അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് അവസാനമായിരിക്കുകയാണ്. ആവേശകരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇത്തവണ കിരീടം ചൂടിയത്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ധോണിയും സംഘവും തകര്‍ത്തത്. പതിവുതെറ്റിക്കാതെ നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി വളര്‍ന്നുവന്ന സീസണ്‍ കൂടിയാണിത്.
ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പ്രതീക്ഷ നല്‍കുന്ന നിരവധി പ്രതിഭകള്‍ ഈ സീസണിലൂടെ സൃഷ്ടിക്കപ്പെട്ടുവെന്ന് പറയാം. സീസണിലെ ബെസ്റ്റ് അണ്ടര്‍ 23 പ്ലേയിങ് 11 തിരഞ്ഞെടുത്താല്‍ ഏത് വമ്പന്മാരെയും വീഴ്ത്താന്‍ സാധിക്കുന്ന മികച്ച താരനിരയെ അതില്‍ ഉള്‍പ്പെടുത്താനാവും. സീസണിലെ ബെസ്റ്റ് അണ്ടര്‍ 23 പ്ലേയിങ് 11 ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും പ്രഭ്‌സിംറാന്‍ സിങ്ങിനുമാണ് അവസരം. രണ്ട് പേരും സീസണില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച താരങ്ങളാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ 14 മത്സരത്തില്‍ നിന്ന് 625 റണ്‍സാണ് നേടിയത്. 48ന് മുകളില്‍ ശരാശരിയും 163ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലും കസറിയ ജയ്‌സ്വാളിന്റെ പേരില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായി ജയ്‌സ്വാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രഭ്‌സിംറാന്‍ പഞ്ചാബ് കിങ്‌സിന്റെ ഓപ്പണറാണ്. 14 മത്സരത്തില്‍ നിന്ന് 358 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു സെഞ്ച്വറിയും ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഭയമില്ലാതെ കളിക്കുന്ന ബാറ്റ്‌സ്മാനാണ് പ്രഭ്‌സിംറാന്‍ സിങ്. മൂന്നാം നമ്പറില്‍ സായ് സുദര്‍ശനെ പരിഗണിക്കാം.
ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം മൂന്നാം നമ്പറില്‍ തിളങ്ങിയ സായ് സുദര്‍ശന്‍ എട്ട് മത്സരത്തില്‍ നിന്ന് 362 റണ്‍സാണ് നേടിയത്. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 96 റണ്‍സും അദ്ദേഹം സ്വന്തമാക്കി. നാലാം നമ്പറില്‍ തിലക് വര്‍മക്കാണ് അവസരം. പരിക്ക് മൂലം എല്ലാ മത്സരവും കളിക്കാന്‍ സാധിച്ചില്ലെങ്കിലും തുടര്‍ച്ചയായ രണ്ടാം സീസണിലും കസറാന്‍ തിലകിനായി.
11 മത്സരത്തില്‍ നിന്ന് 343 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 42ന് മുകളില്‍ ശരാശരിയും 164ന് മുകളില്‍ സ്‌ട്രൈക്കറേറ്റും തിലകിനുണ്ട്. അഞ്ചാം നമ്പറില്‍ നിഹാല്‍ വദേരക്കാണ് അവസരം. മുംബൈ ഇന്ത്യന്‍സ് താരം 14 മത്സരത്തില്‍ നിന്ന് 241 റണ്‍സാണ് നേടിയത്. മുംബൈക്കൊപ്പം വലിയ ഭാവി താരത്തിന് കല്‍പ്പിക്കപ്പെടുന്നു.
ആറാം നമ്പറില്‍ ദ്രുവ് ജുറേലിനാണ് അവസരം. രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഈ സീസണില്‍ സൂപ്പര്‍ ഫിനിഷര്‍ റോളിലാണ് കൈയടി നേടിയത്. 13 മത്സരത്തില്‍ നിന്ന് 152 റണ്‍സ് നേടിയ താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 172ന് മുകളിലാണ്. ഏഴാം നമ്പറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അബ്ദുല്‍ സമദിനാണ് അവസരം. 9 മത്സരത്തില്‍ നിന്ന് 169 റണ്‍സാണ് സമദ് നേടിയത്.

എട്ടാം നമ്പറില്‍ സിഎസ്‌കെയുടെ പേസ് ഓള്‍റൗണ്ടര്‍ രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ക്കാണ് അവസരം. സിഎസ്‌കെ അധികം അവസരം നല്‍കിയിട്ടില്ലെങ്കിലും അടുത്ത സീസണില്‍ സൂപ്പര്‍ താരമായി വളരാന്‍ ഹംഗര്‍ഗേക്കര്‍ക്ക് സാധിച്ചേക്കും. ഒമ്പതാം നമ്പറില്‍ സിഎസ്‌കെയുടെ തന്നെ മതീഷ പതിരണക്കാണ് അവസരം. യോര്‍ക്കറുകള്‍ക്കൊണ്ട് വിസ്മയിപ്പിക്കുന്ന പതിരണ ഇത്തവണത്തെ സിഎസ്‌കെയുടെ കിരീടത്തിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായകമായിരുന്നു. 12 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.
10ാം നമ്പറില്‍ നൂര്‍ അഹമ്മദിനാണ് അവസരം. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് സ്പിന്നര്‍ നടത്തിയത്. 13 മത്സരത്തില്‍ നിന്ന് 16 വിക്കറ്റുകള്‍ അദ്ദേഹം നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുയാഷ് ശര്‍മയാണ് 11ാമന്‍. 11 മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് സ്പിന്നര്‍ നേടിയത്.