മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന് കരുതി അവതരിപ്പിക്കപ്പെട്ട നിയമമാണ് ഇംപാക്ട് പ്ലയര്‍ നിയമം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നടത്തി വിജയിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംപാക്ട് പ്ലയര്‍ നിയമം ഐപിഎല്ലിലും അവതരിക്കപ്പെട്ടത്. മത്സരഫലത്തെ അപ്പാടെ മാറ്റിമറിക്കാന്‍ ഇംപാക്ട് പ്ലയര്‍ നിയമത്തിന് സാധിക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ലെന്നതാണ് വസ്തുത.
ഇംപാക്ട് താരങ്ങളായി പരിഗണിക്കപ്പെട്ടവരെല്ലാം വലിയ ഫ്‌ളോപ്പുകളായി എന്നതാണ് എടുത്തു പറയേണ്ടത്. ഇതുവരെ ടീമുകള്‍ ഇംപാക്ട് താരങ്ങളായി തിരഞ്ഞെടുത്തവരില്‍ ആര്‍ക്കും തന്നെ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ സാധിച്ചിട്ടില്ല. പല ടീമുകള്‍ക്കും ഇതുവരെ കൃത്യമായി നിയമം പോലും മനസിലായിട്ടില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാല് വിദേശ താരങ്ങള്‍ പ്ലേയിങ് 11ലുണ്ടെങ്കില്‍ ഇംപാക്ട് പ്ലയറായി വിദേശ താരത്തെ ഇറക്കാനാവില്ല.

എന്നാല്‍ ഈ പിഴവ് പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇംപാക്ട് പ്ലയറുടെ പട്ടിക തിരഞ്ഞെടുത്തപ്പോള്‍ വരുത്തുകയുണ്ടായി. ആദ്യത്തെ ഇംപാക്ട് പ്ലയറായത് സിഎസ്‌കെയുടെ തുഷാര്‍ ദെശപാണ്ഡെയാണ്. അണ്‍ക്യാപ്പഡ് പേസറെ പരിഗണിച്ച സിഎസ്‌കെയ്ക്ക് പിഴച്ചു. 3.2 ഓവറില്‍ 51 റണ്‍സാണ് ദേശപാണ്ഡെ വഴങ്ങിയത്. ഒരു വിക്കറ്റ് നേടിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ഈ വിക്കറ്റുകൊണ്ട് സാധിച്ചില്ല. അതുകൊണ്ട് തന്നെ ദേശപാണ്ഡെ ഫ്‌ളോപ്പ് ഇംപാക്ട് പ്ലയറായിരുന്നുവെന്ന് പറയാം.
സായ് സുദര്‍ശനാണ് മറ്റൊരു ഇംപാക്ട് താരം. 17 പന്തില്‍ 22 റണ്‍സാണ് സായിക്ക് നേടാനായത്. ഗുജറാത്ത് ടൈറ്റന്‍സ് താരം മികച്ച ഷോട്ടുകള്‍ കളിച്ചെങ്കിലും വലിയൊരു ഇംപാക്ട് സൃഷ്ടിച്ചില്ല. കെകെആര്‍ പഞ്ചാബ് കിങ്‌സിനെതിരേ ഇംപാക്ട് പ്ലയറായി ഉപയോഗിച്ചത് വെങ്കടേഷ് അയ്യരെയാണ്. ഓപ്പണറായ താരത്തെ നാലാം നമ്പറിലാണ് ഇംപാക്ട് താരമായി കെകെആര്‍ പരിഗണിച്ചത്. 28 പന്തില്‍ 34 റണ്‍സ് നേടിയെങ്കിലും ടീമിന്റെ വിജയത്തിന് സഹായിക്കുന്ന പ്രകടനം നടത്താനായില്ല.

അതുകൊണ്ട് തന്നെ ഇംപാക് താരമായി വെങ്കടേഷിനെ ഉപയോഗിച്ചതും മികച്ച നീക്കമെന്ന് വിശേഷിപ്പിക്കാനാവില്ല. കെകെആറിനെതിരേ പഞ്ചാബിന്റെ ഇംപാക്ട് പ്ലയര്‍ റിഷി ധവാനായിരുന്നു. മീഡിയം പേസ് ഓള്‍റൗണ്ടറെ ബൗളിങ്ങിലാണ് ഇംപാക്ട് താരമായി പഞ്ചാബ് പരിഗണിച്ചത്. ഒരു ഓവര്‍ മാത്രം പന്തെറിഞ്ഞ താരം 15 റണ്‍സാണ് വഴങ്ങിയത്. ഇംപാക്ട് താരമെന്ന നിലയില്‍ റിഷിയും ഫ്‌ളോപ്പാണെന്ന് പറയാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇംപാക്ട് താരമായി ഇറക്കിയത് അബ്ദുല്‍ സമദിനെയാണ്.
രാജസ്ഥാനെതിരേ ഹൈദരാബാദ് ബാറ്റിങ് തകര്‍ച്ച നേരിട്ട മത്സരത്തില്‍ 32 പന്തില്‍ 32 റണ്‍സാണ് സമദ് നേടിയത്. മത്സരത്തിന്റെ സാഹചര്യത്തില്‍ സമദിന്റെ പ്രകടനം മോശമല്ലായിരുന്നു. എന്നാല്‍ ടി20യില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനാവാത്തതിനാല്‍ത്തന്നെ സമദിന്റെ പ്രകടനവും വലിയ ഇംപാക്ട് സൃഷ്ടിക്കുന്നതാണെന്ന് പറയാനാവില്ല. രാജസ്ഥാന്‍ റോയല്‍സ് ഇംപാക്ട് താരമായി ഉപയോഗിച്ചത് നവദീപ് സൈനിയെയാണ്. ഡെത്ത് ഓവറിലേക്കായി പരിഗണിച്ച സൈനി ഫ്‌ളോപ്പാവുന്നതാണ് കണ്ടത്. രണ്ട് ഓവര്‍ പന്തെറിഞ്ഞ് 34 റണ്‍സ് വഴങ്ങിയ പേസര്‍ക്ക് വിക്കറ്റും നേടാനായില്ല.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മുംബൈ ഇന്ത്യന്‍സ് ഇംപാക്ട് താരമായി ഉപയോഗിച്ചത് ജേസന്‍ ബെഹറന്‍ഡോര്‍ഫിനെയാണ്. ഇടം കൈയന്‍ പേസറും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതല്‍ തല്ലുവാങ്ങിയ താരം 3 ഓവറില്‍ 37 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇതുവരെ പരിഗണിച്ച ഇംപാക്ട് താരങ്ങളെല്ലാം നിരാശപ്പെടുത്തി. വരുന്ന മത്സരങ്ങളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് കണ്ടറിയാം.