ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഡെത്ത് ഓവറുകളിലെ ബൗളിങ് വീക്ക്‌നെസ് ഒരിക്കലും അവസാനിക്കില്ലെന്നു തോന്നുന്നു. ഓരോ സീസണ്‍ കഴിയുന്തോറും ഇതേ ദൗര്‍ബല്യം അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇത്തവണയും അതില്‍ മാറ്റമില്ലെന്നാണ് രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വ്യക്തമാവുന്നത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മാച്ചില്‍ ഒരു ഘട്ടത്തില്‍ ആര്‍സിബി വ്യക്തമായ ആധിപത്യം നേടിയിരുന്നു. പക്ഷെ ഡെത്ത് ഓവറിലെ ദയനീയ ബൗളിങ് കാരണം മല്‍സരം അവരില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു. 12 ഓവര്‍ കഴിയുമ്പോള്‍ അഞ്ചിനു 94 റണ്‍സെന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. 150 റണ്‍സ് പോലും അവര്‍ക്കു തികയ്ക്കാനാവുമോയെന്നു എല്ലാവരും സംശയിച്ചിരുന്നു.

എന്നാല്‍ ആറാം വിക്കറ്റില്‍ അവിശ്വസനീയ കൂട്ടുകെട്ടിലൂടെ ശര്‍ദ്ദുല്‍ ടാക്കൂര്‍- റിങ്കു സിങ് സഖ്യം ചേര്‍ന്ന് ആര്‍സിബി ബൗളര്‍മാരെ കശാപ്പ് ചെയ്തു. അവസാന 51 ബോളില്‍ കെകെആര്‍ വാരിക്കൂട്ടിയത് 115 റണ്‍സാണ്. വെറും രണ്ടു വിക്കറ്റുകള്‍ മാത്രമേ ആര്‍സിബിക്കു നേടാനായുള്ളൂ. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന ഹര്‍ഷല്‍ പട്ടേലിനെയടക്കം എല്ലാവരെയും കെകെആര്‍ ബാറ്റിങ് നിര ശരിക്കും കൈകാര്യം ചെയ്തു. ഹര്‍ഷല്‍ മൂന്നോവറില്‍ 38 റണ്‍സും ആകാശ്ദീപ് രണ്ടോവറില്‍ 30ഉം മൈക്കല്‍ ബ്രേസ്വെല്‍ മൂന്നോവറില്‍ 34ഉം റണ്‍സാണ് വാരിക്കോരി നല്‍കിയത്.
തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് ഡെത്ത് ഓവറുകളില്‍ ആര്‍സിബി ബൗളിങിലെ മൂര്‍ച്ചയില്ലായ്മ എതിര്‍ ടീം മുതലാക്കിയത്. ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സും ഡെത്ത് ഓവറില്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. അന്നു അവസാനത്തെ ഒമ്പതോവളില്‍ 109 റണ്‍സ് ആര്‍സിബി വിട്ടുകൊടുത്തിരുന്നു.

അന്നത്തെ തിരിച്ചടിയില്‍ നിന്നും ആര്‍സിബി പാഠം പഠിച്ചില്ലെന്നാണ് കൊല്‍ക്കത്തയുമായുള്ള മല്‍സരം തെളിയിക്കുന്നത്. തങ്ങളുടെ ഡെത്ത് ഓവര്‍ ബൗളിങിനെ പ്ലാനിനെക്കുറിച്ച് ആര്‍സിബിക്കു ഗൗരമായി തന്നെ ആലോചിച്ചേ തീരൂ. അല്ലെങ്കില്‍ വരാനിരിക്കുന്ന മല്‍സരങ്ങളിലും വലിയ തിരിച്ചടികളായിരിക്കും ആസിബിയെ കാത്തിരിക്കുന്നത്.
ദയനീയ തോല്‍വി
ഡെത്ത് ഓവറിലെ മോശം ബൗളിങിനു വലിയ വിലയാണ് കൊല്‍ത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ആര്‍സിബിക്കു നല്‍കേണ്ടി വന്നിരിക്കുന്നത്. 81 റണ്‍സിന്റെ വന്‍ പരാജയം കളിയില്‍ ആര്‍സിബിക്കു നേരിട്ടു. 205 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ആര്‍സിബിക്കു കൊല്‍ക്കത്ത നല്‍തിയത്. ശര്‍ദ്ദുല്‍ ടാക്കൂര്‍ 29 ബോളില്‍ 68 റണ്‍സും റഹ്മാനുള്ള ഗുര്‍ബാസ് 44 ബോളില്‍ 57 റണ്‍സും റിങ്കു സിങ് 33 ബോളില്‍ 46 റണ്‍സും നേടി.
മറുപടി ബാറ്റിങില്‍ ആര്‍സിബി ചിത്രത്തില്‍ പോലുമില്ലായിരുന്നു. 17.4 ഓവറില്‍ വെറും 123 റണ്‍സില്‍ അവര്‍ ഓള്‍ഔട്ടായി. ആര്‍സിബി നിരയില്‍ ഒരാള്‍പോലും 25 റണ്‍സ് തികച്ചില്ല. 23 റണ്‍സെടുത്ത നായകന്‍ ഫഫ് ഡുപ്ലെസിയാണ് ടോപ്‌സ്‌കോറര്‍. വിരാട് കോലി 21ഉം ഡേവിഡ് വില്ലി 20 റണ്‍സുമെടുത്തു.
3.4 ഓവറില്‍ 15 റണ്‍സിന് നാലു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് ആര്‍സിബിയുടെ അന്തകനായത്. മൂന്നു വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ സുയാഷ് ശര്‍മയും രണ്ടു പേരെ പുറത്താക്കിയ സുനില്‍ നരെയ്‌നും മികച്ച പിന്തുണയേകി.