പഞ്ചാബ് കിങ്‌സിന്റെ യുവ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ ഈ സീസണില്‍ ടീമിനായി ചില തീപ്പൊരി പ്രകടനങ്ങള്‍ കാഴ്ചവച്ചിരുന്നു. കഴിഞ്ഞ സീസണിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും ഈ സീസണിലാണ് കൂടുതല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചത്. ക്രീസിലെത്തിയാല്‍ ആദ്യത്തെ ബോള്‍ മുതല്‍ ആഞ്ഞടിക്കാനുള്ള കഴിവാണ് ജിതേഷിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്.
ടി20 ഫോര്‍മാറ്റിനു ഇത്തരം താരങ്ങള്‍ ഒഴിച്ചുകൂടാനാവാത്തവര്‍ ആയതു കൊണ്ടു തന്നെ അദ്ദേഹത്തിനു വലിയ ഹൈപ്പ് കിട്ടുകയും ചെയ്തു. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരേക്കാള്‍ മുകളിലാണ് ഇഷാനെന്നു പോലും ചിലര്‍ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. പക്ഷെ യഥാര്‍ഥത്തില്‍ ഇത്ര മാത്രം ഹൈപ്പ് ജിതേഷ് അര്‍ഹിക്കുന്നുണ്ടോയെന്നതാണ് ചോദ്യം. ചില കാര്യങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ ഇല്ലെന്നു തന്നെയായിരിക്കും ഇതിന്റെ മറുപടി.

ആഭ്യന്തര ക്രിക്കറ്റില്‍ ജിതേഷ് നേരത്തേ തന്നെ കളിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായതോടെയാണ്. ഈ വര്‍ഷമാദ്യം ശ്രീലങ്കയുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയിലും അദ്ദേഹത്തിനു അപ്രതീക്ഷിതമായി ടീമില്‍ ഇടം ലഭിച്ചിരുന്നു. ആദ്യ ടി20യില്‍ ഫീല്‍ഡിങിനിടെ സഞ്ജു സാംസണിനു പരിക്കേല്‍ക്കുകയും തുടര്‍ന്നു പരമ്പരയില്‍ നിന്നും പിന്മാറുകയും ചെയ്തതോടെ പകരം ജിതേഷിനെ ടീമിലെടുക്കുകയായിരുന്നു. പക്ഷെ അരങ്ങേറാനുള്ള അവസരം താരത്തിനു ലഭിച്ചില്ല.
ജിതേഷ് ശര്‍മയുടെ ഐപിഎല്‍ കരിയറെടുത്താല്‍ രണ്ടാമത്തെ സീസണ്‍ മാത്രമാണ് ഇപ്പോഴത്തേത്. നേരത്തേ അദ്ദേഹം മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നെങ്കിലും അരങ്ങേറാന്‍ സാധിച്ചില്ല. എന്നാല്‍ പഞ്ചാബ് കിങ്‌സിലെത്തിയതോടെ സമയം തെളിയുകയായിരുന്നു. പക്ഷെ ഐപിഎല്ലില്‍ ഇനിയുമൊരു മാച്ച് വിന്നറാണെന്നു തെളിയിക്കാന്‍ ജിതേഷിനു സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതുവരെ ഒരു മാച്ചില്‍പ്പോലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. ഒരു മല്‍സരം പോലും പഞ്ചാബിനു വേണ്ടി ഫിനിഷ് ചെയ്യാനും ജിതേഷിനു കഴിഞ്ഞിട്ടില്ല.
കൂടാതെ ഐപിഎല്ലില്‍ ഇതുവരെ ഒരു ഫിഫ്റ്റി പോലും അവകാശപ്പെടാനില്ലാത്ത താരം കൂടിയാണ് അദ്ദേഹം. പുറത്താവാതെ നേടിയ 49 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 10 ബോളില്‍ 20, 20 ബോളില്‍ 40 പോലെയുള്ള ഇന്നിങ്‌സുകളാണ് ജിതേഷ് ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. എന്നാല്‍ അതുകൊണ്ടു മാത്രം അദ്ദേഹംഇന്ത്യന്‍ ടീമില്‍ ഫിനിഷറായി വേണമെന്നും സഞ്ജു, ഇഷാന്‍, റിഷഭ് പന്ത് എന്നിവരെക്കാളെല്ലാം മിടുക്കനാണെന്നു എങ്ങനെ പറയാന്‍ സാധിക്കും?

ഐപിഎല്ലില്‍ ജിതേഷ് ശര്‍മയുടെ ഇതുവരെയുള്ള സമ്പാദ്യം 25 മല്‍സരങ്ങളില്‍ നിന്നും 499 റണ്‍സാണ്. കഴിഞ്ഞ സീസണിലേക്കാള്‍ റണ്‍സ് അദ്ദേഹത്തിനു ഇത്തവണ നേടാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 12 മല്‍സരങ്ങളില്‍ നിന്നും ജിതേഷ് നേടിയത് 234 റണ്‍സായിരുന്നു. ശരാശരി 29.65ഉം സ്‌ട്രൈക്ക് റേറ്റ് 163.64ഉം ആയിരുന്നു. ഉയര്‍ന്ന സ്‌കോര്‍ 44 റണ്‍സായിരുന്നു.
22 ഫോറും 12 സിക്‌സറും താരം നേടുകയും ചെയ്തു. എന്നാല്‍ ഈ സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്നും ജിതേഷിന്റെ സമ്പാദ്യം 265 റണ്‍സാണ്. 22.08 ശരാശരിയില്‍ 155.88 സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 49 റണ്‍സാണ്. 19 ഫോറും 18 സിസ്സറുകളുമാണ് അദ്ദേഹം ഇത്തവണ ഇതിനകം നേടിയിരിക്കുന്നത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അസാന മല്‍സരം ജിതേഷ് ശര്‍മയെ സംബന്ധിച്ച് ഹീറോയാവാനുള്ള ഏറ്റവും മികച്ച അവസരമായിരുന്നു. 214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ അഞ്ചാമനായിട്ടാണ് ജിതേഷ് ക്രീസിലെത്തിയത്. റണ്ണെടുക്കാന്‍ വിഷമിച്ച അതര്‍വ്വ ടെയ്‌ഡെ (55) റിട്ടയേര്‍ഡ് ഔട്ടായ ശേഷം ജിതേഷിനെ പഞ്ചാബ് ക്രീസിലേക്ക് അയക്കുകയായിരുന്നു.
പക്ഷെ യാതൊരു ചലനവും സൃഷ്ടിക്കതെ മൂന്നാമത്തെ ബോളില്‍ തന്നെ അക്കൗണ്ട് തുറക്കും മുമ്പ് അദ്ദേഹം പുറത്താവുകയായിരുന്നു. അതുകൊണ്ടു തന്നെ ജിതേഷിനെക്കുറിച്ച് ഇനിയും ഓവര്‍ ഹൈപ്പുണ്ടാക്കാതാതെ കൂടുതല്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നതു വരെ കാത്തിരിക്കുന്നതായിരിക്കും ഉചിതം.