കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മികച്ച പ്രകടനം നടത്തി പ്രതീക്ഷ നല്‍കിയ താരമാണ് വെങ്കടേഷ് അയ്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ടോപ് ഓഡറില്‍ കസറി കൈയടി നേടിയ വെങ്കടേഷ് മുംബൈ ഇന്ത്യന്‍സിനെതിരേ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കി. ഇന്ത്യന്‍ ടീമിലേക്ക് പോലും തിരിച്ചെത്തുമെന്ന് തോന്നിപ്പിച്ച വെങ്കടേഷ് പിന്നീട് തുടര്‍ച്ചയായി നിരാശപ്പെടുത്തിയിരിക്കുകയാണ്.
ഒരുമികച്ച പ്രകടനം പോലും സെഞ്ച്വറിക്ക് ശേഷം കാഴ്ചവെക്കാന്‍ വെങ്കടേഷിന് സാധിച്ചിട്ടില്ല. വലിസ സ്‌കോര്‍ നേടാനായില്ലെന്ന് മാത്രമല്ല ടെസ്റ്റ് ബാറ്റിങ് നടത്തി തീര്‍ത്തും നിരാശപ്പെടുത്തുകയാണ് ഇടം കൈയന്‍ താരം. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 14 പന്ത് നേരിട്ട് 11 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇത് മാത്രമല്ല അനാവശ്യമായി താരം റിവ്യൂവും നഷ്ടപ്പെടുത്തി. ഔട്ടാണെന്ന് ഏറെക്കുറെ ഉറപ്പായിരുന്നിട്ടും റിവ്യൂ പാഴാക്കിയത് ടീമിന് തിരിച്ചടിയായി.

നാരായണ്‍ ജഗദീശനും റിവ്യൂ പാഴാക്കിയതിന് പിന്നാലെ വെങ്കടേഷും റിവ്യൂ പാഴാക്കിയതോടെ തുടക്കത്തിലേ തന്നെ രണ്ട് റിവ്യൂവും കെകെആറിന് നഷ്ടമാവുകയും ചെയ്തു. ആര്‍സിബിക്കെതിരേയും താരം റിവ്യൂ പാഴാക്കിയിരുന്നു. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് വെങ്കടേഷ് എല്‍ബിയില്‍ കുടുങ്ങിയത്. 78.57 മാത്രമാണ് താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. താരത്തിന്റെ ബാറ്റിങ് ഓഡറില്‍ നിരന്തരം മാറ്റംവരുത്തിയതും താരത്തിന്റെ മോശം പ്രകടനത്തിന് കാരണമായിട്ടുണ്ടെന്ന് പറയാം.
സെഞ്ച്വറിക്ക് ശേഷമുള്ള വെങ്കടേഷിന്റെ സ്‌കോര്‍ നോക്കുമ്പോള്‍ 2 പന്തില്‍ 0, 20 പന്തില്‍ 20, 26 പന്തില്‍ 31, 12 പന്തില്‍ 10, ഇപ്പോള്‍ 14 പന്തില്‍ 11 ഉുമാണ്. മധ്യനിരയില്‍ ടീമിന് കരുത്താവുമെന്ന് കരുതി പരീക്ഷിച്ച വെങ്കടേഷ് ടീമിന് ബാധ്യതയായി മാറുന്നു. ഇന്ത്യന്‍ ടീമിലേക്ക് വെങ്കടേഷിന്റെ തിരിച്ചുവരവ് കരുതിയിരുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തുകയാണ് താരം ചെയ്യുന്നത്.
അനാവശ്യ സമ്മര്‍ദ്ദത്തോടെയാണ് വെങ്കടേഷ് ബാറ്റ് ചെയ്യുന്നത്. മുംബൈക്കെതിരേ കളിച്ചതുപോലെ ആക്രമിച്ച് കളിച്ചാല്‍ റണ്‍സ് നേടാന്‍ കഴിവുള്ളവനാണ് വെങ്കടേഷ്. എന്നാല്‍ നിലയുറപ്പിച്ച് കളിക്കാനായി നിരവധി പന്തുകള്‍ പാഴാക്കി ടീമിന്റെ റണ്‍റേറ്റ് കുറക്കുന്നു. ടീമിനെ അനാവശ്യ സമ്മര്‍ദ്ദത്തിലേക്കെത്തിക്കുന്നതാണ് വെങ്കടേഷിന്റെ ബാറ്റിങ് എന്നാണ് വിമര്‍ശനം ഉയരുന്നത്. ഉയര്‍ന്ന കായിക ക്ഷമതയുള്ള താരമായിട്ടും വലിയ ഷോട്ട് കളിക്കാന്‍ താരം മടിക്കുകയാണ്.

സെഞ്ച്വറി നേടിയതോടെ ഓറഞ്ച് ക്യാപ്പ് നോട്ടമിട്ട് കളിക്കുന്നതാണ് വെങ്കടേഷിന് പറ്റുന്ന അബദ്ധമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. പോസിറ്റീവായി കളിക്കാന്‍ വെങ്കടേഷിന് സാധിക്കുന്നില്ല. ഇതേ പ്രകടനം തുടര്‍ന്നാല്‍ പ്ലേയിങ് 11ലെ സ്ഥാനം പോലും വെങ്കടേഷിന് നഷ്ടമാവുമെന്നാണ് ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വെങ്കടേഷിന്റെ മോശം പ്രകടനത്തില്‍ കെകെആര്‍ ടീം മാനേജ്‌മെന്റും വിമര്‍ശനം അര്‍ഹിക്കുന്നു.
താരത്തിന് സ്ഥിരമായൊരു ബാറ്റിങ് ഓഡര്‍ നല്‍കാത്തതാണ് പ്രധാന പ്രശ്‌നം. ഓപ്പണറായും മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം താരത്തെ കളിപ്പിക്കുന്നു. ഇംപാക്ട് പ്ലയറായി വെങ്കടേഷിനെ ഉപയോഗിച്ചു. താരത്തിന് ഓപ്പണിങ്ങിലോ മൂന്നാം നമ്പറിലോ സ്ഥിരമായി അവസരം നല്‍കണമെന്നും ബാറ്റിങ് പൊസിഷന്‍ അടിക്കടി മാറുന്നത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു.
ഈ സീസണില്‍ ബാറ്റിങ് ഓഡറില്‍ ഏറ്റവും പരീക്ഷണം നടത്തിയ ടീമുകളിലൊന്നാണ് കെകെആര്‍. ഓപ്പണിങ്ങില്‍ ഇതുവരെ ഏഴ് കൂട്ടുകെട്ടുകളാണ് കെകെആര്‍ പരീക്ഷിച്ചത്. പരിക്കും കെകെആറിനെ ബാറ്റിങ് ഓഡറില്‍ മാറ്റംവരുത്താന്‍ നിര്‍ബന്ധിതരാക്കുന്നു. ഗുജറാത്തിനെതിരേ മൂന്നാം നമ്പറില്‍ ശര്‍ദുല്‍ ഠാക്കൂറിനെ പരീക്ഷിച്ചതും പാളി. നാല് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് ശര്‍ദുല്‍ മടങ്ങിയത്.
ടൂര്‍ണമെന്റെ പാതി പിന്നിടുമ്പോള്‍ ഇതുവരെ മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാന്‍ കെകെആറിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ടീമിന്റെ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനത്തിന് കാരണം ടീം മാനേജ്‌മെന്റിന്റെ മോശം തീരുമാനങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.