ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായം ധരിച്ചപ്പോള്‍ ശിവം ദുബെയ്ക്കു എന്ത് സൂപ്പര്‍ പവറാണ് ലഭിച്ചത്? ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇപ്പോഴുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്നാണിത്. കാരണം 'ശരിക്കുമുള്ള' ദുബെ ഇങ്ങനെയെല്ലെന്നും ഒട്ടും ഫുട്ട്‌വര്‍ക്കില്ലാതെ പ്രതിമ പോലെ നിന്ന് ബാറ്റ് വീശി ഫ്‌ളോപ്പായി പരിഹാസമേറ്റു വാങ്ങിയ താരമാണെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ കളിച്ച ഫ്രാഞ്ചൈസികളിലൊന്നും യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ സാധിക്കാതെ പോയ അദ്ദേഹം ചെന്നൈയിലെത്തിയപ്പോള്‍ മറ്റാരെപ്പോലെയോ ആണ് കളിക്കുന്നതെന്നാണ് പലരുടെയും നിരീക്ഷണം.
സത്യത്തില്‍ മികച്ച ബാറ്റിങ് ടെക്‌നിക്ക് പോലുമില്ലാത്ത ശിവം ദുബെ എങ്ങനെയാണ് സിഎസ്‌കെയില്‍ ഇത്രയും വലിയ അപകടകാരിയായി മാറിയത്? ഇതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും സിഎസ്‌കെയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു തന്നെ അവകാശപ്പെട്ടതാണ്. കാരണം നേരത്തേ വിരാട് കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലും സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ റോയല്‍സിലും ദുബെ കളിച്ചിട്ടുണ്ട്. അവിടെ നിന്നെല്ലാം ഒഴിവാക്കപ്പെട്ട ശേഷമാണ് താരം സിഎസ്‌കെയിലെത്തുന്നത്.

കോലിയും സഞ്ജുവും ശ്രമിച്ചിട്ടു നടക്കാതെ പോയ കാര്യമാണ് എംഎസ് ധോണി നടത്തി കാണിച്ചുതന്നത്. താരത്തിനു ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കി, സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ധോണി കയറൂരിവിട്ടതാണ് ഇത്രയും മികച്ച പ്രകടനത്തിനു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐപിഎല്‍ കരിയറെടുത്താല്‍ ശിവം ദുബെയുടെ മൂന്നാമത്തെ ഫ്രാഞ്ചൈസിയണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2019, 20 സീസണുകളില്‍ അദ്ദേഹം ആര്‍സിബിയിലായിരുന്നു. അവര്‍ കൈവിട്ടതോടെ 2021ലെ ലേലത്തില്‍ ദുബെയെ റോയല്‍സ് വാങ്ങി. സഞ്ജു ക്യാപ്റ്റനായുള്ള ആദ്യത്തെ സീസണായിരുന്നു ഇത്.
ദുബെയെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ റോയല്‍സിനും കഴിഞ്ഞില്ല. സീസണിനു ശേഷം ഒഴിവാക്കിയ അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ സിഎസ്‌കെ സ്വന്തമാക്കുകയായിരുന്നു. ഐപിഎല്ലില്‍ ഫ്‌ളോപ്പായ ചരിത്രമുള്ള ദുബെയെ സിഎസ്‌കെ വാങ്ങിയപ്പോള്‍ അതു മണ്ടത്തരമാണെന്നു പലരും പരിഹസിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അവരെല്ലാം ഞെട്ടിയിരിക്കുകയാണ്.
ചെന്നൈയിലെത്തുന്നതിനു മുമ്പ് ബാംഗ്ലൂര്‍, റോയല്‍സ് ടീമുകളിലായി ശിവം ദുബെ ആകെ കളിച്ചത് 22 ഇന്നിങ്‌സുകളിലാണ്. ഇവയില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം നേടിയത് 399 റണ്‍സ് മാത്രം. എന്നാല്‍ സിഎസ്‌കെയില്‍ ഇതുവരെ 24 ഇന്നിങ്‌സുകളില്‍ നിന്നും ദുബെ വാരിക്കൂട്ടിയത് 675 റണ്‍സാണ്. അഞ്ചു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

2019ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ ദുബെയെ കളിപ്പിച്ചുള്ളൂ. ഇവയില്‍ നിന്നും നേടിയത് 41 റണ്‍സ് മാത്രമാണ്. 2020ല്‍ 11 മല്‍സരങ്ങളില്‍ അദ്ദേഹം പരീക്ഷിക്കപ്പെട്ടെങ്കിലും സ്‌കോര്‍ ചെയ്തത് 129 റണ്‍സ് മാത്രം. ഇതോടെയണ് ദുബെയെ ആര്‍സിബി പുറത്താക്കിയത്. 2021ല്‍ റോയല്‍സില്‍ ഒമ്പതു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 230 റണ്‍സെടുത്തിരുന്നു. പക്ഷെ സീസണിനു ശേഷം അദ്ദേഹത്തെ നിലനിര്‍ത്തേണ്ടെന്നു റോയല്‍സ് തീരുമാനിക്കുകയായികരുന്നു. അതിനു ശേഷമായിരുന്നു സിഎസ്‌കെയിലേക്കുള്ള വരവ്.
ചെന്നൈയ്ക്കു വേണ്ടി കഴിഞ്ഞ സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും 289 റണ്‍സായിരുന്നു ദുബെയുടെ സമ്പാദ്യം. പുറത്താവാതെ നേടിയ 95 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. രണ്ടു ഫിഫ്റ്റികളും അദ്ദേഹം സ്‌കോര്‍ ചെയ്തു. ഈ സീസണ്‍ ശിവം ദുബെയുടെ ഏറ്റവും മികച്ച സീസണായി മാറിയിരിക്കുകയാണ്. 15 മല്‍സരങ്ങളില്‍ നിന്നും 158.85 സ്‌ട്രൈക്ക് റേറ്റോടെ 386 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. മൂന്നു ഫിഫ്റ്റികളും താരം ഈ സീസണില്‍ കണ്ടെത്തി.
സിഎസ്‌കെയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും ദുബെയ്ക്കു സാധിച്ചു. സിക്‌സറുകളുടെ എണ്ണത്തില്‍ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം ഈ സീസണില്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം 33 സിക്‌സറുകള്‍ ദുബെ വാരിക്കൂട്ടിക്കഴിഞ്ഞു. മുമ്പൊരു സീസണിലും 20 സിക്‌സറുകള്‍ പോലും അദ്ദേഹം നേടിയിട്ടില്ല.