For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: തല്ലിത്തകര്‍ത്ത് ജയ്‌സ്വാള്‍, വെടിക്കെട്ടുമായി സഞ്ജു- കെകെആറിനെ തകര്‍ത്ത് രാജസ്ഥാന്‍

കൊല്‍ക്കത്ത: യശ്വസി ജയ്‌സ്വാളിന്റെയും സഞ്ജു സാംസണിന്റെയും ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്തടുക്കി രാജസ്ഥാന്‍ റോയല്‍സ്. ഒമ്പത് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും രാജകീയ ജയം സ്വന്തമാക്കിയത്. സ്വന്തം മണ്ണില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കെകെആര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ജയ്‌സ്വാള്‍ 47 പന്തില്‍ 12 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 98 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ സഞ്ജു സാംസണ്‍ 29 പന്തില്‍ 2 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 48* റണ്‍സുമായി മികച്ച പിന്തുണയേകി. 121 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സൃഷ്ടിച്ചത്. യുസ് വേന്ദ്ര ചഹാലിന്റെ നാല് വിക്കറ്റ് പ്രകടനവും രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായകമായി.

Yashasvi Jaiswal

150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ആദ്യ ഓവറില്‍ത്തന്നെ ഞെട്ടിച്ചു. അപ്രതീക്ഷിത നീക്കമെന്നോളം ആദ്യ ഓവര്‍ എറിയാനെത്തിയ നിധീഷ് റാണയെ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 26 റണ്‍സുമായാണ് യശ്വസി ജയ്‌സ്വാള്‍ വരവേറ്റത്. എന്നാല്‍ രണ്ടാം ഓവറില്‍ ജയ്‌സ്വാളുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ജോസ് ബട്‌ലര്‍ ഡെക്കിന് പുറത്തായി. മൂന്ന് പന്ത് നേരിട്ട ബട്‌ലര്‍ ആന്‍ഡ്രേ റസലിന്റെ ത്രോയിലാണ് റണ്ണൗട്ടായത്.

ഒരുവശത്ത് അടിതുടര്‍ന്ന ജയ്‌സ്വാള്‍ അതിവേഗം റണ്‍സുയര്‍ത്തി. വെറും 13 പന്തിലാണ് താരം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. പിന്നീടൊത്തുചേര്‍ന്ന സഞ്ജു സാംസണും ജയ്‌സ്വാളും ചേര്‍ന്ന് അതിവേഗം റണ്‍സുയര്‍ത്തി. അടിതുടര്‍ന്ന ജയ്‌സ്വാള്‍ കെകെആര്‍ ബൗളര്‍മാര്‍ക്ക് മുകളില്‍ സമ്പൂര്‍ണ്ണ ആധിപത്യം കാട്ടി. സഞ്ജു സാംസണിന്റെ അനായാസ ക്യാച്ച് സ്വന്തം ബൗളിങ്ങില്‍ സുനില്‍ നരെയ്ന്‍ നഷ്ടപ്പെടുത്തി. സഞ്ജു സ്പിന്നര്‍മാരെ കടന്നാക്രമിച്ചതോടെ അതിവേഗത്തില്‍ രാജസ്ഥാന്‍ വിജയത്തിലേക്കെത്തുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കെകെആറിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സുള്ളപ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ ജേസന്‍ റോയ് മടങ്ങി. 8 പന്തില്‍ 2 ബൗണ്ടറിയടക്കം 10 റണ്‍സെടുത്ത റോയിയെ ട്രന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. ബോള്‍ട്ടിന്റെ സ്ലോ കട്ടറില്‍ സിക്‌സറിന് ശ്രമിച്ച റോയിയെ ബൗണ്ടറി ലൈനിനരികെ തകര്‍പ്പന്‍ ക്യാച്ചില്‍ ഷിംറോന്‍ ഹെറ്റ്‌മെയറാണ് പുറത്താക്കിയത്.

റഹ്‌മാനുല്ല ഗുര്‍ബാസ് സന്ദീപ് ശര്‍മയെ രണ്ട് തുടര്‍ സിക്‌സുകള്‍ ഉള്‍പ്പെടെ പറത്തി കെകെആറിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ബോള്‍ട്ട് വീണ്ടും രാജസ്ഥാന്റെ രക്ഷക്കെത്തി. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ സന്ദീപ് ശര്‍മയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഗുര്‍ബാസ് പുറത്തായത്. 12 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 18 റണ്‍സാണ് ഗുര്‍ബാസിന്റെ സമ്പാദ്യം.

