ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സൂപ്പര്‍ ഹീറോയെന്ന വിശേഷണം ഏറ്റവുമധികം ചേരുന്നത് തനിക്കു തന്നെയാണെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് റിങ്കു സിങ്. ഏതു സമ്മര്‍ദ്ദ ഘട്ടത്തിലും മല്‍സരം ഫിനിഷ് ചെയ്യാനുള്ള തന്റെ അസാധാരണ മിടുക്ക് പഞ്ചാബ് കിങ്‌സിനെതിരേയും അദ്ദേഹം ആവര്‍ത്തിച്ചു.
പഞ്ചാബിനെതിരേ അവസാന ബോളിലായിരുന്നു കെകെറിന്റെ വിജയം. 20ാം ഓവറിലെ അഞ്ചു ബോളും ഉജ്ജ്വലമായി എറിഞ്ഞ അര്‍ഷ്ദീപ് സിങിനു അവസാന ബോളില്‍ ഇതാവര്‍ത്തിക്കാനായില്ല. റിങ്കുവാകട്ടെ അതു മുതലാക്കി ടീമിനു മിന്നുന്ന ജയം സമ്മാനിക്കുകയും ചെയ്തു. ആറു വിക്കറ്റ് കൈയിലിരിക്കെ ആറു റണ്‍സ് മാത്രമായിരുന്നു അവസാന ഓവറില്‍ കെകെആറിനു ജയിക്കാന്‍ വേണ്ടിയിരുന്നത്.

സാ കറെന്‍ എറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറില്‍ ആന്ദ്രെ റസ്സലും റിങ്കു സിങും ചേര്‍ന്ന് 20 റണ്‍സ് കെകെആര്‍ വാരിക്കൂട്ടിയിരുന്നു. ഇതോടെ 20ാം ഓവറില്‍ ഒന്നോ, രണ്ടോ ബോളില്‍ തന്നെ കെകെആര്‍ വിജയറണ്‍സ് കുറിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ അപകടകാരികളായ റസ്സലും റിങ്കും ക്രീസില്‍ നില്‍ക്കെ അവിശ്വസനീയ ബൗളിങായിരുന്നു അര്‍ഷ്ദീപ് കാഴ്ചവച്ചത്.
ആദ്യ ബോള്‍ തകര്‍പ്പനൊരു ബൗണ്‍സറായിരുന്നു. റസ്സലിനു റണ്ണൊന്നുമെടുക്കാന്‍ സാധിച്ചില്ല. അടുത്ത ബോള്‍ ഒരു വൈഡ് ഫുള്‍ ടോസ്. സ്‌ക്വയറിനു പിന്നിലേക്കു കളിച്ച് റസ്സല്‍ സിംഗിളെടുത്തു. അടുത്ത ബോള്‍ വീണ്ടുമൊരു ഫുള്‍ ടോസ്. പക്ഷെ ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ അതു ഫീല്‍ഡ് ചെയ്യപ്പെട്ടു സിംഗിള്‍ മാത്രം. അടുത്തത് ഓഫ് സ്റ്റംപിന് പുറത്തൊരു വൈഡ് യോര്‍ക്കര്‍. എക്‌സ്ട്രാ കവറിലേക്കു പായിച്ച് റസ്സല്‍ ഡബിളെടുത്തു. അഞ്ചാമത്തേത് വൈഡ് യോര്‍ക്കറായിരുന്നു.

റസ്സലിന് കണക്ട് ചെയ്യാനായില്ല. എങ്കിലും അദ്ദേഹം സിംഗിളിനായി ഓടി. എന്നാല്‍ വിക്കറ്റിനു പിന്നില്‍ ബോള്‍ പിടിച്ചെടുത്ത ജിതേഷ് ശര്‍മ അതു അര്‍ഷ്ദീപിന് ത്രോ ചെയ്തു. ഉടന്‍ തന്നെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ വിക്കറ്റിലേക്കു താരത്തിന്റെ ത്രോ. അര്‍ഷ്ദീപിന്റെ ത്രോ നേരെ വിക്കറ്റില്‍ പതിച്ചു, റസ്സല്‍ റണ്ണൗട്ട്.
ഇതോടെ കളിയുടെ പിരിമുറുക്കം കൂടി അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ്. സിംഗിളെടുത്താല്‍ കളി ടൈ, തുടര്‍ന്ന് സൂപ്പര്‍ ഓവര്‍. പക്ഷെ ക്രീസിലുള്ള റിങ്കുവിനു ഇതിലൊന്നും താല്‍പ്പര്യമില്ലായിരുന്നു. ലെഗ്‌സ്റ്റംപിന് ഏരിയയിലേക്കു ഒരു ഫുള്‍ടോസായിരുന്നു വന്നത്. റിങ്കുവിന് പിഴച്ചില്ല, അദ്ദേഹം അതു ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ് ഭാഗത്തേക്കു ഫ്‌ളിക്ക് ചെയ്ത് ബൗണ്ടറി കടത്തി.
റിങ്കു തന്റെ സ്ഥിരം ശൈലിയില്‍ ചാടിയുയര്‍ന്ന് ആകാശത്ത് മുഷ്ടി ചുരുട്ടി ആഹ്ലാദ പ്രകടനം നടത്തിയപ്പോള്‍ കൈക്കുമ്പിളില്‍ നിന്നും വിജയം വഴുതിപ്പോയതിന്റെ ഞെട്ടലിലായിരുന്നു പഞ്ചാബ്. 10 ബോളില്‍ പുറത്താവാതെ 21 റണ്‍സാണ് റിങ്കു നേടിയത്. രണ്ടു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.
സോഷ്യല്‍ മീഡിയയില്‍ ആരാധകരും റിങ്കു സിങിനെ വാഴ്ത്തുകയാണ്. ബാറ്റ്മാനെ വിട്ടുകഴിഞ്ഞു, സൂപ്പര്‍മാനെ മറന്നും കഴിഞ്ഞു, ഞങ്ങള്‍ക്കു റിങ്കുവുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കെകെആറിന്റെ രക്ഷകന്‍. കെകെആറിനായി കളിച്ച ഏറ്റവും മഹാനായ താരങ്ങളിലൊരാളാണ് റിങ്കു സിങ്. ഈ സീസണില്‍ കെകെആറിന വേണ്ടി റിങ്കു സിങ് അദ്ഭുദങ്ങള്‍ കാണിക്കുകയാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.