പരിക്കേറ്റ് വിശ്രമിക്കുന്ന ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പകരക്കാരനെ നിര്‍ദേശിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെവിന്‍ പീറ്റേഴ്‌സന്‍. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭിനു എപ്പോള്‍ മല്‍സരംഗത്തേക്കു തിരിച്ചെത്താന്‍ കഴിയുമെന്ന കാര്യം വ്യക്തമല്ല.
ഐപിഎല്ലും ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലുമെല്ലാം താരത്തിനു നഷ്ടമായിക്കഴിഞ്ഞു. ഒക്ടോബറില്‍ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും റിഷഭിനു കളിക്കാമനാവുമോയെന്ന കാര്യം സംശയമാണ്. ഇതേ തുടര്‍ന്നാണ് പകരക്കാരനാവാന്‍ ഏറ്റവും അനുയോജ്യനായ താരത്തെ പീറ്റേഴ്‌സന്‍ നിര്‍ദേശിച്ചത്.

നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ത്രികോണ മല്‍സരമാണ് നടക്കുന്നത്. കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ തമ്മിലാണിത്. ഏകദിന ഫോര്‍മാറ്റില്‍ രാഹുല്‍ സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു. പക്ഷെ ടി20യില്‍ ആരു വിക്കറ്റ് കാക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
മോശം ഫോം കാരണം രാഹുല്‍ ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ല. ഇഷാനും മോശം ഫോമിലാണ്. സഞ്ജുവാകട്ടെ ഇടയ്ക്കു മാത്രം ടീമില്‍ വന്നുപോവുന്ന അതിഥിയുമാണ്. പക്ഷെ റിഷഭിന്റെ പകരക്കാരനായി ഈ മൂന്നു പേരെയുമല്ല പീറ്റേഴ്‌സന്‍ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് റിഷഭ് പന്തിന്റെ പകരക്കാരന്‍ ആവേണ്ടതെന്നു കെവിന്‍ പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടി. മുംബൈ ഇന്ത്യന്‍സിനെതിരേ വാംഖഡെയില്‍ പഞ്ചാബ് വിജയിച്ച അവസാന മല്‍സരത്തില്‍ 29 കാരന്റെ പ്രകടനം അദ്ദേഹത്തെ ആകര്‍ഷിച്ചിരിക്കുകയാണ്. കളിയില്‍ വെറും ഏഴു ബോളില്‍ 25 റണ്‍സ് ജിതേഷ് അടിച്ചെടുത്തിരുന്നു.

ഇന്ത്യക്കു റിഷഭ് പന്തിന്റെ പകരക്കാരനെ ലഭിച്ചിരിക്കുകയാണ്. പഞ്ചാബ് കിങ്‌സ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ഇത്. പന്ത് ദീര്‍ഘകാലം കളിക്കളത്തില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കില്‍ പകരം വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുക്കേണ്ടത് ജിതേഷാണ്. നാലു സിക്‌സറുകളടക്കം മുംബൈ ഇന്ത്യന്‍സിനെതിരേ അദ്ദേഹം ഏഴു ബോളില്‍ നേടിയ 25 റണ്‍സ് മാച്ച് വിന്നിങ് പ്രകടനമായിരുന്നുവെന്നു ബെറ്റ്‌വേയിലെ തന്റെ കോളത്തില്‍ കെവിന്‍ പീറ്റേഴ്‌സന്‍ കുറിക്കുകയായിരുന്നു.
കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെയാണ് പഞ്ചാബ് കിങ്‌സിനൊപ്പം ജിതേഷ് ശര്‍മ അരങ്ങേറിയത്. ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനങ്ങളിലൂടെ താരം വരവറിയിക്കുകയും ചെയ്തു. 12 മല്‍സരങ്ങളില്‍ നിന്നും 163.64 സ്‌ട്രൈക്ക് റേറ്റോടെ 234 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഈ സീസണിലും മികച്ച പ്രകടനമാണ് ജിതേഷ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഏഴു മല്‍സരങ്ങളില്‍ നിന്നും 149.48 സ്‌ട്രൈക്ക് റേറ്റോടെ 145 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 11 ഫോറുകളും 10 സിക്‌സറും ഇതിലുള്‍പ്പെടും. ഈ വര്‍ഷം ഇന്ത്യയുടെ ടി20 ടീമിലേക്കു ജിതേഷ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലായിരുന്നു ഇത്. ആദ്യ മല്‍സരത്തിനിടെ ഫീല്‍ഡ് ചെയ്യവെ സഞ്ജുവിന് പരിക്കേല്‍ക്കുകയും തുടര്‍ന്നു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തിരുന്നു.
തുടര്‍ന്നാണ് പകരക്കാരനായി ജിതേഷിനെ ടീമിലുള്‍പ്പെടുത്തിയത്. പക്ഷെ പരമ്പരയില്‍ കളിക്കാനുള്ള വസരം അദ്ദേഹത്തിനു ലഭിച്ചില്ല. ഐപിഎല്ലില്‍ ഇത്തവണയം പഞ്ചാബ് കിങ്‌സിനായി മിന്നുന്ന ഫോമിലായതിനാല്‍ ടൂര്‍ണമെന്റിനു ശേഷമുള്ള ഇന്ത്യയുടെ ടി20 പരമ്പരകളിലേക്കു ജിതേഷ് പരിഗണിക്കപ്പെട്ടേക്കും.