പിന്നീടൊത്തുചേര്‍ന്ന വെങ്കടേഷ് അയ്യരും നിധീഷ് റാണയും ചേര്‍ന്ന് ടീമിന് അടിത്തറ പാകാന്‍ ശ്രമിച്ചു. ജോ റൂട്ടിനെയടക്കം ഉപയോഗിച്ച് കൃത്യമായി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനായി. 29 പന്തുകള്‍ ബൗണ്ടറിയില്ലാതെ കെകെആറിനെ കളിക്കേണ്ടി വന്നു. വെങ്കടേഷ് അയ്യര്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തി കെകെആറിന്റെ റണ്‍റേറ്റ് കുറച്ചു. എട്ട് ഓവറിലാണ് കെകെആര്‍ 50 റണ്‍സ് പൂര്‍ത്തിയാക്കിയത്.

yuzvendra chahal

എന്നാല്‍ ഒമ്പതാം ഓവറിന് ശേഷം വെങ്കടേഷ് താളം കണ്ടെത്തി. 10ാം ഓവര്‍ എറിയാനെത്തിയ ആര്‍ അശ്വിനെ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ വെങ്കടേഷ് പറത്തി. നിധീഷ് റാണ ഒരു ബൗണ്ടറിയും പിറന്നതോടെ 10ാം ഓവറില്‍ 18 റണ്‍സ് പിറന്നു. പിടിച്ചുനിന്ന നിധീഷിനെ (17 പന്തില്‍ 22) യുസ് വേന്ദ്ര ചഹാല്‍ ഹെറ്റ്‌മെയറുടെ കൈയിലെത്തിച്ചു. ഇതോടെ 184 വിക്കറ്റുമായി ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തേക്കെത്താനും ചഹാലിന് സാധിച്ചു.

ആന്‍ഡ്രേ റസല്‍ (10 പന്തില്‍ 10) നിരാശപ്പെടുത്തി മടങ്ങി. കെ എം ആസിഫിന്റെ പന്തില്‍ ആര്‍ അശ്വിന്റെ ക്യാച്ചിലാണ് റസലിന്റെ മടക്കം. പതിയെ തുടങ്ങിയ വെങ്കടേഷ് പിന്നീട് താളം കണ്ടെത്തി റണ്‍സുയര്‍ത്തി. മികച്ച ഷോട്ടുകളിലൂടെ താരം റണ്‍സുയര്‍ത്തി. 42 പന്തില്‍ 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 57 റണ്‍സ് നേടിയ വെങ്കടേഷിനെ പുറത്താക്കി ചഹാല്‍ വീണ്ടും കൈയടി നേടി. ഇതേ ഓവറില്‍ ശര്‍ദുല്‍ ഠാക്കൂറിനെയും (2 പന്തില്‍ 1) ചഹാല്‍ മടക്കി അയച്ചു.

ചഹാലിനെ സ്വീപ് ഷോട്ടിന് ശ്രമിച്ച ശര്‍ദുലിന് പിഴച്ചെങ്കിലും അംപയര്‍ ഔട്ട് അനുവദിച്ചില്ല. റിവ്യൂവിലൂടെയാണ് ശര്‍ദുലിന്റെ വിക്കറ്റ് നേടിയെടുത്തത്. 19ാം ഓവര്‍ എറിയാനെത്തിയ ചഹാല്‍ റിങ്കു സിങ്ങിനെയും (18 പന്തില്‍ 16) പുറത്താക്കി. വമ്പനടിക്കാരനായ റിങ്കുവിന്റെ സീസണിലെ മോശം ബാറ്റിങ് പ്രകടനങ്ങളിലൊന്നായിരുന്നു ഇത്.

അവസാന ഓവറില്‍ സുനില്‍ നരെയ്‌നെ (5 പന്തില്‍ 6) സന്ദീപ് ശര്‍മയും പുറത്താക്കി. ഇതോടെ 8 വിക്കറ്റിന് 149 എന്ന ശരാശരി സ്‌കോറിലേക്ക് കെകെആര്‍ ഒതുങ്ങി. രാജസ്ഥാനായി ചഹാല്‍ നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയപ്പോള്‍ ട്രന്റ് ബോള്‍ട്ട് രണ്ടും സന്ദീപ് ശര്‍മയും കെ എം ആസിഫും ഒാരോ വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11- കെകെആര്‍- ജേസന്‍ റോയ്, റഹ്‌മാനുല്ല ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍, നിധീഷ് റാണ (c), ആന്‍ഡ്രേ റസല്‍, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, ശര്‍ദുല്‍ ഠാക്കൂര്‍, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (c), ജോ റൂട്ട്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, സന്ദീപ് ശര്‍മ, കെ എം ആസിഫ്, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍

Story first published: Thursday, May 11, 2023, 12:06 [IST]
Other articles published on May 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+