ടി20 ക്രിക്കറ്റിലെ അതിവേഗ ഫിഫ്റ്റിയെന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ ലോക റെക്കോര്‍ഡ് വര്‍ഷങ്ങളേറെ പിന്നിട്ടിട്ടും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം.
അന്നു ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറു ബോളും സിക്‌സറിലേക്കു പറത്തി യുവി ലോകത്തെ ഞെട്ടിക്കുകയും ചെയ്തു. അന്താരാഷ്ട്ര ടി20യില്‍ 12 ബോളില്‍ ഫിഫ്റ്റിയെന്ന യുവിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇതു വരെ ആര്‍ക്കുമായിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനായി കളിക്കവെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ 12 ബോളില്‍ ഫിഫ്റ്റിയുമായി കസറിയിരുന്നു.

ഐപിഎല്ലിന്റെ ഈ സീസണിലൂടെ വമ്പനടിക്കാരായ ഇന്ത്യയുടെ ചില യുവതാരങ്ങള്‍ ഉയര്‍ന്നു വന്നതായി നമുക്കു കാണാന്‍ സാധിക്കും. ഇവരില്‍ പലരും വൈകാതെ തന്നെ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കൂട്ടത്തില്‍ യുവരാജ് സിങിന്റെ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ മിടുക്കുള്ള യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിര ബാറ്റര്‍ തിലക് വര്‍മയാണ് ആദ്യത്തെയാള്‍. 2022ലെ ഐപിഎല്ലിലൂടെ അരങ്ങേറിയ താരം ഇത്തവണയും മുംബൈയ്ക്കായി മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ 131 ആയിരുന്നു സ്‌ട്രൈക്ക് റേറ്റെങ്കില്‍ തിലക് ഇത്തവണ അതു 158.4 ആയി ഉയര്‍ത്തിയിരിക്കുകയാണ്. യുവരാജ് സിങിന്റെ കടുത്ത ആരാധകന്‍ കൂടിയായ ഇടം കൈയന്‍ ബാറ്റര്‍ വൈകാതെ തന്നെ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ കണ്ടെത്തലായ ധ്രുവ് ജുറേലാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. ഫിനിഷറുടെ റോളില്‍ ഇത്തവണ ചില തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ ഫിനിഷിങില്‍ ജുറേല്‍ കൈയടി നേടിയിരുന്നു. താരത്തിന്റെ കന്നി ഐപിഎല്‍ സീസണ്‍ കൂടിയണിത്. 183.12 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയാണ് ജുറേല്‍ സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
ഡെത്ത് ഓവറുകളിലാണ് താരം കൂടുതല്‍ അപകടകാരിയായി മാറുന്നത്. 195.7 സ്‌ട്രൈക്ക് റേറ്റ് ജുറേലിനു അവസാന ഓവറുകളിലുണ്ട്. അനായാസം സിക്‌സറുകളടിക്കാന്‍ ശേഷിയുള്ള താരത്തെ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയെന്നു പോലും പലരും വിശേഷിപ്പിക്കുന്നുണ്ട്.

പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ താരം. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. പേസിനെയും സ്പിന്‍ ബൗളിങിനെയും ഒരുപോലെ മികച്ച രീതിയില്‍ നേരിടാന്‍ ജിതേഷിനു സാധിക്കുന്നു. പേസര്‍മാര്‍ക്കെതിരേ 168.5ഉം സ്പിന്നര്‍മാര്‍ക്കെതിരേ 152.4ഉം സ്‌ട്രൈക്ക് റേറ്റുള്ള അദ്ദേഹത്തിനു യുവരാജ് സിങിന്റെ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശേഷിയുണ്ട്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫിനിഷര്‍ റിങ്കു സിങിനും 12 ബോളില്‍ ഫിഫ്റ്റിയടിച്ച് റെക്കോര്‍ഡിനൊപ്പമെത്താന്‍ കഴിയും. ഈ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തില്‍ യഷ് ദയാലെറിഞ്ഞ അവസാന ഓവറിലെ അഞ്ചു ബോളും സിക്‌സറിലേക്കു പായിച്ച് റിങ്കു കെകെആറിന്റെ ഹീറോയായി മാറിയിരുന്നു. എട്ടു ബോളില്‍ റിങ്കു വാരിക്കുട്ടിയത് 40 റണ്‍സായിരുന്നു. ഈ ഇന്നിങ്‌സ് പരിഗണിക്കുമ്പോള്‍ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് തകര്‍ക്കുക അദ്ദേഹത്തിനു അസാധ്യമല്ല.

രാജസ്ഥാന്‍ റോയല്‍സ് റണ്‍മെഷീനും യുവ ഓപ്പണറുമായ യശസ്വി ജയ്‌സ്വാളാണ് ഈ ലിസ്റ്റിലെ അഞ്ചാമത്തെയും അവസാനത്തെയും താരം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കഴിഞ്ഞ മാച്ചില്‍ റോല്‍സിനായി താരം റണ്‍ചേസില്‍ തീപ്പൊരി പ്രകടനം നടത്തിയിരുന്നു. വെറും 13 ബോളുകളിലാണ് അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
യുവരാജ് സിങിന്റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരം വെറുമൊരു ബോളിലാണ് ജയ്‌സ്വാളിനു നഷ്ടമായത്. ഓപ്പണറായതിനാല്‍ പവര്‍പ്ലേ ആനുകൂല്യം പരമാവധി മുതലെടുക്കാന്‍ ശ്രമിക്കാറുള്ള താരമാണ് അദ്ദേഹം. കരിയര്‍ സ്‌ട്രൈക്ക് റേറ്റ് 145.6 ആണെങ്കിലും പവര്‍പ്ലേയില്‍ ഇതു 169.6ലേക്കുയര്‍ത്താന്‍ ജയ്‌സ്വാളിനു സാധിക്കാറുണ്ട്.