IPL 2023: പാക് ടീമിനെ പറപ്പിച്ച കോലി, ജിടിയെ കരയിച്ച റിങ്കു- രണ്ടും തമ്മിലുള്ള സാമ്യത അറിയാം
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിലൂടെ ഹീറോയായി മാറിയിരിക്കുകയാണ് റിങ്കു സിങ്. കെകെആറിന് അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ യാഷ് ദയാലിന്റെ ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്‌സര്‍ പറത്തി റിങ്കു സിങ് കെകെആറിന് അത്ഭുത ജയം സമ്മാനിക്കുകയായിരുന്നു.
ഐപിഎല്ലിലെ മാത്രമല്ല ടി20 ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ലാസ്റ്റ് ഓവര്‍ ഫിനിഷിങ്ങാണിത്. റിങ്കുവിന്റെ പ്രകടനം സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളടക്കം റിങ്കുവിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അവസാന ടി20 ലോകകപ്പില്‍ വിരാട് കോലി പാകിസ്താനെതിരേ നടത്തിയ പ്രകടനവും കെകെആറിനായി റിങ്കു നടത്തിയ പ്രകടനവും തമ്മിലുള്ള സാമ്യത ഇപ്പോള്‍ വൈറലാവുകയാണ്.

പാകിസ്താന്‍ ഏറെക്കുറെ വിജയമുറപ്പിച്ചിടത്തുനിന്നാണ് കോലി ഒറ്റക്ക് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഏറെക്കുറെ ഇതേ കാര്യമാണ് റിങ്കു സിങ്ങും കെകെആറിനായി നടത്തിയത്. കെകെആര്‍ ടീം പോലും തോറ്റുവെന്ന് ഉറപ്പിച്ചിടത്തുന്നിന്നാണ് ഒറ്റക്ക് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ റിങ്കുവിന് സാധിച്ചത്. എന്നാല്‍ കോലിയുടെ പാകിസ്താനെതിരായ പ്രകടനവും റിങ്കുവിന്റെ ഐപിഎല്‍ പ്രകടനവും താരതമ്യം ചെയ്യാന്‍ മറ്റൊരു കാരണമുണ്ട്.
അത് സ്‌കോറിലെ സാമ്യതയാണ്. രണ്ട് മത്സരത്തിലും 18 പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 48 റണ്‍സായിരുന്നു. രണ്ട് മത്സരത്തിലും റണ്‍സ് പിന്തുടരുന്ന ടീമിന്റെ വിജയ സാധ്യത 10 ശതമാനത്തില്‍ താഴെയായിരുന്നു. ഇവിടെ നിന്നാണ് വിരാട് കോലിയും റിങ്കു സിങ്ങും ഹീറോകളായി മാറിയത്. രണ്ട് മത്സരത്തിലും എതിര്‍വശത്ത് ബൗളര്‍മാരായിരുന്നു വിജയത്തിലേക്കെത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്നത്.

കോലിക്കൊപ്പം ആര്‍ അശ്വിനായിരുന്നെങ്കില്‍ റിങ്കുവിനൊപ്പം ആ സ്ഥാനത്ത് ഉമേഷ് യാദവായിരുന്നു. പാകിസ്താനെതിരേ കോലിയുടെ പ്രകടനത്തിന് തട്ട് മറ്റേത് പ്രകടനത്തിനെക്കാളും മുകളിലാണെന്നതില്‍ തര്‍ക്കമില്ല. അവസാന മൂന്ന് ഓവറില്‍ 48 റണ്‍സ് വേണമെന്നിരിക്കെ 18ാം ഓവര്‍ എറിയാനെത്തിയ ഷഹീന്‍ അഫ്രീദിയെ മൂന്ന് ബൗണ്ടറികള്‍ പായിച്ച് കോലി വിജയത്തിലേക്ക് ടീമിനെ അടുപ്പിച്ചു.
19ാം ഓവര്‍ എറിയാനെത്തിയത് ഹാരിസ് റഊഫായിരുന്നു. ആദ്യ നാല് പന്തും വിറപ്പിക്കാന്‍ റഊഫിനായെങ്കിലും അഞ്ചും ആറും പന്തുകള്‍ സിക്‌സര്‍ പറത്തി ഇന്ത്യയുടെ പ്രതീക്ഷ നിലനിര്‍ത്തി. കോലി റഊഫിനെ സിക്‌സര്‍ പറത്തിയ രണ്ട് ഷോട്ടുകളും അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. അതില്‍ അവസാന പന്തില്‍ ഫൈന്‍ ലെഗിന് മുകളിലൂടെ പറത്തിയ സിക്‌സറിന്റെ മനോഹാരിതയ്ക്ക് പകരം വെക്കാന്‍ മറ്റൊരു ഷോട്ടുണ്ടായിട്ടില്ലെന്ന് പറയാം.
അവസാന ഓവറില്‍ ഇന്ത്യക്ക് 16 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ കോലിയും അശ്വിനും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. കോലി 53 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 82 റണ്‍സുമായാണ് പുറത്താവാതെ നിന്നത്. കോലിയുടെ ഈ പ്രകടനം എന്നെന്നും ക്രിക്കറ്റ് ചരിത്രത്തില്‍ ഓര്‍മപ്പെടുത്തുന്നതാണ്. എന്നാല്‍ കോലി ക്രീസില്‍ നില്‍ക്കുന്നതിനാല്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്നു.

അതേ സമയം റിങ്കു സിങ് ബാറ്റ് ചെയ്യവെ ഇത്തരമൊരു അത്ഭുത ജയം നേടിക്കൊടുക്കാന്‍ സാധിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് അദ്ദേഹം വെടിക്കെട്ട് നടത്തിയത്. അതുകൊണ്ട് തന്നെ ഫിനിഷറെന്ന നിലയില്‍ വലിയ ഭാവി റിങ്കുവിന് ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കും റിങ്കുവിന് വിളിയെത്തിയേക്കും.
നിലവില്‍ ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ ഫിനിഷര്‍മാരുടെ അഭാവമുണ്ട്. ഈ സാഹചര്യത്തില്‍ റിങ്കുവിന് പ്രതീക്ഷകളേറെ. തിലക് വര്‍മ, റിങ്കു സിങ്, സായ് സുദര്‍ശന്‍ തുടങ്ങിയവരെല്ലാം ഭാവിയില്‍ ഇന്ത്യയുടെ വലിയ താരങ്ങളായി വളരാനുള്ള സാധ്യതകളുമേറെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications