്തിലെ പ്രകടനം കൊണ്ട് നിങ്ങള്‍ക്കു ഒന്നും തീരുമാനിക്കാന്‍ സാധിക്കില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനുമായുള്ള മാച്ചില്‍ വരുണ്‍ ചക്രവര്‍ത്തിക്കെതിരേ ക്യാപ്റ്റന്‍ ബാബര്‍ ആസം സിക്‌സറടിക്കുന്ന വീഡിയോക്കൊപ്പം ഇങ്ങനെയാണ് വരുണിനെതിരേ നിങ്ങള്‍ കളിക്കേണ്ടതെന്നായിരുന്നു ഒരു പ്രതികരണം. ശരാശരി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിക്കെതിരേ എങ്ങനെ കളിക്കണമെന്നു ആദ്യം പഠിക്കൂ. അതിനു ശേഷം ബാബര്‍ ആസവുമായി വിരാട് കോലിയെ താരതമ്യം ചെയ്താല്‍ മതിയെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. വരുണ്‍ ചക്രവര്‍ത്തിക്കെതിരേ കളിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? എന്റെ ക്യാപ്റ്റനായ ബാബര്‍ ആസമില്‍ നിന്നും പഠിക്കൂയെന്നു ഒരു യൂസര്‍ കുറിച്ചു.
അതേസമയം, സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നാണംകെടുത്തിയാണ് കെകെആര്‍ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. കളിയുടെ 12ാം ഓവര്‍ വരെ മാത്രമേ ആര്‍സിബിക്കു മേധാവിത്വമുണ്ടായിരുന്നുള്ളൂ. പിന്നീട് അങ്ങോട്ട് കെകെആര്‍ നിറഞ്ഞാടുകയായിരുന്നു.
അഞ്ചു വിക്കറ്റിനു 89 റണ്‍സെന്ന നിലയില്‍ നിന്നും 20 ഓവറില്‍ ഏഴു വിക്കറ്റിനു 204 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്കു കുതിക്കാന്‍ കെകെആറിനു സാധിച്ചു. ശര്‍ദ്ദുല്‍ ടാക്കൂറിന്റെ (29 ബോളില്‍ 68) ഇടിവെട്ട് ഇന്നിങ്‌സായിരുന്നു ആര്‍സിബിയെ ഞെട്ടിച്ചത്. ഓപ്പണിങില്‍ റഹ്മാനുള്ള ഗുര്‍ബാസ് 44 ബോളില്‍ 57ഉം മധ്യനിരയില്‍ റിങ്കു സിങ് 33 ബോളില്‍ 46ഉം റണ്‍സ് സ്‌കോര്‍ ചെയ്തു.
മറുപടി ബാറ്റിങില്‍ കെകെആറിന്റെ സ്പിന്‍ ത്രയത്തിനു മുന്നില്‍ ആര്‍സിബി കറങ്ങി വീഴുകയായിരുന്നു. 17.4 ഓവറില്‍ വെറും 123 റണ്‍സില്‍ ആര്‍സിബി കൂടാരം കയറി. ഒരാള്‍ക്കു പോലും 25 റണ്‍സ് തികയ്ക്കാനായില്ല. 23 റണ്‍സെടുത്ത നായകന്‍ ഫഫ് ഡുപ്ലെസിയായിരുന്നു ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. വിരാട് കോലി 21 റണ്‍സെടുത്തപ്പോള്‍ വാലറ്റത്ത് ഡേവിഡ് വില്ലി പുറത്താവാതെ 20 റണ്‍സും നേടി. നാലു വിക്കറ്റുകളോടെ വരുണ്‍ ചക്രവര്‍ത്തി ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ അഅരങ്ങേറ്റക്കാരന്‍ സുയാഷ് ശര്‍മ മൂന്നും സുനില്‍ നരെയ്ന്‍ രണ്ടും വിക്കറ്റുകളെടുത്തു.