അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ഇന്ന് കൊടിയിറങ്ങുകയാണ്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. കലാശപ്പോരാട്ടത്തിന് കാഹളം മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എല്ലാ കണ്ണുകളും ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ് പ്രകടനത്തിലേക്കാണ്. ഇന്ത്യയുടെ 23കാരനായ താരം ഇത്തവണത്തെ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിന്റെ ഉടമയാണ്.
രണ്ട് തുടര്‍ സെഞ്ച്വറി ഉള്‍പ്പെടെ മൂന്ന് സെഞ്ച്വറി നേടിയ ഗില്‍ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പ്രകടനം മെച്ചപ്പെടുത്തുകയാണെന്ന് പറയാം. മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം ക്വാളിഫയറില്‍ 60 പന്തില്‍ 129 റണ്‍സാണ് ഗില്‍ നേടിയത്. ഇൗ പ്രകടനത്തോടെ ഐപിഎല്ലിന്റെ ഈ സീസണില്‍ 800 റണ്‍സെന്ന കടമ്പ കടക്കാനും അദ്ദേഹത്തിനായി.

ഇപ്പോള്‍ ഇതിഹാസങ്ങളോടൊപ്പമാണ് ഗില്ലിനെ താരതമ്യം ചെയ്യുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും വിരാട് കോലിയുടെയും റെക്കോഡുകള്‍ തകര്‍ക്കാന്‍ എത്തിയവനാണെന്നും കോലിക്ക് ശേഷം ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കാന്‍ പോകുന്നവനാണ് ഗില്ലെന്നുമെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. എന്നാല്‍ ഗില്ലിനെ ഇതിഹാസമെന്നും സൂപ്പര്‍ താരമെന്നും വാഴ്ത്താറായിട്ടില്ലെന്നും അതിന്റെ കാരണവും വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവ്.
പല താരങ്ങളും തുടക്കത്തിലേ ഇങ്ങനെയാണെന്നും എന്നാല്‍ മികച്ച താരമെന്ന പട്ടികയിലേക്കെത്താന്‍ ഇനിയും സമയം ആവിശ്യമാണെന്നുമാണ് കപില്‍ പറയുന്നത്. 'സുനില്‍ ഗവാസ്‌കര്‍ വന്നു, പിന്നാലെ സച്ചിന്‍ ടെണ്ടുല്‍ക്കറെത്തി. വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, വിരാട് കോലി എന്നിവരെല്ലാം എത്തി. ഇതേ പോലെയുള്ള പ്രകടനമാണ് ഗില്‍ കാഴ്ചവെക്കുന്നത്.
ഇവരുടെ കാലടികള്‍ പിന്തുടരുകയാണ് ഗില്‍. പക്ഷെ അവനെ മികച്ചവനെന്ന് വിളിക്കുന്നതിന് മുമ്പ് ഒരു സീസണ്‍ കൂടി കഴിയേണ്ടതായുണ്ട്. വലിയ പ്രതിഭയുള്ള താരമാണ് ശുബ്മാനെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ വലിയ താരതമ്യം ചെയ്യാന്‍ ഇപ്പോള്‍ സാധിക്കില്ല. അടുത്ത ഗവാസ്‌കറെന്നോ സച്ചിനെന്നോ കോലിയെന്നോ വിളിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു സീസണ്‍കൂടിയെങ്കിലും കഴിയേണ്ടതായുണ്ട്.
ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്റെ ശക്തിയും ദൗര്‍ബല്യവും മനസിലാക്കും. അതുകൊണ്ട് തന്നെ മൂന്നോ നാലോ തുടര്‍ സീസണുകളില്‍ ഇതേ മികവ് കാട്ടാനായാല്‍ അവനെ തീര്‍ച്ചയായും സൂപ്പര്‍ താരമെന്ന് വിളിക്കാം-കപില്‍ ദേവ് പറഞ്ഞു. എന്നാല്‍ ഗില്ലിനെ വണ്‍ സീസണ്‍ വണ്ടറായി മാത്രം കാണാനാവില്ല. കാരണം അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന് ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് ഗില്‍.

അതുകൊണ്ട് തന്നെ ഒരു ഐപിഎല്‍ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല ഗില്ലിനെ വിലയിരുത്തേണ്ടതെന്ന് പറയാം. എന്നാല്‍ കപില്‍ ദേവ് ചില മുന്‍ താരങ്ങളുമായി ശുബ്മാന്‍ ഗില്ലിനെ താരതമ്യം ചെയ്യുകയാണ്. 'ശുബ്മാന്‍ ഗില്ലിന് ഇപ്പോഴുള്ള മികവ് എത്രത്തോളം തുടരാനാവുമെന്നതാണ് കണ്ടറിയേണ്ടത്. നിരവധി റണ്‍സുകള്‍ നേടി മുന്നേറുന്ന സാഹചര്യത്തില്‍ ഒരു താഴോട്ട് പോക്കുണ്ട്. ഈ സാഹചര്യത്തില്‍ നിന്ന് അവന്‍ എങ്ങനെ തിരിച്ചുവരുമെന്നതാണ് കണ്ടറിയേണ്ടത്.
സൂര്യകുമാര്‍ യാദവിനെ നോക്കുക. തുടര്‍ച്ചയായി റണ്‍സടിച്ച ശേഷം ഓസ്‌ട്രേലിയക്കെതിരേ തുടര്‍ച്ചയായി മൂന്ന് ഗോള്‍ഡന്‍ ഡെക്ക് അവന്‍ നേരിട്ടു. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തി. ഗില്ലിന് ഇത്തരമൊരു വെല്ലുവിളി നേരിടേണ്ടി വന്നാല്‍ എങ്ങനെ അതിജീവിക്കുമെന്നതാണ് അറിയേണ്ടത്. ക്ഷമയുള്ള ബാറ്റ്‌സ്മാനാണെന്നതാണ് ഗില്ലിന്റെ ഏറ്റവും വലിയ ശക്തി.
എന്നാല്‍ വിനോദ് കാംബ്ലിയെപ്പോലെ വലിയ പ്രതീക്ഷകള്‍ നല്‍കി പിന്നീട് താഴോട്ട് പോവുകയും ചെയ്ത താരങ്ങളുണ്ട്' - കപില്‍ കൂട്ടിച്ചേര്‍ത്തു. ശുബ്മാന്‍ ക്ലാസിക് ബാറ്റ്‌സ്മാനാണ്. ഓരോ ഷോട്ടിലും അതിന്റെ പൂര്‍ണ്ണതയുണ്ട്. ഭാവിയിലെ ഇതിഹാസമായി തന്നെ മാറാന്‍ കെല്‍പ്പ് ഗില്ലിനുണ്ടെന്ന് തന്നെ വിലയിരുത്താം.