ജയ്പൂര്‍: അവസാന സീസണിലെ റണ്ണറപ്പുകളാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ അവസാന സീസണിലെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടാണ് തോറ്റത്. വലിയൊരു സംഘം പ്രതിഭകളാല്‍ നിറഞ്ഞ ടീമാണ് രാജസ്ഥാന്‍. വലിയ ആരാധക പിന്തുണയുള്ള സഞ്ജു സാംസണ്‍ രാജസ്ഥാന്റെ കപ്പിത്താനാവുന്നതും ടീമിന്റെ ആരാധക പിന്തുണ ഉയര്‍ത്തുന്ന കാര്യം. അവസാന സീസണില്‍ കൈയകലത്ത് നഷ്ടപ്പെട്ടത് ഇത്തവണ രാജസ്ഥാന് തിരിച്ചുപിടിക്കണം.

ഫൈനലില്‍ പിഴച്ച് നഷ്ടപ്പെട്ട കിരീടത്തിലേക്ക് ഇത്തവണ വീണ്ടും ഓടിക്കയറാന്‍ രാജസ്ഥാന് കരുത്തേറെ. പരിമിതികള്‍ക്കുള്ളില്‍ നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരാണെന്ന് പ്രഥമ സീസണില്‍ത്തന്നെ തെളിയിച്ചവരാണ് രാജസ്ഥാന്‍. ഇത്തവണ ഐപിഎല്ലില്‍ ഇംപാക്ട് പ്ലയര്‍ നിയമം വരുന്നത് രാജസ്ഥാനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. ടീമിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരം ഇംപാക്ട് പ്ലയറിലൂടെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.
അവസാന സീസണില്‍ ടീമിന് വലിയ തലവേദനയായ ചോദ്യത്തിനുള്ള ഉത്തരമായി ടീം കണ്ടെത്തിയ താരമായിരിക്കും ഇത്തവണത്തെ രാജസ്ഥാന്റെ ഇംപാക്ട് പ്ലയര്‍. അത് മറ്റാരുമല്ല ജേസണ്‍ ഹോള്‍ഡറാണ്. അവസാന സീസണില്‍ രാജസ്ഥാനെ പിന്നോട്ടടിച്ച പ്രധാന കാര്യം മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. ബെന്‍ സ്‌റ്റോക്‌സിനെ വിട്ടുകളഞ്ഞ രാജസ്ഥാന് തല്‍സ്ഥാനത്തേക്ക് ഉത്തമ പകരക്കാരനെ കണ്ടെത്തേണ്ടിയിരുന്നു. അതാണ് ജേസണ്‍ ഹോള്‍ഡര്‍.

ഹോള്‍ഡറെ ഇംപാക്ട് പ്ലയറാക്കി ഉപയോഗിച്ചാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഉപയോഗപ്പെടും. നല്ല ഉയരമുള്ള ഹോള്‍ഡര്‍ സ്ലോ ബൗണ്‍സുകളിലൂടെ വിക്കറ്റ് നേടുന്ന താരമാണ്. ഈ മികവില്‍ രാജസ്ഥാന് പ്രതീക്ഷവെക്കുന്നു. അവസാന സീസണില്‍ രാജസ്ഥാന്റെ ടീം ടോട്ടലിന്റെ 97 ശതമാനവും ടോപ് ഓഡറില്‍ നിന്നായിരുന്നു. ഇത്തവണയും ടോപ് ഓഡറിനെ മാത്രം വിശ്വസിച്ചാല്‍ രാജസ്ഥാന് കപ്പിലേക്കെത്താനാവില്ല. അതുകൊണ്ട് തന്നെ ഹോള്‍ഡര്‍ രാജസ്ഥാന്റെ തുറുപ്പുചീട്ടായി മാറും.
ജോ റൂട്ടിനെ ടീമിലെത്തിച്ച രാജസ്ഥാന്‍ താരത്തെ എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാന ചോദ്യം. ദേവ്ദത്ത് പടിക്കലിനെ ഇത്തവണ പ്ലേയിങ് 11ലേക്ക് പരിഗണിക്കുന്നതിനോടും ടീം മാനേജ്‌മെന്റിന് വലിയ താല്‍പര്യം കാണില്ല. ഈ സാഹചര്യത്തില്‍ വലിയ പൊളിച്ചെഴുത്ത് രാജസ്ഥാന്‍ പ്ലേയിങ് 11ല്‍ പ്രതീക്ഷിക്കാം. ആര്‍ അശ്വിനിന്റെ ബാറ്റിങ്ങിനെ പരമാവധി പ്രയോജനപ്പെടുത്താല്‍ രാജസ്ഥാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ഹോള്‍ഡറെ കൊണ്ടുവരുന്നത്.
ഇത്തവണയും എതിരാളികളെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള പ്ലേയിങ് 11നെ കളത്തിലിറക്കാന്‍ രാജസ്ഥാന് സാധിക്കും. ജോസ് ബട്‌ലറിന്റെ അവസാന സീസണിലെ ഫോം ആവര്‍ത്തിക്കുമോയെന്നത് കണ്ടറിയാം. യശ്വസി ജയ്‌സ്വാള്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കവും രാജസ്ഥാന് കരുത്ത് നല്‍കും. മൂന്നാം നമ്പറില്‍ സഞ്ജു എത്താന്‍ സാധ്യത കൂടുതല്‍. എന്നാല്‍ നാലാം നമ്പറില്‍ ആരെന്നത് വലിയ ചോദ്യമായി തുടരും. ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളര്‍മാരാണ് രാജസ്ഥാന്റെ ശക്തി.

യുസ് വേന്ദ്ര ചഹാലിനൊപ്പം ആര്‍ അശ്വിനും കറക്കിവീഴ്ത്താനുണ്ട്. ആദം സാംബയേയും ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. കുമാര്‍ സംഗക്കാരയും ലസിത് മലിംഗയും ചേര്‍ന്ന് കളത്തിന് പുറത്ത് സ്പിന്‍ തന്ത്രങ്ങള്‍ മെനയാനാണ് സാധ്യത. പ്രസിദ്ധ് കൃഷ്ണയുടെ പരിക്ക് രാജസ്ഥാനെ സാരമായി ബാധിച്ചേക്കും. എന്നാല്‍ ട്രന്റ് ബോള്‍ട്ടിന്റെ ന്യൂബോളിലെ മികവ് പ്രതീക്ഷ ഉയര്‍ത്തുന്നു. ഒബെഡ് മക്കോയിക്ക് ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ നഷ്ടമാവുന്നത് രാജസ്ഥാന് ക്ഷീണമാണ്.
കുല്‍ദീപ് സെന്‍, നവദീപ് സൈനി എന്നിവരൊക്കെ അവസരത്തിനൊത്ത് ഉയരാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. എന്നാല്‍ രാജസ്ഥാന്റെ പ്രധാന പ്രശ്‌നം അമിത ഭാരം സഞ്ജുവിന്റെയും ബട്ട്‌ലറുടെയും ചുമലിലേക്ക് നല്‍കുന്നുവെന്നതാണ്. ഇത് അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് ഇത്തവണത്തെ സീസണ്‍ നിര്‍ണ്ണായകം. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ സഞ്ജുവിന് ഈ സീസണില്‍ ഗംഭീര പ്രകടനം നടത്തേണ്ടതായുണ്ട്.