മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടര്‍ക്ക് മുംബൈയിലെ നിറഞ്ഞ മൈതാനത്തിലെ ആരാധകര്‍ക്ക് മുന്നില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ അദ്ദേഹം മോശമാക്കിയില്ലെന്ന് പറയാം. ആദ്യ ഓവര്‍ എറിയാനെത്തിയ അര്‍ജുന്‍ കെകെആര്‍ ഓപ്പണര്‍മാരെ ശരിക്കും വിറപ്പിച്ചു.
ആദ്യ ഓവറില്‍ മികച്ച ലൈനും ലെങ്തും ബൗണ്‍സും കണ്ടെത്തിയ അര്‍ജുന്‍ അഞ്ച് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. നിര്‍ഭാഗ്യവശാലാണ് ആദ്യ ഓവറില്‍ വിക്കറ്റ് നേടാനാവാതെ പോയത്. രണ്ട് ഡോട്ട് ബോളുകളടക്കം അര്‍ജുന്‍ ഐപിഎല്ലിലെ ആദ്യ ഓവറില്‍ത്തന്നെ കൈയടി നേടി. ഇപ്പോഴിതാ അര്‍ജുന്റെയും അദ്ദേഹത്തിന്റെ പിതാവും ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ആദ്യ ഓവറിലെ സാമ്യത വൈറലായിരിക്കുകയാണ്.

photocredit:https://twitter.com/mipaltan/status/1647544954233733120/photo/1
മുംബൈ ഇന്ത്യന്‍സിനായി ആദ്യ ഓവര്‍ എറിഞ്ഞപ്പോള്‍ സച്ചിന്‍ വിട്ടുകൊടുത്തത് വെറും അഞ്ച് റണ്‍സായിരുന്നു. ഇപ്പോള്‍ സച്ചിന്റെ മകന്‍ അര്‍ജുന്‍ അരങ്ങേറ്റ ഓവറില്‍ വിട്ടുകൊടുത്തിരിക്കുന്നതും അഞ്ച് റണ്‍സാണ്. ഈ സാമ്യതയാണ് കൗതുകമായിരിക്കുന്നത്. 2009 ഏപ്രിലില്‍ കെകെആറിനെതിരേയാണ് സച്ചിന്‍ മുംബൈക്കായി ആദ്യ ഓവര്‍ എറിയുന്നത്. അര്‍ജുനും ഏപ്രിലില്‍ കെകെആറിനെതിരേ തന്നെ ഐപിഎല്ലിലെ ആദ്യ ഓവര്‍ എറിഞ്ഞുവെന്നതും മറ്റൊരു കൗതുകം.
എന്നാല്‍ ആദ്യ ഓവറിലെ മികവ് മൂന്നാം ഓവര്‍ എറിയാനെത്തിയപ്പോള്‍ അര്‍ജുന് ആവര്‍ത്തിക്കാനായില്ല. വെങ്കടേഷ് അയ്യര്‍ അര്‍ജുനെ കടന്നാക്രമിച്ചു. 13 റണ്‍സാണ് അര്‍ജുന്‍ ഈ ഓവറില്‍ വഴങ്ങിയത്. ഒരു സിക്‌സും ഫോറും അര്‍ജുന്റെ ഈ ഓവറില്‍ വെങ്കടേഷ് പറത്തി. അരങ്ങേറ്റ മത്സരത്തില്‍ ഭേദപ്പെട്ട തുടക്കം തന്നെ കാഴ്ചവെക്കാന്‍ താരത്തിനായിട്ടുണ്ട്.

മുംബൈയിലെ അര്‍ജുന്റെ അരങ്ങേറ്റ മത്സരം കാണാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും സഹോദരി സാറയുമെല്ലാം മൈതാനത്തുണ്ടായിരുന്നു. അര്‍ജുന്റെ അരങ്ങേറ്റത്തിന് മുമ്പ് സച്ചിന്റെ ഉപദേശത്തിന് കീഴില്‍ അര്‍ജുന്‍ പന്തെറിഞ്ഞ് പഠിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. രണ്ട് ഓവര്‍ ശേഷിക്കെ തന്റെ ആദ്യ ഐപിഎല്‍ അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ അര്‍ജുന് മുന്നില്‍ അവസരമുണ്ട്.
ബാറ്റുകൊണ്ടും ടീമിനെ സഹായിക്കാന്‍ കെല്‍പ്പുള്ള താരമാണ് അര്‍ജുന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ അര്‍ജുന് സാധിച്ചിരുന്നു. മൂന്ന് വര്‍ഷത്തോളമായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു അര്‍ജുന്‍. ഓരോ മത്സരത്തിലും അര്‍ജുന്റെ അരങ്ങേറ്റം പ്രതീക്ഷിക്കുകയും ആരാധകര്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും അദ്ദേഹത്തതിന് ഇപ്പോഴാണ് അവസരം ലഭിച്ചതെന്ന് പറയാം.
ഈ സീസണിലും പൂര്‍ണ്ണമായി പുറത്തിരുത്തിരുത്തിയിരുന്നെങ്കില്‍ അര്‍ജുന്റെ കരിയറിനത് വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതയേറെയായിരുന്നു. എന്തായാലും പ്രതീക്ഷ നല്‍കുന്ന തുടക്കം നല്‍കാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്. വരുന്ന മത്സരങ്ങളിലും പ്ലേയിങ് 11 സ്ഥാനം നല്‍കി ടീം മാനേജ്‌മെന്റ് പിന്തുണക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന മെറിറ്റിലല്ല താന്‍ കളിക്കാനെത്തിയതെന്ന് തെളിയിക്കേണ്ടത് അര്‍ജുന്റെ ഉത്തരവാദിത്തമാണ്. തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ മത്സരത്തില്‍ നന്നായി അര്‍ജുന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ് നന്നായി പിന്തുണ നല്‍കിയാല്‍ ഭാവിയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ളവനാണ് അര്‍ജുനെന്ന് വിലയിരുത്താം.