ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയൊരു താരോദയത്തെക്കൂടി ലഭിച്ചിരിക്കുകയാണ്- റിങ്കു സിങ്. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ കസറുന്ന റിങ്കുവിനെത്തേടി വൈകാത ഇന്ത്യന്‍ ടീമില്‍ നിന്നും വിളിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ തന്നെ റിങ്കു പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഈ സീസണിലാണ് താരപദവിയിലേക്കുയര്‍ന്നത്. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സുമായുളള പോരാട്ടത്തില്‍ അവസാന ഓവറിലെ അഞ്ചു ബോളുകളും സിക്‌സറിലേക്കു പറത്തിയ അദ്ദേഹം ടീമിന്റെ ഹീറോയായി മാറിയിരുന്നു.
അതിനു ശേഷവും കെകെആറിനായി പ്രതിസന്ധി ഘട്ടങ്ങളില്‍ പല തവണ റിങ്കു മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഏറ്റവും അവസാനമായി ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തിലും കെകെആര്‍ റണ്‍ചേസില്‍ പതറവെ ക്രീസിലെത്തിയ അദ്ദേഹം കിടിലന്‍ ഫിഫ്റ്റിയോടെ ടീമിനു ഗംഭീര വിജയം സമ്മാനിച്ചിരുന്നു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം കൂടിയാണ് റിങ്കു. 13 ഇന്നിങ്‌സുകളില്‍ നിന്നും 50.87 ശരാശരിയില്‍, 143.30 സ്‌ട്രൈക്ക് റേറ്റോടെ 407 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ടീം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഫിനിഷറെന്നാണ് 25 കാരനായ റിങ്കു വിശേഷിപ്പിക്കപ്പെടുന്നത്.
പക്ഷെ വെറുമൊരു ഫിനിഷറെന്ന ലേബലില്‍ ഒതുക്കപ്പെടേണ്ട താരമല്ല അദ്ദേഹമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ഫിനിഷറായി മാത്രമ ആങ്കറുടെ റോളും തനിക്കു വഴങ്ങുമെന്നു സിഎസ്‌കെയ്‌ക്കെതിരായ ഇന്നിങ്‌സോടെ റിങ്കു കാണിച്ചുതന്നിരുന്നു.
റണ്‍ചേസില്‍ ടീം മൂന്നിനു 33 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു അദ്ദേഹം ക്രീസിലെത്തിയത്. ബാറ്റിങ് ദുഷ്‌കരമായിരുന്ന ചെപ്പോക്കിലെ പിച്ചില്‍ വളരെ ശ്രദ്ധയോടെ റിങ്കു ഇന്നിങ്‌സ് കെട്ടിപ്പെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ നിതീഷ് റാണയ്‌ക്കൊപ്പം അദ്ദേഹമുണ്ടാക്കിയ 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് കെകെആര്‍ വിജയത്തിനു അടിത്തറയിട്ടത്. വളരെയധികം പക്വതയും അതോടൊപ്പം അഗ്രസീവുമായ ഇന്നിങ്‌സായിരുന്നു റിങ്കുവിന്റേത്. മധ്യനിരയില്‍ ആങ്കറായും തനിക്കു തിളങ്ങാന്‍ കഴിയുമെന്നു അദ്ദേഹം ഇതിലൂടെ കാണിച്ചുതന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനായി വളരെ മികച്ച റെക്കോര്‍ഡാണ് റിങ്കു സിങിനുള്ളതെന്നതാണ് രണ്ടാമത്തെ കാരണം. 2018-19ലെ രഞ്ജി ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം മൂന്നാംസ്ഥാനത്തെത്തിയിരുന്നു. വളരെ മികച്ചൊരു ബാറ്റര്‍ കൂടിയാണ് താനെന്നതിന് ഇതിനേക്കാള്‍ വലിയൊരു തെളിവ് റിങ്കുവിന് ഇനി നല്‍കാനില്ല.

അന്നു 10 ഇന്നിങ്‌സുകളില്‍ നിന്നും 953 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. നാലു സെഞ്ച്വറികളുള്‍പ്പെടെയായിരുന്നു ഇത്. 40 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 59.89 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 2875 റണ്‍സ് റിങ്കു സ്‌കോര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ലിസ്റ്റ് എ ക്രിക്കറ്റില്‍ 50 മല്‍സരങ്ങളില്‍ നിന്നും 53 ശരാശരിയില്‍ 1749 റണ്‍സും താരം നേടി.
ഫിനിഷിങിലെ പുതിയ മാസ്റ്ററായി റിങ്കു സിങ് മാറിക്കൊണ്ടിരിക്കുകയാണ്. തനിക്കു ലഭിക്കുന്ന ഏതു റോളും ഏറ്റെടുക്കാന്‍ മിടുക്കനായ അദ്ദേഹത്തിനു ഈ സീസണിലെ ഐപിഎല്ലില്‍ കൂടുതലായും ലഭിച്ചത് ഫിനിഷറുടെ റോളാണ്. പലപ്പോഴും ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കൊണ് താരം ക്രീസിലെത്താറുള്ളത്. പക്ഷെ സമ്മര്‍ദ്ദത്തിനു കീഴ്‌പ്പെടാതെ വളരെ കൂളായി ടീമിനെ രക്ഷിക്കാന്‍ സാധിക്കുവെന്നതാണ് റിങ്കുവിന്റെ മികവ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റണ്‍ചേസ് നടത്തിയ ഈ സീസണിലെ ആറു മല്‍സരങ്ങളില്‍ 4, 48*, 58*, 53*, 21*, 54 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഒന്നിലൊഴികെ ബാക്കിയുള്ള അഞ്ചു ഇന്നിങ്‌സുകളിലും ടീമിനു വേണ്ടി നിര്‍ണായക സംഭാവന നല്‍കാന്‍ റിങ്കുവിനു സാധിച്ചു. താന്‍ വലിയ വേദികളിലെ താരമാണെന്നും സമ്മര്‍ദ്ദത്തിനിടയിലും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നും റിങ്കു കാണിച്ചു തരികയും ചെയ്യുന്നു.