For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പൊരുതി വീണ് 'റിങ്കു', ഒരു റണ്‍ ജയത്തില്‍ ലഖ്‌നൗവിന് പ്ലേ ഓഫ് സീറ്റ്, കെകെആര്‍ പുറത്ത്

കൊല്‍ക്കത്ത: അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട ആവേശത്തിനൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പ്ലേ ഓഫില്‍. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 8 വിക്കറ്റിന് 176 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 7 വിക്കറ്റിന് 175 റണ്‍സാണ് നേടിയത്. 33 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 67 റണ്‍സുമായി റിങ്കു വിറപ്പിച്ചെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.

ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സും സിഎസ്‌കെയും ഏറ്റുമുട്ടുമ്പോള്‍ എലിമിനേറ്ററില്‍ ലഖ്‌നൗവിന്റെ എതിരാളിയെ നാളെ അറിയാം. ലഖ്‌നൗവിനോട് തോറ്റതോടെ കെകെആര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ലഖ്‌നൗവിനായി രവി ബിഷ്‌നോയ്, യാഷ് ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

LUCKNOW SUPER GIANTS

177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കെകെആര്‍ തുടക്കം മുതലേ ആക്രമിച്ചു. ലഖ്‌നൗവിന്റെ വഴിമുടക്കാന്‍ ജേസന്‍ റോയിയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വെങ്കടേഷ് അയ്യര്‍ പുറത്തായത്. 15 പന്തില്‍ 3 ഫോറും 1 സിക്‌സും പറത്തിയ താരത്തെ കൃഷ്ണപ്പ ഗൗതം രവി ബിഷ്‌നോയിയുടെ കൈയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ഈ മികച്ച തുടക്കം മുതലാക്കാന്‍ പിന്നാലെയെത്തിയവര്‍ക്ക് സാധിച്ചില്ല. നിധീഷ് റാണ (10 പന്തില്‍ 8) രവി ബിഷ്‌നോയിയുടെ പന്തില്‍ ക്രുണാല്‍ പാണ്ഡ്യക്ക് ക്യാച്ച് നല്‍കി മടങ്ങി. ജേസന്‍ റോയിയെ (28 പന്തില്‍ 45) ക്രുണാല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചാണ് ജേസന്‍ റോയ് പുറത്തായത്. റഹ്‌മാനുല്ല ഗുര്‍ബാസിനെ (15 പന്തില്‍ 10) യാഷ് ഠാക്കൂറും പുറത്താക്കി.

അപകടകാരിയായ ആന്‍ഡ്രേ റസലിനെ (9 പന്തില്‍ 7) ബിഷ്‌നോയ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ശര്‍ദുല്‍ ഠാക്കൂറും (7 പന്തില്‍ 3) ശോഭിക്കാതെ മടങ്ങി. യാഷ് ഠാക്കൂറിനായിരുന്നു വിക്കറ്റ്. സുനില്‍ നരെയ്ന്‍ (2 പന്തില്‍ 1) റണ്ണൗട്ടുമായതോടെ കെകെആറിന്റെ തോല്‍വി ഉറപ്പായി. എന്നാല്‍ ഒരുവശത്ത് റിങ്കു സിങ് ഫിഫ്റ്റിയോടെ പൊരുതി. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ യാഷ് ഠാക്കൂര്‍ റിങ്കുവിനെ പിടിച്ചുകെട്ടി. ഇതോടെ ഒരു റണ്‍സിന്റെ ജയത്തോടെ ലഖ്‌നൗ പ്ലേ ഓഫ് ടിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ കരണ്‍ ശര്‍മയെ നഷ്ടമായി. 5 പന്തില്‍ 3 റണ്‍സ് നേടിയ കരണിനെ ഹര്‍ഷിത് റാണ ശര്‍ദുല്‍ ഠാക്കൂറിന്റെ കൈയിലെത്തിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റിലൊത്തുകൂടിയ ക്വിന്റന്‍ ഡീകോക്കും പ്രേരക് മങ്കാദും ചേര്‍ന്ന് ലഖ്‌നൗവിന് പ്രതീക്ഷ നല്‍കി. സ്‌കോര്‍ബോര്‍ഡ് 55ല്‍ നില്‍ക്കവെ മങ്കാദിനെ പുറത്താക്കി വൈഭവ് അറോറ കൂട്ടുകെട്ട് പൊളിച്ചു.

