ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഈ സീസണ്‍ വളരെ സ്‌പെഷ്യലാണ്. കാരണം അവര്‍ക്കു പ്രിയപ്പെട്ട നായകന്‍ 'തല' എംഎസ് ധോണിക്കു ഇതു അവസാന ഊഴമാണ്. ഈ സീസണ്‍ അദ്ദേഹത്തിന്റെ അവസാനത്തേത് ആയിരിക്കുമെന്നു നേരത്തേ തന്നേ സിഎസ്‌കെ അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 41 കാരനായ ധോണിയെ കിരീട വിജയത്തോടെ തന്നെ യാത്രയയക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ. ധോണി കസേര ഒഴിയുന്നതോടെ അടുത്ത ക്യാപ്റ്റന്‍ ആരെന്നതാവും സിഎസ്‌കെയ്ക്കു മുന്നിലുള്ള പ്രധാന ചോദ്യം.
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയായിരുന്നു എംഎസ് ധോണിയുടെ പിന്‍ഗാമിയായി നായകസ്ഥാനത്തേക്കും നേരത്തേ സിഎസ്‌കെ കണ്ടുവച്ചിരുന്നത്. ധോണിക്കും അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ സീസണിനു തൊട്ടുമുമ്പ് ധോണി ക്യാപ്റ്റന്‍സിയൊഴിയുകയും ചുമതല ജഡ്ഡുവിനെ ഏല്‍പ്പിക്കുകയും ചെയ്തത്. പക്ഷെ നായകനെന്ന നിലയില്‍ അദ്ദേഹം വന്‍ പരാജയമായി. മാത്രമല്ല ജഡേജയുടെ ഫോമിനെയും ഇതു ബാധിച്ചു. ഇതേ തുടര്‍ന്നു സീസണിന്റെ പകുതിയോടെ അദ്ദേഹം സ്ഥാനമൊഴിയുകയുമായിരുന്നു. തുടര്‍ന്നു ധോണി വീണ്ടും ചുമതലയേറ്റെടുക്കുകയും ചെയ്തു.

അതുകൊണ്ടു തന്നെ ജഡേയയെ വീണ്ടും നായകസ്ഥാനത്തേക്കു ഇനി സിഎസ്‌കെ പരിഗണിക്കാനിടയില്ല. നിലവില്‍ പുതിയ ക്യാപ്റ്റനെക്കുറിച്ച് അവര്‍ സൂചനകളൊന്നും നല്‍കിയിട്ടില്ല. ഈ സീസണില്‍ ടീമിലേക്കു വന്ന ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പേരാണ് നായകസ്ഥാനത്തേക്കു ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. പക്ഷെ ടീമില്‍ ഇപ്പോഴും തന്റെ സ്ഥാനമുറപ്പിക്കാനോ, ഇംപാക്ടുണ്ടാക്കാനോ അദ്ദേഹത്തിനായിട്ടില്ല. മാത്രമല്ല ഫിറ്റ്‌നസ് പ്രശ്‌നങ്ങളും സ്റ്റോക്‌സിനെ അലട്ടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ധോണിക്കു ശേഷം അദ്ദേഹത്തിനു നായകസ്ഥാനം നല്‍കണമോയെന്നതിനെക്കുറിച്ച് സിഎസ്‌കെ ഗൗരവമായി തന്നെ ആലോചിക്കും.
പക്ഷെ ബെന്‍ സ്റ്റോക്‌സിനേക്കാള്‍ അനുയോജ്യനായ മറ്റൊരു ക്യാപ്റ്റന്‍സി ഓപ്ഷന്‍ സിഎസ്‌കെ ടീമിലുണ്ട്, അതു യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ്. വളരെ പെട്ടെന്നു തന്നെ സിഎസ്‌കെ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയ താരമാണ് ഈ മഹാരാഷ്ട്രക്കാരന്‍. 2021ലെ ഐപിഎല്ലില്‍ സിഎസ്‌കെ നാലാം കിരീടമുയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ്‍ റുതുരാജായിരുന്നു. റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു.

സിഎസ്‌കെയ്‌ക്കൊപ്പം 26കാരനായ റുതുരാജിന് ഇതു നാലാമത്തെ സീസണാണ്. ഇതുവരെ 39 ഇന്നിങ്‌സുകളില്‍ കളിച്ച താരം 41.06 ശരാശരിയില്‍ 133 സ്‌ട്രൈക്ക് റേറ്റോടെ 1396 റണ്‍സെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും 12 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. നിലവിലെ ക്യാപ്റ്റന്‍ എംഎസ് ധോണിക്കുള്ള എല്ലാ കഴിവുകളും റുതുരാജിനുണ്ടെന്നായിരുന്നു നേരത്തേ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടത്. ക്യാപ്റ്റനെന്ന നിലയില്‍ മോശമല്ലാത്ത അനുഭവസമ്പത്ത് റുതുരാജിനുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ നിലവില്‍ മഹാരാഷ്ട്ര ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹമാണ്.
2022ലെ വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്ര ഫൈനലിലെത്തിയപ്പോള്‍ ടീമിനെ നയിച്ചത് റുതുരാജായിരുന്നു. അന്നു ടൂര്‍ണമെന്റിലെ ഒമ്പതു മല്‍സരങ്ങളില്‍ എട്ടിലും ടീമിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ഫൈനലില്‍ സൗരാഷ്ട്രയോടു മാത്രമായിരുന്നു റുതുരാജിനു ഏക പരാജയം നേരിട്ടത്. ടി20 ക്യാപ്റ്റന്‍സിയെടുത്താല്‍ മഹാരാഷ്ട്രയെ 13 മല്‍സരങ്ങളിലാണ് അദ്ദേഹം നയിച്ചിട്ടുള്ളത്. ഇതില്‍ എട്ടെണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു.
തീര്‍ച്ചയായും സിഎസ്‌കെയ്ക്കു ഏറ്റവും അനുയോജ്യനായ ക്യാപ്റ്റന്‍ തന്നെയാണ് റുതുരാജ്. പ്രായം കുറവാണെന്നതും ഇന്ത്യന്‍ താരമാണെന്നതും അദ്ദേഹത്തിനു പ്ലസ് പോയിന്റുകളുമാണ്. ചെറുപ്പമായതിനാല്‍ തന്നെ ദീര്‍ഘകാലത്തേക്കു ക്യാപ്റ്റനായി സിഎസ്‌കെയ്ക്കു റുതുരാജിനെ ലഭിക്കുകയും ചെയ്യും. വിരമിച്ച ശേഷം എംഎസ് ധോണി സിഎസ്‌കെ ടീമിന്റെ ഉപദേശകനായി വരാനുള്ള സാധ്യത കൂടുതലാണ്. അദ്ദേഹത്തിനു കീഴില്‍ റുതുരാജ് കൂടുതല്‍ മികച്ച ക്യാപ്റ്റനായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.