For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വിജയ് വെടിക്കെട്ട്, റിങ്കു ഷോക്കിന് കണക്കുതീര്‍ത്ത് ജിടി- ലീഗില്‍ തലപ്പത്ത്

കൊല്‍ക്കത്ത: റിങ്കു സിങില്‍ നിന്നുള്ള ഷോക്ക് ട്രീറ്റ്‌മെന്റിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു അവരുടെ മൈതാനത്തു കണക്കുതീര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരും മുന്‍ ജേതാക്കളും തമ്മിലുള്ള പോരാട്ടത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ജിടിയുടെ വിജയം. മഴ കാരണം ഒന്നേകാല്‍ മണിക്കൂര്‍ വൈകി തുടങ്ങിയ മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് കെകെആര്‍ ബാറ്റിങിന് അയക്കപ്പെടുകയായിരുന്നു.

പിച്ചിലെ ഈര്‍പ്പം മുതല്‍ക്കൂട്ടാവാമെന്ന കണക്കുകൂട്ടലിലായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. പക്ഷെ മികച്ച ബാറ്റിങ് പുറത്തെടുത്ത കെകെആര്‍ 180 റണ്‍സിന്റെ വിജയലക്ഷ്യമാണ് ജിടിക്കു നല്‍കിയത്. മറുപടിയില്‍ 17.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജിടി വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഈ ജയത്തോടെ 12 പോയിന്റോടെ ജിടി ലീഗില്‍ തലപ്പത്തെത്തി. സ്‌കോര്‍- കൊല്‍ക്കത്ത ഏഴിന് 179, ഗുജറാത്ത് 17.5 ഓവറില്‍ മൂന്നിന് 180.

VIJAY SHANKAR

ഒരു ഘട്ടത്തില്‍ മല്‍സരം കെകെആറിനു അനുകൂലമായി നീങ്ങിയിരുന്നു. എന്നാല്‍ വിജയ് ശങ്കറിന്റെ (51*) വെടിക്കെട്ട് ഫിഫ്റ്റി ജിടിയെ വിജയത്തിലെത്തിച്ചു. 24 ബോളിലാണ് അഞ്ചു സിക്‌സറും രണ്ടു ഫോറുമടക്കം താരം ഫിഫ്റ്റിയിലെത്തിയത്. അപരാജിതമായ നാലാം വിക്കറ്റില്‍ ഡേവിഡ് മില്ലര്‍ക്കൊപ്പം (18 ബോളില്‍ 32*) വിജയ് ചേര്‍ന്നെടുത്ത 87 റണ്‍സ് ജിടിയുടെ വിജയത്തിനു അടിത്തറയിടുകയായിരുന്നു. 49 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് ജിടിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

നേരത്തേ ജേസണ്‍ റോയ്ക്കു പകരം ടീമിലേക്കു വിളിക്കപ്പെട്ട അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ട് പ്രകടനമാണ് കെകെആറിനു മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ഏഴിനു 179 റണ്‍സാണ് കെകെആര്‍ പടുത്തുയര്‍ത്തിയത്. 81 റണ്‍സുമായി ഗുര്‍ബാസ് ടീമിന്റെ അമരക്കാരനായി മാറി. വെറും. 39 ബോളിലാണ് ഏഴു സിക്‌സറും അഞ്ചു ഫോറുമടക്കം 81 റണ്‍സ് താരം വാരിക്കൂട്ടിയത്.

ഗുര്‍ബാസിനെക്കൂടാതെ വാലറ്റത്ത് ആന്ദ്രെ റസ്സലിന്റെ (34) വെടിക്കെട്ടും കെകെആര്‍ ഇന്നിങ്‌സിനു കരുത്തേകി. 19 ബോളിലാണ് മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം റസ്സല്‍ 34 റണ്‍സ് അടിച്ചെടുത്തത്. കെകെആര്‍ നിരയില്‍ മറ്റാരും തന്നെ 20 റണ്‍സ് പോലും തികച്ചില്ല.

പിച്ചില്‍ നിന്നും തുടക്കത്തില്‍ ജിടി ബൗളര്‍മാര്‍ക്കു ആനുകൂല്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ കെകെആര്‍ ഓപ്പണിങ് ജോടികളായ എന്‍ ജഗദീശനും ഗുര്‍ബാസും ചേര്‍ന്ന് തുടക്കത്തില്‍ തന്നെ നയം വ്യക്തമാക്കിയിരുന്നു.