20 പന്തില്‍ 5 ബൗണ്ടറി ഉള്‍പ്പെടെ 26 റണ്‍സാണ് മങ്കാദ് നേടിയത്. ഇതേ ഓവറില്‍ അറോറ മാര്‍ക്കസ് സ്‌റ്റോയിണിസിനെ പുറത്താക്കി. 2 പന്ത് നേരിട്ട സ്റ്റോയിണിസിനെ ഷോര്‍ട്ട് ബോള്‍ കുടുക്കില്‍ വീഴ്ത്തുകയായിരുന്നു. മുംബൈക്കെതിരേ ലഖ്‌നൗവിന്റെ വിജയ ശില്‍പ്പിയായത് സ്റ്റോയിണിസായിരുന്നു. നായകന്‍ ക്രുണാല്‍ പാണ്ഡ്യയും നിരാശപ്പെടുത്തിയതോടെ ലഖ്‌നൗ വലിയ പ്രതിസന്ധി മുന്നില്‍ക്കണ്ടു. 8 പന്തില്‍ 1 സിക്‌സറടക്കം 9 റണ്‍സാണ് ക്രുണാല്‍ നേടിയത്.

nicholas pooran

ഒരുവശത്ത് പൊരുതിയ ക്വിന്റന്‍ ഡീകോക്കിനെ വരുണ്‍ ആരോണ്‍ പുറത്താക്കുമ്പോള്‍ 73ന് അഞ്ച് എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു ലഖ്‌നൗ. 27 പന്തില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 28 റണ്‍സാണ് വെടിക്കെട്ട് ഓപ്പണര്‍ നേടിയത്. പിന്നീടൊത്തുകൂടിയ നിക്കോളാസ് പുരാനും ആയുഷ് ബദോനിയും ചേര്‍ന്ന് ടീമിനെ കരകയറ്റാന്‍ ശ്രമിച്ചു. 74 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം ബദോനി പുറത്തായി. 21 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 25 റണ്‍സാണ് ബദോനി നേടിയത്.

തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ച് നിക്കോളാസ് പുരാനും പുറത്തായി. 30 പന്തില്‍ നാല് ഫോറും 5 സിക്‌സും ഉള്‍പ്പെടെ 58 റണ്‍സ് നേടിയാണ് പുരാന്‍ മടങ്ങിയത്. ശര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ വെങ്കടേഷ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ലഖ്‌നൗവിനെ കരകയറ്റിയ ഇന്നിങ്‌സായിരുന്നു അത്. രവി ബിഷ്‌നോയിയെ (2 പന്തില്‍ 2) ശര്‍ദുല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

കൃഷ്ണപ്പ ഗൗതം (4 പന്തില്‍ 11*) നവീന്‍ ഉല്‍ ഹഖ് (3 പന്തില്‍ 2*) പുറത്താവാതെ നിന്നു. ഇതോടെ 8 വിക്കറ്റിന് 176 എന്ന ഭേദപ്പെട്ട സ്‌കോറും ലഖ്‌നൗ സ്വന്തമാക്കി. വൈഭവ് അറോറയും ശര്‍ദുല്‍ ഠാക്കൂറും സുനില്‍ നരെയ്‌നും 2 വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11- ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- കരണ്‍ ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയിണിസ്, ക്രുണാല്‍ പാണ്ഡ്യ (c), ആയുഷ് ബദോനി, നിക്കോളാസ് പുരാന്‍, കൃഷ്ണപ്പ ഗൗതം, നവീന്‍ ഉല്‍ ഹഖ്, രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍

കെകെആര്‍- ജേസന്‍ റോയ്, റഹ്‌മാനുല്ല ഗുര്‍ബാസ്, നിധീഷ് റാണ (c), വെങ്കടേഷ് അയ്യര്‍, ആന്‍ഡ്രേ റസല്‍, റിങ്കു സിങ്, ശര്‍ദുല്‍ ഠാക്കൂര്‍, സുനില്‍ നരെയ്ന്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

Story first published: Saturday, May 20, 2023, 11:53 [IST]
Other articles published on May 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+