അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ പുരോഗമിക്കവെ ഹീറോയായി മാറിയിരിക്കുന്നത് റിങ്കു സിങ്ങാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കെകെആറിന് ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ പറത്തിയ റിങ്കു കെകെആറിന് അത്ഭുത ജയം സമ്മാനിക്കുകയായിരുന്നു. അവിസ്മരണീയമായ ബാറ്റിങ് പ്രകടനമാണ് റിങ്കു കാഴ്ചവെച്ചത്.
കെകെആറിന് പോലും വിജയ പ്രതീക്ഷ നഷ്ടപ്പെട്ടിടത്തുനിന്നാണ് റിങ്കു ടീമിനെ വിജയത്തിലേക്കെത്തിച്ചത്. അവസാന ഓവറിന് മുമ്പുവരെ മികച്ച ടൈമിങ് കണ്ടെത്താനാവാതിരുന്ന റിങ്കു പിന്നീട് കസറുന്നതാണ് കണ്ടത്. ഇപ്പോഴിതാ തന്റെ ഗംഭീര പ്രകടനത്തിന് പിന്നിലെ അറിയാക്കഥയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റിങ്കു സിങ്. ആ സമയത്തെ ചിന്തയും ഫിനിഷിങ്ങിലേക്കെത്തിച്ചപ്പോഴുള്ള വികാരവുമെല്ലാം അദ്ദേഹം വെളിപ്പെടുത്തി.

കൂടാതെ താന്‍ ഉപയോഗിച്ച ബാറ്റ് നല്‍കിയത് ആരാണെന്നും റിങ്കു സിങ് വെളിപ്പെടുത്തുകയുണ്ടായി. അത് കെകെആര്‍ നായകന്‍ നിധീഷ് റാണയുടെ ബാറ്റായിരുന്നു. നിധീഷ് നല്‍കിയ ബാറ്റുപയോഗിച്ചാണ് കെകെആറിന്റെ ഹീറോയായി റിങ്കു മാറിയത്. ' സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഞാന്‍ ഉപയോഗിച്ച ബാറ്റായിരുന്നു ഇത്. ആര്‍ക്കും നല്‍കാന്‍ ആഗ്രഹിച്ചിരുന്നതല്ല. എന്നാല്‍ റിങ്കു ഒരു ബാറ്റ് നല്‍കാന്‍ ആവിശ്യപ്പെട്ടപ്പോള്‍ ഇതിലേതെങ്കിലും ഒന്നെടുത്തുകൊള്ളാനാണ് പറഞ്ഞത്.
അവന്‍ കൃത്യമായി ഈ ബാറ്റ് തന്നെ തിരഞ്ഞെടുത്തു. ഇപ്പോള്‍ ഈ ബാറ്റിന്റെ ഉടമ അവനായിരിക്കുകയാണ്' - നിധീഷ് റാണ മത്സരശേഷം പറഞ്ഞു. മത്സരശേഷമാണ് ഈ ബാറ്റ് നിധീഷ് റിങ്കുവിന് കൈമാറിയത്. 'നീ അഞ്ച് സിക്‌സറടിച്ച എന്റെ ബാറ്റ് നിനക്ക് നല്‍കുകയാണ്. എന്നില്‍ നിന്ന് നീ വേറെയെന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തുറന്നു പറയാനും നിധീഷ് പറഞ്ഞു. ഇതിന് റിങ്കുവിന്റെ മറുപടി സ്‌നേഹം മാത്രം മതിയെന്നായിരുന്നു.

വെടിക്കെട്ട് പ്രകടനം നടത്തിയപ്പോള്‍ മനസില്‍ തോന്നിയതിനെക്കുറിച്ച് റിങ്കു പറഞ്ഞത് ഇങ്ങനെയാണ്. '18 ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും എനിക്ക് എന്റെ ബാറ്റിങ്ങിനെക്കുറിച്ച് മനസില്‍ ആശങ്കയുണ്ടായിരുന്നു. ഞാന്‍ മികച്ച നിലയിലാണോ കളിക്കുന്നത് മികച്ച ടൈമിങ് ലഭിക്കുന്നുണ്ടോയെന്നതില്‍ സംശയം തോന്നി. എന്നാല്‍ ജോഷ്വാ ലിറ്റിലിനെ ഒരു സിക്‌സും ഫോറും പറത്തിയതോടെ ആത്മവിശ്വാസം തോന്നി.
അവസാന അഞ്ച് പന്തില്‍ അധികമൊന്നും ചിന്തിച്ചിരുന്നില്ല. പന്തിനനുസരിച്ച് വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുക മാത്രമാണ് ചെയ്തത്. അവസാന സീസണില്‍ ഇത്തരമൊരു സന്ദര്‍ഭം വന്നപ്പോള്‍ ഫിനിഷ് ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല'-റിങ്കു സിങ് പറഞ്ഞു. എന്നാല്‍ അവസാന സീസണിലും റിങ്കുവിന്റെ ബാറ്റിങ് പ്രകടനം കൈയടി നേടിയിരുന്നു. സമ്മര്‍ദ്ദമില്ലാതെ ഫിനിഷ് ചെയ്യാന്‍ കഴിവുള്ള താരമാണ് റിങ്കു.
ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിങ്കു ഭാവിയില്‍ ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ്. സമ്മര്‍ദ്ദമില്ലാതെ കളിക്കുന്നുവെന്ന് മാത്രമല്ല മധ്യനിരയിലെ വിശ്വസ്തനെന്നും റിങ്കുവിനെ വിളിക്കാം. ഒരിക്കല്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് കളിക്കുന്നതാണ് തന്റെ സ്വപ്‌നമെന്നാണ് ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ റിങ്കു സിങ് വ്യക്തമാക്കിയത്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള റിങ്കു ടി20 ചരിത്രത്തില്‍ അവസാന ഓവറില്‍ കൂടുതല്‍ റണ്‍സടിച്ച് ടീമിന് ജയം നേടിക്കൊടുക്കുന്ന താരമാണ്. എംഎസ് ധോണിയുടെ 24 റണ്‍സ് റെക്കോഡിനെയാണ് റിങ്കു തകര്‍ത്തത്. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാന്‍ റിങ്കുവിന് കഴിവുണ്ട്. നിലവില്‍ ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവമുണ്ട്. ഈ അഭാവം നികത്താന്‍ കഴിവുള്ളവനാണ് റിങ്കു.
അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ആവിശ്യത്തിന് പിന്തുണ ലഭിച്ചാല്‍ ഇന്ത്യക്കായി അത്ഭുതം സൃഷ്ടിക്കാന്‍ റിങ്കുവിന് കഴിവുണ്ട്. അതിനുള്ള പ്രതിഭ റിങ്കുവിനുണ്ട്. എന്നാല്‍ ഇനിയുള്ള മത്സരങ്ങളിലും ഇതേ ഫിനിഷിങ് മികവ് റിങ്കുവിന് കാട്ടാനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.