കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ശരാശരി പ്രകടനം മാത്രം കാഴ്ചവെക്കുന്ന ടീമായി ഒതുങ്ങിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. എട്ട് മത്സരത്തില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയുമടക്കം ഏഴാം സ്ഥാനത്താണ് കെകെആറുള്ളത്. നിധീഷ് റാണക്ക് കീഴില്‍ കെകെആറിന് പ്രതീക്ഷിച്ച മികവ് കാട്ടാനാവുന്നില്ല.
അവസാന മത്സരത്തില്‍ ആര്‍സിബിയെ 21 റണ്‍സിന് അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച കെകെആര്‍ തിരിച്ചുവരവ് പ്രതീക്ഷ നല്‍കുകയാണ്. എന്നാല്‍ ടൂര്‍ണമെന്റ് പാതി പിന്നിട്ടതിനാല്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലേ കെകെആറിന് പ്ലേ ഓഫിലേക്കെത്താനാവൂ. ഇപ്പോഴിതാ കെകെആര്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഏറ്റവും ചര്‍ച്ചയാവുന്നത് കെകെആറിലെ ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ചാണ്.

എട്ട് മത്സരത്തിനിടെ ആറ് ഓപ്പണിങ് കൂട്ടുകെട്ടാണ് കെകെആര്‍ പരീക്ഷിച്ചത്. കെകെആര്‍ എവിടെയെങ്കിലും ഉറച്ച് നിക്കണമെന്നും പരീക്ഷണം നിര്‍ത്തണമെന്നുമാണ് ആരാധകര്‍ ആവിശ്യപ്പെടുന്നത്. ഇത്രയും കൂട്ടുകെട്ടിനെ പരിഗണിച്ചിട്ടും വലിയൊരു പ്രകടനം നടത്താന്‍ ഒരു കൂട്ടുകെട്ടിനും സാധിച്ചില്ലെന്നതാണ് കൗതുകകരമായ കാര്യം.
പഞ്ചാബ് കിങ്‌സിനെതിരായ ആദ്യ മത്സരത്തില്‍ റഹ്‌മാനുല്ല ഗുര്‍ബാസും മന്ദീപ് സിങ്ങുമായിരുന്നു കെകെആറിന്റെ ഓപ്പണര്‍മാര്‍. 13 റണ്‍സ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 1.1 ഓവര്‍ മാത്രമാണ് ഈ കൂട്ടുകെട്ട് നീണ്ടത്. ഇതോടെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ കെകെആര്‍ ഓപ്പണിങ് കൂട്ടുകെട്ട് മാറ്റി. ഗുര്‍ബാസിനൊപ്പം വെങ്കടേഷ് അയ്യരാണെത്തിയത്. ഇവര്‍ ഒന്നാം വിക്കറ്റില്‍ 26 റണ്‍സാണ് നേടിയത്. 3.2 ഓവറാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നീണ്ടത്.
ഇതോടെ ഈ കൂട്ടുകെട്ടും പൊളിച്ചു. മൂന്നാം മത്സരം ഗുജറാത്ത് ടൈറ്റന്‍സിനെതിരേയായിരുന്നു. ഗുര്‍ബാസിനൊപ്പം നാരായണ്‍ ജഗദീശനാണിറങ്ങിയത്. 2.3 ഓവറില്‍ 20 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ടില്‍ പിറന്നത്. നിരാശപ്പെടുത്തിയെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും ഇതേ കൂട്ടുകെട്ടിനെ പരീക്ഷിച്ചു. മൂന്ന് പന്ത് മാത്രം നീണ്ട കൂട്ടുകെട്ടില്‍ ഒരു റണ്‍സ് പോലും നേടാനായില്ല.
എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരേയും ഇതേ ഓപ്പണിങ് കൂട്ടുകെട്ടിനെ കെകെആര്‍ നിലനിര്‍ത്തി. 1.5 ഓവറില്‍ 11 റണ്‍സെടുത്തപ്പോഴേക്കും കൂട്ടുകെട്ട് പൊളിഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ വീണ്ടും കെകെആര്‍ കൂട്ടുകെട്ട് പൊളിച്ചു. ലിറ്റന്‍ ദാസും ജേസന്‍ റോയിയുമാണ് ഓപ്പണിങ്ങിലേക്കെത്തിയത്. 2 ഓവറില്‍ 15 റണ്‍സെടുത്തപ്പോഴേക്കും കൂട്ടുകെട്ട് പൊളിഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ നാരായണ്‍ ജഗദീശനൊപ്പം സുനില്‍ നരെയ്‌നാണ് ഓപ്പണിങ്ങിലെത്തിയത്. നാല് പന്ത് നീണ്ടുനിന്ന കൂട്ടുകെട്ടില്‍ ഒരു റണ്‍സാണ് പിറന്നത്. ഇതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു. ആര്‍സിബിക്കെതിരായ അവസാന മത്സരത്തില്‍ ജഗദീശനും ജേസന്‍ റോയിയും ചേര്‍ന്നാണ് ഓപ്പണിങ്ങിലിറങ്ങിയത്. 9.2 ഓവറില്‍ 83 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിക്കപ്പെട്ടത്.
ഈ സീസണിലെ കെകെആറിന്റെ ഓപ്പണര്‍മാരുടെ ഏക 50 പ്ലസ് ഓപ്പണിങ് കൂട്ടുകെട്ടാണിതെന്നതാണ് എടുത്തു പറയേണ്ടത്. ജേസന്‍ റോയിയുടെ ഓപ്പണിങ്ങിലെ പ്രകടനം കൈയടി അര്‍ഹിക്കുമ്പോഴും നാരായണ്‍ ജഗദീശന്റെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. താരത്തിന് അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല. ആര്‍സിബിക്കെതിരേ 29 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്.
ബംഗളൂരുവിലെ ബാറ്റിങ് പിച്ചില്‍ പോലും റണ്‍സുയര്‍ത്താന്‍ ജഗദീശനാവുന്നില്ലെങ്കില്‍ മറ്റ് വേദികളിലെ അവസ്ഥ ചിന്തിക്കാവുന്നതാണ്. കെകെആര്‍ ജേസന്‍ റോയിക്കൊപ്പം വെങ്കടേഷ് അയ്യരെ ഓപ്പണിങ് ഇറക്കുന്നതാവും കൂടുതല്‍ നന്നാവുക. അതാവുമ്പോള്‍ ഇടത് വലത് ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനും സാധിക്കും. സീസണ്‍ പകുതി പിന്നിട്ടിട്ടും മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്ലെന്നത് കെകെആറിന് നാണക്കേട് തന്നെയാണ്.
സുനില്‍ നരെയ്‌നെ ഓപ്പണിങ്ങിലേക്ക് തുടര്‍ച്ചയായി പരിഗണിക്കാവുന്നതാണ്. പവര്‍പ്ലേ മുതലാക്കാന്‍ താരത്തിനാവും. നേരത്തെ ഓപ്പണറായി വെടിക്കെട്ട് നടത്താന്‍ നരെയ്‌ന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും കെകെആര്‍ നരെയ്‌നെ പിന്തുണക്കണം. അല്ലാത്തപക്ഷം റോയ്-അയ്യര്‍ കൂട്ടുകെട്ടാണ് കെകെആറിന് കൂടുതല്‍ ഗുണം ചെയ്യുക.