ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വിജയിപ്പിക്കാനായില്ലെങ്കിലും ബാറ്റിങില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് യുവ താരം റിങ്കു സിങ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഒരു റണ്‍സിന്റെ നേരിയ വിജയമാണ് ലഖ്‌നൗ ടീം സ്വന്തമാക്കിയത്. 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെറിനു അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ 19 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
യഷ് ടാക്കൂര്‍ എറിഞ്ഞ 20ാം ഓവറില്‍ ഒരു ബോളൊഴികെ ബാക്കിയെല്ലാ ബോളിലും സ്‌ട്രൈക്ക് നേരിട്ടത് റിങ്കു സിങായിരുന്നു. ആദ്യത്തെ അഞ്ചു ബോളില്‍ (രണ്ടു വൈഡ്) മൂന്നു റണ്‍സ് മാത്രമേ കെകെആറിനു ലഭിച്ചുള്ളൂ. ഇതോടെ അവസാന മൂന്നു ബോളില്‍ വേണ്ടത് 18 റണ്‍സ്.

ആദ്യ ബോളില്‍ റിങ്കു സിക്‌സറടിച്ചു, അടുത്ത ബോളില്‍ ബൗണ്ടറി. അവസാന ബോളില്‍ വീണ്ടുമൊരു സിക്‌സര്‍ പറത്തിയെങ്കിലും ലഖ്‌നൗ ഒരു റണ്‍സിനു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. 33 ബോളില്‍ ആറു ഫോറും നാലു സിക്‌സറുമടക്കം 67 റണ്‍സാണ് റിങ്കു നേടിയത്.
ഈ കളിയില്‍ 20ാമത്തെ ഓവറില്‍ രണ്ടു സിക്‌സറുകള്‍ പറത്തിയതോടെയാണ് ഐപിഎല്‍ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് റിങ്കു സിങ് തകര്‍ത്തത്. ഒരു സീസണില്‍ അവസാനത്തെ ഓവറില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. നേരത്തേ എട്ടു വീതം സിക്‌സറുകളുമായി നാലു പേര്‍ ചേര്‍ന്ന് റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇതാണ് ഈ സീസണില്‍ ഒമ്പതു സിക്‌സറുകള്‍ വാരിക്കൂട്ടി റിങ്കു പഴങ്കഥയാക്കിയിരിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ നായകന്‍ എംഎസ് ധോണി, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ എന്നിവരായിരുന്നു എട്ടു വീതം സിക്‌സറുകളുമായി നേരത്തേ ഒന്നാംസ്ഥാനം പങ്കിട്ടത്.
ധോണി രണ്ടു സീസണുകളില്‍ 20ാം ഓവറില്‍ എട്ടു വീതം സിക്‌സറുകളടിച്ചിട്ടുണ്ട്്. 2014, 19 സീസണുകളിലായിരുന്നു ഇത്. രോഹിത്തിന്റെ നേട്ടം 2013ലും ഹാര്‍ദിക്കിന്റേത് 2019ലും ബ്രാവോയുടേത് 2012ലുമായിരുന്നു.
ഇതു കൂടാതെ ഐപിഎല്‍ റണ്‍ചേസില്‍ 19-20 ഓവറുകളില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരമെന്ന ഓള്‍ടൈം റെക്കോര്‍ഡും റിങ്കു സിങിന്റെ പേരിലാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവിശ്വസനീയ റണ്‍ചേസിലായിരുന്നു അദ്ദേഗം വമ്പന്‍ റെക്കോര്‍ഡിട്ടത്. 41 റണ്‍സ് റിങ്കു രണ്ടോവറിനിടെ വാരിക്കൂട്ടിയിരുന്നു.

യഷ് ദയാല്‍ എറിഞ്ഞ 20ാമത്തെ ഓവറില്‍ അഞ്ചു സിക്‌സറുകളാണ് താരം പറത്തിയത്. ഏറ്റവുമധികം റണ്‍സ് 19-20 ഓവറിനുള്ളില്‍ നേടിയവരുടെ ലിസ്റ്റില്‍ തലപ്പത്തു മത്രമല്ല രണ്ടാംസ്ഥാനത്തും റിങ്കു സിങാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന മാച്ചില്‍ 36 റണ്‍സ് നേടിയതോടെയാണിത്.
ഇതു മാത്രമല്ല ഒരു ഐപിഎല്‍ സീസണില്‍ അഞ്ചാം നമ്പറിലോ, അതിനു താഴെയോ ബാറ്റ് ചെയ്യാനിറങ്ങി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരമെന്ന ഓള്‍ടൈം റെക്കോര്‍ഡും റിങ്കു സിങ് ഇത്തവണ തന്റെ പേരിലാക്കിയിരിക്കുകയാണ്. 474 റണ്‍സുമായിട്ടാണ് അദ്ദേഹം ചരിത്രം കുറിച്ചിരിക്കുന്നത്.
നേരത്തേ ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പറും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തിക്കിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. 2018ലാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം 472 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റിങ്കു ഇതു പഴങ്കഥയാക്കിയിരിക്കുകയാണ്.