ഐപിഎല്ലിന്റെ 16ാം സീസണ്‍ അടുത്തു കൊണ്ടിരിക്കെ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ചൂടുപിടിക്കുകയാണ്. കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയാണ് ഇതിനു വഴിയൊരുക്കിയത്. ഹാട്രിക്ക് ഗോള്‍ഡന്‍ ഡെക്കുകളുമായി സൂര്യ പരമ്പരയില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരുന്നു. ഇതോടൊണ് ശ്രേയസ് അയ്യര്‍ക്കു പകരം എന്തുകൊണ്ട് സഞ്ജുവിനെ കളിപ്പിച്ചില്ലെന്ന ചോദ്യമുയര്‍ന്നത്. സൂര്യക്കും ടീം മാനേജ്‌മെന്റിനുമെതിരേ ആരാധകര്‍ രൂക്ഷമായ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സഞ്ജുവും സൂര്യയും ഐപിഎല്ലില്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം മികവ് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

സൂര്യക്കു മാത്രമല്ല സഞ്ജുവിനും ഈ സീസണിലെ ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പം പഴയ ഫോം വീണ്ടെടുത്ത് ഒരിക്കല്‍ക്കൂടി ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് സൂര്യയുടെ ലക്ഷ്യം. അതോടൊപ്പം ഏകദിന പരമ്പരയിലേറ്റ നാണക്കേട് മായ്ക്കുകയും വീണ്ടും ടീമിലേക്കു അവകാശവാദമുന്നയിക്കുകയും വേണം. സഞ്ജുവിനെയാവട്ടെ ആരാധകര്‍ മാത്രമല്ല വിമര്‍ശകരും ഉറ്റുനോക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം മികച്ച പ്രകടനങ്ങളിലൂടെ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.
ഐപിഎല്ലില്‍ തന്റെ ബാറ്റിങ് മികവ് തെളിയിക്കാന്‍ ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളാണ് സഞ്ജുവിനുള്ളത്. ഒപ്പം ടീം പ്ലേഓഫിലേക്കും ഫൈനലിലേക്കും മുന്നേറിയാല്‍ പരമാവധി 17 മല്‍സരങ്ങള്‍ വരെ ലഭിക്കുകയും ചെയ്യും. റോയല്‍സിനായി മിന്നുന്ന പ്രകടനമാണ് കഴിഞ്ഞ കുറച്ചു സീസണുകളിലായി സഞ്ജു കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു സീസണുകളിലായി കുറഞ്ഞത് 1000 റണ്‍സെങ്കിലും നേടിയ ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ അവരില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ളത് സഞ്ജുവിനാണെന്നു കണക്കുകള്‍ പറയുന്നു.

സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ സൂര്യകുമാര്‍ യാദവിന്റെ പോലും വല്ല്യേട്ടനായി സഞ്ജു വരുമെന്നതാണ് കൗതുകകരമായ കാര്യം. കൂടാതെ സൂര്യയേക്കാള്‍ കൂടൂതല്‍ റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 146.01 സ്‌ട്രൈക്ക് റേറ്റുമായിട്ടാണ് സഞ്ജു ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. സൂര്യ ഒരുപാട് പിറകിലല്ല. 144.74 സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ട്. കൂടാതെ സൂര്യയേക്കാള്‍ കൂടുതല്‍ റണ്ണെടുത്തിരിക്കുന്നതും സഞ്ജുവാണ്. 1317 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കില്‍ സ്‌കൈയുടെ സമ്പാദ്യം 1100 റണ്‍സുമാണ്.

സ്‌ട്രൈക്ക് റേറ്റില്‍ മൂന്നാംസ്ഥാനത്തു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ രാഹുല്‍ ത്രിപാഠിയാണ്. 143.45 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയിരിക്കുന്നത് 1040 റണ്‍സാണ്. നാലാംസ്ഥാനം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തന്നെ മായങ്ക് അഗര്‍വാളിനാണ്. 142.42 സ്‌ട്രൈക്ക്‌റേറ്റില്‍ താരം സ്‌കോര്‍ ചെയ്തത് 1061 റണ്‍സാണ്. 134.27 സ്‌ട്രൈക്ക് റേറ്റുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ അഞ്ചാംസ്ഥാനത്തും നില്‍ക്കുന്നു. പക്ഷെ സ്‌കോര്‍ ചെയ്ത റണ്‍സ് നോക്കുകയാണെങ്കില്‍ മറ്റു നാലു പേരുടെയും മുകളിലാണ് അദ്ദേഹം. 1912 റണ്‍സ് ഈ കാലയളവില്‍ രാഹുല്‍ അടിച്ചെടുത്തിട്ടുണ്ട്.