തൊട്ടുമുമ്പത്തെ മാച്ചില്‍ സ്ലോ ബാറ്റിങിനെ തുടര്‍ന്നു ഏറെ പഴികേട്ട ജഗദീശന്‍ ഇതിന്റെ ക്ഷീണം തീര്‍ക്കാനാണ് തുടക്കം മുതല്‍ ശ്രമിച്ചത്. ഹാര്‍ദിക്കെറിഞ്ഞ രണ്ടാം ഓവറില്‍ രണ്ടു ഫോറുകളാണ് ജഗദീശന്‍ പായിച്ചത്. ഈ ഓവറില്‍ 13 റണ്‍സും ടീം നേടി. പക്ഷെ തൊട്ടടുത്ത ഓവറില്‍ അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഷമി ആദ്യ പ്രഹരമേല്‍പ്പിച്ചു.

GT CELEBRATES

അതുവരെ കാഴ്ചക്കാരനായി നിന്ന ഗുര്‍ബാസ് പിന്നീട് ആക്രമണമേറ്റെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ 13 റണ്‍സ് വഴങ്ങിയ ഹാര്‍ദിക്കിനെ നാലാം ഓവറിലും കെകെആര്‍ കടന്നാക്രമിച്ചു. രണ്ടു സിക്‌സറുകളാണ് ഗുര്‍ബാസ് ഈ ഓവറില്‍ നേടിയത്.

മൂന്നാം നമ്പറില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇറക്കിയ കെകെആറിന്റെ തീരുമാനം അമ്പെ പാളി. നാലു ബോള്‍ നേരിട്ട അദ്ദേഹം ഡെക്കാവുകയായിരുന്നു. ഈ വിക്കറ്റിനും ഷമി തന്നെ സ്വന്തമാക്കി. വെങ്കടേഷ് അയ്യര്‍ക്കൊപ്പം (11) 37 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. പക്ഷെ ഇതേ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ നിതീഷ് റാണയും (4) മടങ്ങിയത് കെകെആറിനു പ്രഹരമായി.

പക്ഷെ ഗുര്‍ബാസ് ഇതുകൊണ്ടൊന്നും കുലുങ്ങിയില്ല. ഈ സീസണിലെ രണ്ടാമത്തെ ഫിഫ്റ്റിയും ഇതിനിടെ താരം പൂര്‍ത്തയാക്കി. റിങ്കു സിങിനൊപ്പം 47 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ഗുര്‍ബാസ് കെകെആര്‍ സ്‌കോര്‍ ബോര്‍ഡിലേക്കു കൂട്ടിച്ചേര്‍ത്തു. ടീം സ്‌കോര്‍ 135ലാണ് ഗുര്‍ബാസ് പുറത്താവുന്നത്.

ആദ്യപാദത്തില്‍ ഒരോവറില്‍ അഞ്ചു സിക്‌സറടിച്ച് ജിടിയുടെ അന്തകനായ റിങ്കുവിന് അതു പോലെയൊരു പ്രകടനം ഇത്തവണ ആവര്‍ത്തിക്കാനായില്ല. 20 ബോളില്‍ ഒരു സിക്‌സറടക്കം 19 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. തുടര്‍ന്നായിരുന്നു റസ്സലിന്റെ വെടിക്കെട്ട്. ജിടിക്കായി മുഹമ്മദ് ഷമി മൂന്നും ജോഷ്വ ലിറ്റിലും നൂര്‍ അഹമ്മദും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ടോസിനു ശേഷം ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ജിടി ഈ കളിയില്‍ ഇറങ്ങിയത്. എന്നാല്‍ കെകെആര്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുറംവേദനയെ തുടര്‍ന്നു ജേസണ്‍ റോയ് പുറത്തായപ്പോള്‍ പകരം റഹ്മാനുള്ള ഗുര്‍ബാസിനെ ഉള്‍പ്പെടുത്തി. ഉമേഷ് യാദവിനു പകരം ഹര്‍ഷിത് റാണയും ടീമിലേക്കു വന്നു.

നേരത്തേ അഹമ്മദാബാദില്‍ നടന്ന ത്രില്ലറില്‍ ഹാര്‍ദിക് പാണ്ഡ്യയെയും സംഘത്തെയും കെകെആര്‍ സത്ബധരാക്കിയിരുന്നു. അന്നു പരാജയത്തിന്റെ വക്കില്‍ നിന്നാണ് യഷ് ദയാലെറിഞ്ഞ 20ാം ഓവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ പറത്തി റിങ്കു സിങ് ജിടിയെ സ്തബ്ധരാക്കിയത്.

പ്ലെയിങ് ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഡേവിഡ് വീസ്സെ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

Story first published: Saturday, April 29, 2023, 11:28 [IST]
Other articles published on Apr 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+