മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവ് ക്രിക്കറ്റില്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. അതുവരെയുണ്ടായിരുന്ന പരമ്പരാഗത ക്രിക്കറ്റ് രീതികളെയും ശൈലികളെയും പൊളിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ഐപിഎല്‍ ഇന്ന് ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയായി മാറിക്കഴിഞ്ഞു. നിരവധി യുവതാരങ്ങളാണ് ഇതിനോടകം ഐപിഎല്ലിലൂടെ വളര്‍ന്ന് ദേശീയ ടീമിലേക്കെത്തിയത്.
ഐപിഎല്‍ താരങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള അവസരമൊരുക്കുന്നു. ഐപിഎല്‍ പല താരങ്ങളുടെയും കരിയര്‍ മാത്രമല്ല കുടുംബത്തെയും ജീവിതത്തെയും കൂടിയാണ് മാറ്റിമറിച്ചത്. ദാരിദ്ര്യത്തോട് പടവെട്ടി ഐപിഎല്ലിലേക്കെത്തി ഇപ്പോള്‍ സൂപ്പര്‍ താരങ്ങളായി ആരാധകര്‍ കൈയടിക്കുന്ന തലത്തിലേക്ക് മാറിയ ചിലരുണ്ട്. ഇത്തരത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് ഐപിഎല്ലിലൂടെ ഹീറോയായി മാറിയ താരങ്ങളെ അറിയാം.

മുഹമ്മദ് സിറാജിന്റെ പേരാണ് ഇതില്‍ ആദ്യം പറയേണ്ടത്. ആര്‍സിബിയിലൂടെ വളര്‍ന്ന പേസര്‍ ഇന്ന് ഇന്ത്യന്‍ ബൗളിങ് നിരയുടെ നട്ടെല്ലാണ്. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന താരമായി സിറാജ് വളര്‍ന്നു. തുടക്കത്തിലെ ചെണ്ട ബൗളര്‍ വിശേഷണമുണ്ടായിരുന്ന സിറാജ് ഇപ്പോള്‍ ഏവരും ഭയക്കുന്ന ബൗളര്‍മാരിലൊരാളാണ്. സിറാജിന്റെ പിതാവ് ഓട്ടോ ഡ്രൈവറായിരുന്നു. നല്ലൊരു ഷൂ പോലുമില്ലാതെ ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിച്ചാണ് സിറാജ് വളര്‍ന്നത്.
ആര്‍സിബിയില്‍ വിരാട് കോലി നല്‍കിയ വലിയ പിന്തുണ സിറാജിന്റെ കരിയര്‍ മാറ്റി. ഈ സീസണില്‍ ആര്‍സിബിക്കായി തകര്‍പ്പന്‍ പ്രകടനം സിറാജ് കാഴ്ചവെക്കുന്നു. 11 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് ഈ സീസണിലെ സിറാജിന്റെ സമ്പാദ്യം. ഒരിക്കല്‍ നല്ല ആഹാരത്തിന് പോലും പ്രയാസപ്പെട്ട സിറാജ് ഇന്ന് അത്യാഡംഭര ജീവിതമാണ് നയിക്കുന്നത്. താരത്തിന്റെ കഠിന പ്രയത്‌നത്തിന് ഫലം ലഭിച്ചുവെന്ന് തന്നെ പറയാം.
മറ്റൊരു താരം യശ്വസി ജയ്‌സ്വാളാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇടം കൈയന്‍ ഓപ്പണര്‍ക്ക് അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തും. മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. ഈ സീസണില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന താരം 11 മത്സരത്തില്‍ നിന്ന് 477 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടും. 43.36 ശരാശരിയും 160ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലുമാണ് താരം കസറുന്നത്.
ജയ്‌സ്വാളിന്റെ പിതാവ് പാനിപൂരി വില്‍പ്പനക്കാരാനായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്ക് നില്‍ക്കുന്ന അവസ്ഥയില്‍ നിന്നാണ് ജയ്‌സ്വാളിന്റെ വളര്‍ച്ച. ഇന്ന് താരം ആരാധകര്‍ നെഞ്ചേറ്റുന്ന ബാറ്റ്‌സ്മാനാണ്. എന്നാല്‍ ഒരു കാലത്ത് പരിശീലനത്തിന് പോലും പണം കണ്ടെത്താന്‍ പ്രയാസപ്പെട്ട താരമാണ് ജയ്‌സ്വാള്‍. വാടക വീട്ടില്‍ നിന്ന് കുടുംബത്തെ മികച്ച നിലയിലേക്കെത്തിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചു. വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്നവനാണ് ജയ്‌സ്വാള്‍.
കെകെആറിന്റെ റിങ്കു സിങ്ങാണ് മൂന്നാമന്‍. ഇതിനോടകം റിങ്കുവിന്റെ ഫിനിഷിങ് മികവ് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. സമ്മര്‍ദ്ദ സാഹചര്യത്തിലും അനായാസം സിക്‌സര്‍ പറത്തുന്ന റിങ്കു ഇന്ത്യന്‍ ടീമിലേക്ക് അധികം വൈകാതെ എത്താന്‍ സാധ്യതയുള്ള താരമാണ്. അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതായിരുന്നു. പാചക വാതക സിലണ്ടര്‍ വിതരണക്കാരനായിരുന്നു റിങ്കുവിന്റെ പിതാവ്.

കുടുംബത്തിന്റെ ദാരിദ്ര്യത്തെത്തുടര്‍ന്ന് ഓട്ടോറിക്ഷ ഓടിക്കാനും തൂപ്പുജോലിക്കും പോയിട്ടുള്ള താരമാണ് റിങ്കു. എന്നാല്‍ പ്രതിസന്ധികള്‍ക്കിടയിലും ക്രിക്കറ്റിനെ ചേര്‍ത്തുപിടിച്ച റിങ്കു ഇന്ന് ഇന്ത്യന്‍ ടീമിന് പോലും വലിയ പ്രതീക്ഷ നല്‍കുന്ന താരമായി മാറിക്കഴിഞ്ഞു. ഉമ്രാന്‍ മാലിക്കാണ് ഈ പട്ടികയിലെ നാലാമന്‍. അതിവേഗ പേസുകൊണ്ട് വിറപ്പിക്കുന്ന കാശ്മീര്‍ താരത്തിന്റെ കുടുംബ സാഹചര്യവും ദാരിദ്ര്യം നിറഞ്ഞതായിരുന്നു.
പഴവും പച്ചക്കറിയും കച്ചവടം ചെയ്യുന്നതായിരുന്നു ഉമ്രാന്റെ ജോലി. ഇതിനോടകം ഇന്ത്യക്കായി കളിക്കാനും ഉമ്രാനായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തമിഴ്‌നാട് പേസര്‍ ടി നടരാജന്റെ പിതാവ് തട്ടുകടക്കാരനാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ചേതന്‍ സക്കറിയുടെ പിതാവ് കൂലിപ്പണിക്കാരനായിരുന്നു. ഇവരെല്ലാം തങ്ങളുടെ കഠിനാധ്വാനംകൊണ്ട് സ്വന്തമായി പേരെടുത്ത പ്രതിഭകളാണ്.